18 June Tuesday

ഇനിയില്ല വികസനവിരുദ്ധ ഭരണം; ചോറോട‌് എൽഡിഎഫിനൊപ്പം

സജീവൻ ചോറോട‌്Updated: Sunday Feb 17, 2019
 
വടകര 
സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികളോട്‌ മുഖംതിരിഞ്ഞുനിൽക്കുന്ന യുഡിഎഫ്‌‐ആർഎംപി ഭരണത്തിന്‌ ചോറോട് പഞ്ചായത്തിൽ അവസാനമായി. മൂന്നുവർഷത്തെ വികസന വിരുദ്ധ നടപടികൾക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടെയാണ‌് എൽഡിഎഫ്‌ അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായത‌്. 
21 അംഗ ഭരണസമിതിയിൽ സിപിഐ എമ്മിന്റെ ഒമ്പത്‌ അംഗങ്ങളാണ‌് എൽഡിഎഫിൽ ഉണ്ടായിരുന്നത‌്. ലോക‌്താന്ത്രിക‌് ജനതാദൾ മുന്നണിയിലെത്തിയതോടെ എൽഡിഎഫിന്‌ 11 അംഗങ്ങളുടെ പിന്തുണയായി. ഇതോടെ എട്ടിനെതിരെ 11 വോട്ടോടെയാണ്‌ അവിശ്വാസ പ്രമേയം പസായത്‌. 
മുസ്ലീംലീഗിലെ ഒരംഗം ബാലറ്റിൽ ഒപ്പിടാത്തതിനാൽ വോട്ട്‌ അസാധുവായി. കൃത്യസമയത്ത്‌ ഹാജരാകാത്ത ബിജെപിയുടെ ഏക അംഗം ശ്യാംരാജിന്‌ വോട്ടെടുപ്പിൽ പങ്കെടുക്കാനായില്ല. 25 മിനുട്ട്‌ വൈകിയെത്തിയ ശ്യാംരാജിന്‌ ഹാളിൽ പ്രവേശിക്കാൻ വരണാധികാരിയായ ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി ജീനാഭായ്‌ അനുമതി നിഷേധിക്കുകയായിരുന്നു. 
യുഡിഎഫ്‌‐ആർഎംപി സഖ്യത്തിന്‌ ഒമ്പത്‌ അംഗങ്ങളാണുള്ളത്‌. അവിശ്വാസ പ്രമേയ ചർച്ചയിൽ 19 അംഗങ്ങൾ പങ്കെടുത്തു. പഞ്ചായത്തിലെ വികസന മുരടിപ്പ്‌ ചർച്ചയിൽ അംഗങ്ങൾ വിശദീകരിച്ചു. ചർച്ചക്ക്‌  ശേഷം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ നളിനി രാജിനൽകാൻ ശ്രമിച്ചെങ്കിലും വരണാധികാരി സ്വീകരിച്ചില്ല. 
ചർച്ചക്ക്‌ ശേഷം രാജിവെക്കാൻ കഴിയില്ലെന്ന‌് വരണാധികാരി വ്യക്തമാക്കിയതിനെ തുടർന്ന‌്  വോട്ടെടുപ്പ‌് നടക്കുകയായിരുന്നു. ഇതിനുശേഷം വൈസ്‌ പ്രസിഡന്റ്‌ ഒ എം അസീസിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചക്ക്‌ എടുക്കും മുമ്പെ അസീസ്‌ രാജിവെച്ചതിനാൽ പ്രമേയം പാസായതായി പ്രഖ്യാപിക്കുകയായിരുന്നു. 
വികസനകാര്യ സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ എൽജെഡിയിലെ കെ കെ തുളസിക്ക്‌ പ്രസിഡന്റിന്റെ താൽക്കാലിക ചുമതല നൽകി. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള തീയതി പിന്നീട‌് പ്രഖ്യാപിക്കും. 
പഞ്ചായത്തിൽ വികസന പ്രവർത്തനങ്ങൾക്ക്‌ മുൻതൂക്കം നൽകി മെച്ചപ്പെട്ട ഭരണം കാഴ്‌ചവെക്കുമെന്ന്‌  കെ കെ തുളസിയും സിപിഐ എമ്മിലെ കെ കെ ബാബുവും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top