17 May Tuesday

സ്നേഹതീരത്ത് സുഖവാസം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022

"സ്നേഹതീരം " വൃദ്ധസദനം ടി കെ സലീം ഉദ്ഘാടനം ചെയ്യുന്നു

ഫറോക്ക്  

ചാലിയാറിന്റെ ഓരത്ത്  മനോഹരമായി നിർമിച്ച  സ്നേഹതീരത്ത് വയോധികരുടെ വാസം തുടങ്ങി. ഹൈദരാബാദ് കേന്ദ്രമായുള്ള കോയ ആൻഡ്‌  കമ്പനി കൺസ്ട്രക്‌ഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ടി കെ സലീം രാമനാട്ടുകര നഗരസഭയിലുൾപ്പെടുന്ന പരുത്തിപ്പാറയിൽ ഭൂമി വാങ്ങി ഒന്നരക്കോടി രൂപ ചെലവിട്ട്   നിർമിച്ച സ്നേഹതീരം വൃദ്ധസദനം  ടി കെ സലീം ഉദ്ഘാടനം ചെയ്തു.  
 മുല്ല, മല്ലിക, ചെമ്പകം, ചെമ്പരത്തി, സുഗന്ധി എന്നീ പൂക്കളുടെ പേരിൽ പത്തുപേരുടെ വിശാലമായ കിടപ്പുമുറികളിൽ കട്ടിലും കിടക്കയും ഒരുക്കി.   വിവിധ മതവിഭാഗങ്ങൾക്കായി പ്രാർത്ഥനാ മുറിയും ഒരുക്കിയിട്ടുണ്ട്‌. 
കേരള ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ വി എം കോയ, ഡോ. അൻവർ, അഡോറ എക്സിക്യൂട്ടീവ് ഡയറക്ടർ നർഗീസ് ബീഗം, എം സി അക്ബർ, സ്നേഹതീരം ചെയർമാൻ കെ യു അരുൺ, സിദ്ദീഖ് കോടമ്പുഴ, അദിനാൻ താമരശേരി,  പ്രേമൻ പറന്നാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
വൃദ്ധസദനത്തിന്റെ ഉദ്ഘാടനം നാടിന് ഉത്സവമായി. സമീപവാസികളും നാട്ടുകാരും കുടുംബസമേതം വയോധികർക്ക് സ്നേഹസന്ദേശവുമായെത്തി.
രാവിലെ മുതൽ പാട്ടും നൃത്തവും കവിതയും കഥകളുമായി ഉദ്ഘാടന ദിവസം നാടിന്റെ ആഘോഷമാക്കി. ബ്ലഡ് ഡൊണേഴ്സ് കേരള കൂട്ടായ്മയിലെ അംഗങ്ങളും ഗായകസംഘവും സംഗീത വിരുന്നൊരുക്കി. 
എട്ടു പേരുമായി നേരത്തെ ഫറോക്ക് ചന്തയിലെ വാടകക്കെട്ടിടത്തിലാരംഭിച്ച് പിന്നീട് ഫാറൂഖ് കോളേജിനടുത്തുള്ള മറ്റൊരു കേന്ദ്രത്തിലേക്ക് മാറിയ വൃദ്ധസദനത്തിന്‌ ഹൈദരാബാദ് കേന്ദ്രമായ ടി കെ എം  കോയ ആൻഡ്‌ കമ്പനി മാനേജിങ് ഡയറക്ടർ ടി കെ സലീം സൗജന്യമായി നിർമിച്ചു നൽകിയ മന്ദിരത്തിന് സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരം വൈകാതെ ലഭിക്കും. ഇതോടൊപ്പം വനിതകൾക്കായി പ്രത്യേക വാസസ്ഥലമൊരുക്കാനും പദ്ധതിയുണ്ട്.
ഡെപ്യൂട്ടി കലക്ടർ ഇ അനിതകുമാരി, സബ് ജഡ്ജ് എം പി ഷൈജൽ, ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ ഡോ. മുബാറക് പാഷ, രാമനാട്ടുകര നഗരസഭാധ്യക്ഷ ബുഷ്റ റഫീഖ്, ഫാറൂഖ് കോളേജ് മാനേജിങ് കമ്മിറ്റി ചെയർമാൻ പി കെ അഹമ്മദ്, സെക്രട്ടറി സി പി കുഞ്ഞുമുഹമ്മദ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം ഗിരീഷ്, ജനപ്രതിനിധികൾ, സാമൂഹ്യ  നേതാക്കളും ഭാരവാഹികളുമടക്കം നിരവധി പ്രമുഖർ സ്നേഹതീരത്തെത്തി ആശംസയറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top