16 July Tuesday

അയ്യപ്പഭജനമഠം നിർമാണം സംഘപരിവാറുകാർ തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019
കുറ്റ്യാടി 
ജനകീയ ഭജനമഠ കമ്മിറ്റി നേതൃത്വത്തിൽ കുറ്റ്യാടി‐തൊട്ടിൽപ്പാലം റോഡിൽ ചന്ത വയലിന് സമീപം നിർമിക്കുന്ന അയ്യപ്പഭജനമഠത്തിന്റെ നിർമാണ പ്രവൃത്തി സംഘ പരിവാർ, ആർഎസ്‌എസ്‌ പ്രവർത്തകർ തടഞ്ഞു. രാഷ്ട്രീയത്തിനും മതത്തിനും അതീതമായാണ്‌ കുറ്റ്യാടിയിൽ വർഷങ്ങളായി അയ്യപ്പൻ വിളക്ക് മഹോത്സവം നടത്തിവരുന്നത്‌. 
അയ്യപ്പൻ വിളക്ക് മഹോത്സവത്തിൽ നിന്ന്‌ ലഭിച്ച തുക ഉപയോഗിച്ച്‌ 1982-ൽ അന്നത്തെ കമ്മിറ്റി കുറ്റ്യാടി‐തൊട്ടിൽപ്പാലം റോഡിൽ ചന്ത വയലിന് സമീപം ആശാരിക്കണ്ടി പറമ്പത്ത് 12 സെന്റ്  ഭൂമി വാങ്ങിയിരുന്നു. ഈ സ്ഥലത്ത് നിർമിച്ച ഷെഡിൽ ശ്രീഹരി വിദ്യാപീഠം എന്ന പേരിൽ എൽകെജി, യുകെജി ക്ലാസുകൾ നടത്താൻ ഭജനമഠ കമ്മിറ്റി വാക്കാൽ അനുമതി നല്കിയിരുന്നു. 
പിന്നീട്‌ ഭജനമഠത്തിന്റെ നിർമാണത്തിനായി സ്‌കൂൾ മാറ്റാൻ കമ്മിറ്റി ആവശ്യപ്പെട്ടെങ്കിലും അന്ന് സമ്മതം വാങ്ങിയ ആൾ തയ്യാറായില്ല. മാത്രവുമല്ല ഭജനമഠ കമ്മറ്റിയുടെ അനുമതിയില്ലാതെ ഇയാൾ ഈ സ്ഥലത്തുകൂടെ സമീപത്തെ സ്വകാര്യ വ്യക്തിക്ക് വഴിവിട്ടുകൊടുക്കുകയും ചെയ്‌തു.  
കഴിഞ്ഞദിവസം വടകര, കൊയിലാണ്ടി മേഖലകളിൽനിന്നുള്ള ഒരുപറ്റം ആർഎസ്‌എസ്‌ ക്രിമിനൽ സംഘമെത്തി ഭജനമഠത്തിന്റെ  ഷെഡ് തകർക്കുകയും ചെയ്‌തു. സംഘപരിവാറിന്റെ കീഴിലുള്ള വിദ്യാലയം ഭജനമഠ കമ്മിറ്റി തകർത്തു എന്ന് വ്യാജ പ്രചരണം നടത്തിയ സംഘപരിവാറുകാർ കമ്മറ്റി അംഗങ്ങൾക്ക് എതിരെ കുറ്റ്യാടി പൊലീസിൽ പരാതി നൽകുകയും ചെയ്‌തു. 
എന്നാൽ ഈ സ്ഥലത്തിനു സമീപമുള്ള 30 സെന്റ് സ്ഥലം സ്‌കൂൾ നടത്തിപ്പുകാർ വിലയ്‌ക്ക്‌ വാങ്ങി അവിടെ സ്‌കൂൾ പ്രവർത്തിച്ചു വരികയാണ്. ഒരു വ്യക്തിയുടെ താൽപ്പര്യം സംരക്ഷിക്കാനും ഇതിന്റെ പേരിൽ നാട്ടിലെ ക്രമസമാധാനം തകർക്കാനുമാണ് സംഘപരിവാർ ശ്രമിക്കുന്നതെന്ന്‌ ഭജനമഠ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിഷയത്തിൽ പരിഹാരം കാണാനും ഭജനമഠ നിർമാണത്തിന്  പിന്തുണ നൽകാനും അഭ്യർഥിച്ച്‌ കുറ്റ്യാടിയിലെ വിവിധ രാഷ്ട്രീയ പാർടി നേതൃത്വങ്ങൾക്ക്‌ കത്ത്‌ നൽകിയതായും ഭജനമഠ കമ്മറ്റി പ്രസിഡന്റ് എൻ കെ രാമചന്ദ്രൻ, സെക്രട്ടറി കെ എം വിജീഷ്, കെ കുഞ്ഞികൃഷ്‌ണക്കുറുപ്പ്, കുറ്റിവീട്ടിൽ ബാബു എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top