സ്വന്തം ലേഖകൻ
കോഴിക്കോട്
അതിവേഗം വളരുന്ന കോഴിക്കോടിന്റെ വേഗത്തിനൊപ്പമെത്താനുള്ള സിൽവർലൈൻ പദ്ധതിയുടെ ഭൂഗർഭപാത കടന്നുപോവുക 21 മീറ്റർ അടിയിലൂടെ. നിലവിലുള്ള കെട്ടിടങ്ങൾക്ക് കേടുപാടുകൾ പറ്റാതെ 18 മീറ്റർ താഴ്ചയിലാണ് ടണൽ നിർമിക്കുക. കെ റെയിൽ ഡിപിആറിലാണ് പദ്ധതി സംബന്ധിച്ചുള്ള വിശദാംശങ്ങളുള്ളത്. പന്നിയങ്കര മുതൽ വെസ്റ്റ്ഹിൽ റെയിൽവേ സ്റ്റേഷൻ വരെ 7.9 കിലോമീറ്റർ നീളത്തിലാണ് ഭൂഗർഭപാത കടന്നുപോവുക. കോഴിക്കോട് റെയിൽവേ സ്റ്റേഷനോട് ചേർന്ന് തന്നെയായിരിക്കും സിൽവർലൈൻ ഭൂഗർഭ സ്റ്റേഷനും പണിയുക. വെസ്റ്റ്ഹിൽ റെയിൽവേ സ്റ്റേഷനോട് ചേർന്ന് റോ-റോ സ്റ്റേഷനും നിർമിക്കും. മറ്റ് വേഗമുള്ള സാധാരണ ട്രെയിനുകൾ കടന്നുപോവുന്ന സമയത്ത് അർധ അതിവേഗ വണ്ടികൾ പിടിച്ചിടാനും അർധ അതിവേഗ ട്രയിൻ കടന്നുപോവുന്ന സമയത്ത് മറ്റ് ഹ്രസ്വദൂര വണ്ടികൾ പ്രധാന പാതയിൽ നിന്ന് മാറ്റിയിടാനുമാണ് റോ-റോ സ്റ്റേഷൻ സ്ഥാപിക്കുന്നത്. നിർദിഷ്ട ലൈറ്റ് മെട്രോ സ്റ്റേഷനുമായി സിൽവർലൈൻ റെയിലിനെ ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.
രണ്ട് സൈബർപാർക്കുകൾ, ലോകോത്തര നിലവാരമുള്ള മെഡിക്കൽ കോളേജ്, എൻഐടി, ഐഐഎം, വിനോദ സഞ്ചാരകേന്ദ്രങ്ങൾ തുടങ്ങിയവയുള്ളതിനാൽ കോഴിക്കോട്ടേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനയാണുണ്ടായിട്ടുള്ളത്. ഇത്തരം യാത്രക്കാർക്ക് സിൽവർലൈൻ ഉപയോഗിക്കാൻ കഴിയും വിധമാണ് പദ്ധതി നടപ്പിലാക്കുകയെന്നും ഡിപിആറിൽ പറയുന്നു.
ജനം തിങ്ങിപ്പാർക്കുന്ന മേഖല പരമാവധി ഒഴിവാക്കി കെട്ടിടങ്ങൾ സംരക്ഷിക്കും വിധമാണ് റെയിൽപാത പണിയുക. ജനസാന്ദ്രത ഏറിയ പ്രദേശമായതിനാലാണ് പന്നിയങ്കര മുതൽ വെസ്റ്റ്ഹിൽ വരെയുള്ള പ്രദേശങ്ങളിൽ ഭൂഗർഭപാതയാക്കിയതെന്നാണ് വിശദ പദ്ധതി റിപ്പോർട്ടിലുള്ളത്. ഭൂഗർഭപാത ഒരുക്കുന്നതോടെ 520 കെട്ടിടങ്ങൾ സംരക്ഷിക്കാൻ കഴിയും. സംസ്ഥാനത്തെ വലിയ ഭൂഗർഭപാതയാണ് ജില്ലയിൽ സ്ഥാപിക്കുക.
ഏറ്റവുമധികം സ്വകാര്യ ഭൂമി ഏറ്റെടുക്കേണ്ടിവരുന്ന സ്ഥലം എലത്തൂരിലാണ്. ഇവിടെ രണ്ട് രൂപരേഖ പരിഗണനയിലുണ്ട്. എലത്തൂരിൽ ഏറ്റെടുക്കേണ്ട ഭൂമി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ജില്ലയിലെ നാല് പ്രധാന പുഴകൾക്ക് പാലം പണിതാണ് സിൽവർലൈൻ പാളം സ്ഥാപിക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..