05 December Thursday
കലാമത്സരങ്ങൾ 19 മുതൽ

ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2019

ജില്ലാ സ്‌കൂൾ കലോത്സവം യുപി വിഭാഗം പെൻസിൽ ചിത്രരചനാ മത്സരത്തിൽനിന്ന്‌

കോഴിക്കോട് 
സർഗവൈഭവം വിരിയുന്ന രചനാ മത്സരങ്ങളുമായി റവന്യൂജില്ലാ സ്‌കൂൾ കലോത്സവത്തിന് തുടക്കം. ബിഇഎം ഗേൾസ്‌ എച്ച്‌എസ്‌എസിലാണ്‌ മത്സരങ്ങൾ. 19ന്‌ കലാമത്സരങ്ങളും തുടങ്ങും. 22 വരെ നീളുന്ന പരിപാടിയിൽ 12,000ത്തോളം വിദ്യാർഥികൾ പങ്കെടുക്കുമെന്ന്‌ ഡിഡിഇ വി പി മിനി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 309 ഇനങ്ങളിലായാണ് മത്സരങ്ങൾ. മത്സരങ്ങൾക്കായി 18 വേദികളും സജ്ജമാക്കി. മഹാത്മാഗാന്ധിയുടെ നൂറ്റമ്പതാം ജന്മവാർഷിക സ്മരണയ്ക്കായി ഓരോ വേദിക്കും ഗാന്ധിജിയുമായി ബന്ധപ്പെട്ട പേരുകൾ നൽകും. ബിഇഎം ജിഎച്ച്എസ്എസാണ് പ്രധാനവേദി. മഹാത്മ എന്ന പേരിലാണ്‌ വേദി. രണ്ടാം വേദിക്ക്‌ സബർമതിയെന്നും മൂന്നിന് കസ്തൂർബ എന്നുമാണ് പേര്. 
മഹിളാ മാൾ ഓഡിറ്റോറിയം, ഗവ. ഗണപത് ബോയ്‌സ് എച്ച്എസ്എസ്, തളി സാമൂതിരി എച്ച്എസ്എസ്, തളി ഗവ. യു പി സ്‌കൂൾ, മാനാഞ്ചിറ സ്‌പോർട്‌സ് കൗൺസിൽ ഹാൾ, മാനാഞ്ചിറ ഗവ. ടിടിഐ മെൻ, ചാലപ്പുറം ഗവ. അച്യുതൻ ഗേൾസ് സ്‌കൂൾ, കല്ലായി ഗവ. ഗണപത് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലായി ഒമ്പതിടത്താണ് വേദികൾ. വാർധ, സ്വരാജ്, രാംധുൻ, നവജീവൻ, കീർത്തി മന്ദിർ, ബിർളാ ഹൗസ്, ബാപ്പൂജി, യങ് ഇന്ത്യ, ദണ്ഡി, മോനിയ, നയിതാലീം,  ചമ്പാരൻ,  സർവോദയ, രാജ്ഘട്ട്, നവഖാലി എന്നിങ്ങനെയാണ് മറ്റു  വേദികളുടെ പേരുകൾ. ഗവ. മോഡൽ സ്‌കൂളിലാണ് ഭക്ഷണശാല.  
19ന് വൈകിട്ട് നാലിന് ബിഇഎം സ്‌കൂളിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ മേള ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം 22ന്  വൈകിട്ട് 6ന് മന്ത്രി ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 18ന് വൈകിട്ട് നാലിന് സംസ്ഥാന ശാസ്‌ത്രോത്സവത്തിലെ വിജയികളായ ജില്ലാ ടീമിനുള്ള വരവേൽപ്പും ഒരുക്കും. തുടർന്ന് കിഡ്‌സൺ കോർണറിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഫ്‌ളാഷ് മോബ് നടത്തും. വാർത്താസമ്മേളനത്തിൽ ആർഡിഡി ഗോകുലകൃഷ്ണൻ, വിഎച്ച്എസ്ഇ എഡി ശെൽവമണി, മീഡിയ കൺവീനർ സി ബിജു എന്നിവരും പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top