04 August Wednesday
വിദ്യാർഥികൾ ആശങ്കയിൽ

വിദേശ മെഡിസിൻ പഠനം: രജിസ്‌ട്രേഷനും ഇന്റേൺഷിപ്പും വൈകുന്നു

സ്വന്തം ലേഖികUpdated: Wednesday Jun 16, 2021
കോഴിക്കോട്‌
 വിദേശ യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ എംബിബിഎസ്‌ കഴിഞ്ഞിറങ്ങുന്നവർക്ക്‌ നാട്ടിൽ രജിസ്‌ട്രേഷനും ഇന്റേൺഷിപ്പും വൈകുന്നു. ടിസിഎംസി (ട്രാവൻകൂർ, കൊച്ചിൻ മെഡിക്കൽ കൗൺസിൽ) രജിസ്‌ട്രേഷനായി എട്ട്‌ മാസത്തിലധികവും പിന്നീട്‌ ഹൗസ്‌ സർജൻസി അനുവദിക്കാൻ നാല്‌ മാസത്തിലധികവും കാലതാമസമെന്നാണ്‌ പരാതി.   കോവിഡ്‌ കാലത്ത്‌   ആനുകൂല്യമോ ഇൻഷുറൻസോ ഇല്ലാതെ  ഫീസ്‌ നൽകിയാണ്‌ വിദ്യാർഥികൾ ഹൗസ്‌ സർജൻസി പൂർത്തിയാക്കുന്നത്‌. 
    അയ്യായിരത്തോളം മലയാളി വിദ്യാർഥികളാണ്‌ ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളിലായി എംബിബിഎസ്‌ പഠിക്കുന്നത്‌. പഠനശേഷം ഇന്ത്യ നടത്തുന്ന എഫ്‌എംജി(ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്‌സ്‌)  പരീക്ഷ വിജയിച്ചവർക്ക്‌ ടിസിഎംസിയുടെ രജിസ്‌ട്രേഷനും വേണം.  ആയിരത്തോളം പേരാണ്‌ സംസ്ഥാനത്ത്‌ ഒരു വർഷം  രജിസ്‌ട്രേഷനായി അപേക്ഷിക്കുന്നത്‌. മറ്റ്‌ സംസ്ഥാനങ്ങളിൽ ഒരാഴ്‌ചക്കുള്ളിൽ ലഭിക്കുന്ന രജിസ്‌ട്രേഷന്‌ ഇവിടെ മാസങ്ങൾ എടുക്കുന്നതായി വിദ്യാർഥികൾ  ആരോപിക്കുന്നു.  ഹൗസ്‌ സർജൻസിക്കായി വീണ്ടും കാത്തിരിക്കണം. മെഡിക്കൽ കോളേജുകൾക്ക്‌ പുറമെ മറ്റ്‌ സർക്കാർ ആശുപത്രികളും പരിഗണിച്ച്‌ ഈ കാലതാമസം ഒഴിവാക്കണമെന്ന്‌ കോഴിക്കോട്‌ കേന്ദ്രീകരിച്ച്‌  രൂപീകരിച്ച ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്‌സ്‌ പാരന്റ്‌സ്‌ അസോസിയേഷൻ ആവശ്യപ്പെടുന്നു. 
 ഹൗസ്‌ സർജൻസി ചെയ്യാനായി 1.2 ലക്ഷം രൂപ ഫീസും നൽകണം.  ഡബ്ല്യുഎച്ച്‌ഒയും ഇന്ത്യൻ മെഡിക്കൽ കൗൺസിലും അംഗീകരിച്ച  സർവകലാശാലകളിൽ പഠിച്ചവരോട്‌  വിവേചനമാണെന്ന്‌ അസോസിയേഷൻ അംഗവും ചൈനയിൽ നാലാം വർഷ എംബിബിഎസ്‌ വിദ്യാർഥിയുമായ കൊണ്ടോട്ടി സ്വദേശി  ബിൻ സാഗർ പറഞ്ഞു. 
പ്രശ്‌നങ്ങൾ പരിഹരിക്കാനായി അസോസിയേഷൻ നേതൃത്വത്തിൽ നിയമ നടപടിയടക്കം കൈക്കൊണ്ട്‌ മുന്നോട്ട്‌ പോവാനാണ്‌ തീരുമാനം.  എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി  കെ എം സച്ചിൻദേവ്‌ എംഎൽഎ, സിപിഐ എം  സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ എന്നിവർക്ക്‌ നിവേദനം നൽകിയിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top