15 November Friday

പഠനത്തോടൊപ്പം കലയുടെ താളവും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2019
കോഴിക്കോട്‌ സ്‌കൂളിനൊപ്പം’  പദ്ധതിയുടെ ഭാഗമായാണ്‌ കലോദ്ഗ്രഥിതപഠന പ്രവർത്തനങ്ങൾക്ക്‌ ക്ലാസ്‌ മുറികളിൽ ഇടംനൽകുന്നത്‌. ഇതിനായി കോഴിക്കോട്‌ ഡയറ്റ്‌ കലാവിഭാഗത്തിന്റെ നേതൃത്വത്തിൽ ‘കലാകേന്ദ്ര–-19’ ജില്ലയിലെ - സ്‌കൂളുകളിൽ നടപ്പാക്കും. ഇതിന്റെ ആദ്യഘട്ടമായി ബാലുശേരി ഉണ്ണികുളം ഗവ. യുപി സ്‌കൂളിൽ ദ്വിദിന ശിൽപ്പശാല നടന്നു. 
കുട്ടികളിൽ സാമൂഹികാവബോധം വളർത്തുകയും സ്വതന്ത്രമായ കലാവിഷ്കാരത്തിന് പ്രചോദനം നൽകലുമാണ്‌ ശിൽപ്പശാലയുടെ ലക്ഷ്യം. നാട്യാംബരി, കവിതായനം, വരക്കുട്ട്‌  എന്നീ മൂന്ന്‌ സെഷനുകളാണുള്ളത്‌. കലോദ്ഗ്രഥിത പഠനം  മലയാള കവിതാഖ്യാനത്തിൽ നടത്തേണ്ടതെങ്ങനെ എന്ന്‌ കവിതായനത്തിലൂടെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു. മനസ്സിലെ ഭാവനകളെ ചിത്രരചനയിലൂടെ ആവിഷ്കരിക്കുകയാണ്‌ വരക്കൂട്ടിന്റെ ലക്ഷ്യം. കവിതയുടെ ആശയം പൂർണമായ അർഥത്തിൽ  ദൃശ്യാവിഷ്കാരം നടത്തേണ്ടതെങ്ങനെ എന്ന്‌ നാട്യാംബരിയിലൂടെയും വ്യക്തമാക്കുന്നു.  
ഉണ്ണികുളം ജിയുപി സ്‌കൂളിൽ നടത്തിയ ശിൽപ്പശാലയിൽ  മുപ്പത്തിയഞ്ചോളം കലാധ്യാപകരും ഉണ്ണികുളത്തെ പ്രാദേശിക കലാകാരന്മാരും  പങ്കെടുത്തു.   ക്യാമ്പ്‌   ഉണ്ണികുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ പി ബിനോയി ഉദ്‌ഘാടനംചെയ്‌തു.  ടി കെ സുധീർകുമാർ അധ്യക്ഷനായി.  ഉപഹാര സമർപ്പണം പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജം കോ ഓർഡിനേറ്റർ ബി മധു നിർവഹിച്ചു.  കോഴിക്കോട് ഡയറ്റ്   സീനിയർ ലക്ചറർ ടി അബ്ദുൾ നാസർ ‘സ്‌കൂളിനൊപ്പം’ പദ്ധതിയും കലാവിഭാഗം ലക്ചറർ മിത്തു തിമോത്തി കലാകേന്ദ്ര പദ്ധതിയും വിശദീകരിച്ചു. എഇഒ എം രഘുനാഥ്‌, എൻ കെ സഫിയ, പ്രീതി, പ്രധാനാധ്യാപകൻ എ കെ മുഹമ്മദ് , ഇക്ബാൽ, ജയൻ എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top