15 November Friday
പ്രതി റിമാൻഡിൽ

ഇസ്‌മയിലിന്റെ വീട്ടിൽ ഹാജറ മുമ്പും മോഷണത്തിന്‌ ശ്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2019

 

 
നാദാപുരം
പാറക്കടവ് വേവത്ത് ഇസ്‌മയിലിന്റെ വീട്ടിൽ നിന്നും 30 പവൻ കവർന്ന കേസിലെ പ്രതി വീട്ടുവേലക്കാരി ഹാജറ ഇതിനുമുമ്പും ഇതേ വീട്ടിൽ മോഷണ ശ്രമം നടത്തിയതായി പൊലീസ്. ജോലിക്കെത്തി രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് ആദ്യത്തെ മോഷണശ്രമം. വെള്ളൂരിലെ വാടക വീട്ടില്‍നിന്ന്‌ വൈകുന്നേരത്തോടെ  ഇസ്‌മയിലിന്റെ വീട്ടിലെത്തി. രാത്രി വീട്ടുകാര്‍ ഉറങ്ങുന്നതുവരെ കാര്‍ ഷെഡില്‍ കഴിച്ചുകൂട്ടുകയും കൈയില്‍ കരുതിയിരുന്ന ആയുധംകൊണ്ട് വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുകയുംചെയ്‌തു.  വാതില്‍ തുറക്കാതായതോടെ ശ്രമം ഉപേക്ഷിച്ചു. ഇതിനുശേഷമാണ് രണ്ടാമത്തെ കവര്‍ച്ച ആസൂത്രണംചെയ്തത്. 
കഴിഞ്ഞ വ്യാഴാഴ്‌ച  മോഷണം നടന്നതിന് പിന്നാലെ പൊലീസ് ഹാജറയെ ചോദ്യംചെയ്തിരുന്നു. എന്നാൽ ഇവിടെ ജോലിചെയ്യുന്ന ഇതര സംസ്ഥാനതൊഴിലാളികൾ സ്വർണാഭരണം സൂക്ഷിച്ചിരുന്ന മുറിയിൽ കടന്നതായി ഹാജറ മൊഴിനൽകി. അതിനുശേഷം ഇവർ ഒളിവിൽ പോയി. മോഷണമുതലുമായി ഒളിവില്‍പോയ ഹാജറ വടകരയിലെ ജ്വല്ലറിയില്‍ മോതിരം വിറ്റ പണംകൊണ്ട് മൊബൈല്‍ ഫോണ്‍ വാങ്ങുകയും തൃശൂരിലേക്ക് കടക്കുകയുംചെയ്‌തു. പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ ഹാജറ ഫോണ്‍ തൃശൂരില്‍ ഉപേക്ഷിച്ച്  അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചു. പിന്നീട് ഇവര്‍ തിരുവനന്തപുരത്തേക്കും പിന്നീട് ചേര്‍ത്തലയിലേക്കും കടന്നു. ഇതോടെ ഹാജറ നേരത്തെ ജോലിചെയ്തിരുന്ന സ്ഥലങ്ങളിൽ പൊലീസ്‌ നിരീക്ഷണം ഏര്‍പ്പെടുത്തി. ഫോണില്‍ വിളിച്ചാല്‍ പൊലീസിനെ അറിയിക്കണമെന്ന്‌ ബന്ധുക്കള്‍ക്ക് നിര്‍ദേശം നൽകി.  തിരുവനന്തപുരത്തെത്തിയ ഹാജറ  ബന്ധുവിന്റെ ഫോണില്‍ വിളിച്ചു. ഇതിൽ നിന്നാണ്‌ ഹാജറ നാട്ടിലെത്തുന്നത്‌ മനസ്സിലാക്കിയത്‌. അതനുസരിച്ച്‌ തിങ്കളാഴ്‌ച വേവത്തുനിന്ന്‌ ഇവരെ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു.  ഇതിനിടെ  മക്കള്‍ക്ക് അസുഖമാണെന്ന്‌ പറഞ്ഞ് ഹാജറ പലരില്‍നിന്നും പണം വാങ്ങിയിട്ടുണ്ട്‌.  ഇവരിൽ ചിലര്‍   ഹാജറയെ അന്വേഷിച്ച് വാടകവീട്ടിലെത്തിയിരുന്നു.
ഇസ്‌മയിലിന്റെ  വീട്ടിൽനിന്ന്‌ 30 പവൻ മോഷ്‌ടിച്ച വെള്ളൂര്‍ ചാലപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന കുറ്റ്യാടി വടയം സ്വദേശിനി പുതുവാണ്ടിയില്‍ ഹാജറ (36)യെ വടകര കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ്‌ ചെയ്തു.  25 ‌പവനോളം തൂക്കമുള്ള ആഭരണങ്ങള്‍ ഹാജറയുടെ വീട്ടുപറമ്പില്‍ കുഴിച്ചിട്ട നിലയില്‍ പൊലീസ് കണ്ടെത്തിയിരുന്നു.  പ്രതിയെ കസ്റ്റഡിയില്‍  ലഭിക്കാൻ അടുത്ത ദിവസം നാദാപുരം കോടതിയിൽ അപേക്ഷ നൽകുമെന്ന്‌    അന്വേഷണോദ്യോഗസ്ഥനായ വളയം സിഐ എ വി ജോണ്‍ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top