04 April Saturday

ഇനി കളി മാറും

വെബ് ഡെസ്‌ക്‌Updated: Monday Feb 17, 2020

നിർമാണത്തിലിരിക്കുന്ന സ്കേറ്റിങ് റിങ്ക്

കോഴിക്കോട്‌
സൗകര്യമില്ലാത്തതിനാൽ കുട്ടികൾ റോഡിലും നടപ്പാതകളിലും സ്‌കേറ്റിങ്‌ പരിശീലിക്കുന്നത്‌ നഗരത്തിലെ സ്ഥിരം കാഴ്‌ചയാണ്‌. എന്നാൽ ഇനി കളി മാറും. എരഞ്ഞിപ്പാലം ജവഹർ നഗർ കോളനിയിൽ കോർപറേഷന്റെ സ്ഥലത്ത്‌ സ്‌കേറ്റിങ്‌ റിങ്ക്‌ ഒരുങ്ങുകയാണ്‌.  സ്ഥലം നിരത്തി നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയതായി കൗൺസിലർ ടി സി ബിജുരാജ്‌ പറഞ്ഞു. 
സ്‌കേറ്റിങ്‌ ഉൾപ്പെടെയുള്ള കായിക ഇനങ്ങൾക്കായി 72 സെന്റ്‌ സ്ഥലത്താണ്‌  സൗകര്യമൊരുക്കുന്നത്‌. 60 ലക്ഷത്തിന്റെ പദ്ധതിയിൽ 20 ലക്ഷം സ്‌കേറ്റിങ്ങിനായി നീക്കിവയ്‌ക്കും. മറ്റ്‌ കളികൾക്കെല്ലാം ഗ്രൗണ്ട്‌ ലഭ്യമാണെങ്കിലും സ്‌കേറ്റിങ്‌ റിങ്ക്‌ ഇല്ല. അതിനാലാണ്‌ ഇതിന്‌ പ്രാധാന്യം നൽകിയത്‌.    
 ഭാവിവാഗ്‌ദാനങ്ങളായ നിരവധി താരങ്ങൾ ജില്ലയിലുണ്ട്‌. എന്നാൽ ഇവർക്ക്‌  ‌ പരിശീലിക്കാൻ റിങ്ക്‌ ‌ ഇല്ലാത്തത്‌ പ്രതിസന്ധി രൂക്ഷമാക്കുന്നു. ഇതിന്റെ പരിപാലനത്തിനായി റസിഡന്റ്‌സ്‌ അസോസിയേഷനുമായി ചേർന്ന്‌  സമിതിയുണ്ടാക്കും.  സൗജന്യമായാണ്‌ പ്രവേശനം.  സ്‌കേറ്റിങ്‌ ഇല്ലാത്ത സമയത്ത്‌ ഷട്ടിൽ കോർട്ടായും യോഗാ പരിശീലനത്തിനും   ഉപയോഗിക്കാം. 
കൂടാതെ ഇന്റർലോക്കോടെയുള്ള ജോഗിങ്‌ ട്രാക്ക്‌, പത്ത്‌ ഉപകരണങ്ങളോടെയുള്ള ഔട്ട്‌ഡോർ ജിം,  വിശാലമായ കവാടം,ലാൻഡ്‌ സ്‌കേപ്പ്‌ എന്നിവ ഒരുക്കും. ഡ്രസിങ്‌ റൂമും ടോയ്‌ലറ്റ്‌ സൗകര്യവുമുണ്ടാകും. അടുത്ത മാർച്ചോടെ  നിർമാണം പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം.
പ്രധാന വാർത്തകൾ
 Top