04 April Saturday

മത്സ്യലഭ്യത കുറയുന്നു‌‌; തൊഴിലാളികൾ ദുരിതത്തിൽ

വെബ് ഡെസ്‌ക്‌Updated: Sunday Feb 16, 2020
വടകര
കടലിൽ മത്സ്യലഭ്യത കുത്തനെ കുറഞ്ഞതോടെ മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതത്തിൽ. കടലിന്റെ അടിത്തട്ടിൽ വ്യാപകമായ തോതിൽ പ്ലാസ്റ്റിക്ക് മാലിന്യം അടിഞ്ഞതാണ് മത്സ്യ ലഭ്യതക്കുറവിനു പ്രധാന കാരണമായി  തൊഴിലാളികൾ പറയുന്നത്. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കടലിന്റെ ആവാസവ്യവസ്ഥയെ പാടെ തകർത്തിരിക്കുകയാണ്. കടലിലെ  താപനിലയിലെ വ്യതിയാനവും അശാസ്ത്രീയമായ മീൻപിടിത്തവും മറ്റു കാരണങ്ങളാണ്‌. 
സാധാരണക്കാരുടെ ഇഷ്ടമത്സ്യങ്ങളായ മത്തിക്കും അയലയ്‌ക്കുംവരെ ക്ഷാമമാണ്. ഉള്ളതിനാകട്ടെ തീവിലയും. മത്സ്യ വിൽപ്പനക്കാരാണ് ഇതുമൂലം പ്രയാസം നേരിടുന്ന മറ്റൊരു വിഭാഗം. തലച്ചുമടായും ഇരുചക്രവാഹനങ്ങളിലും മത്സ്യ വിൽപ്പന നടത്തുന്നവർ പലപ്പോഴും ഹാർബറിലെത്തി മത്സ്യം കിട്ടാതെ മടങ്ങുകയാണ്. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള മത്സ്യമാണ് മാർക്കറ്റിൽ കൂടുതലും ലഭിക്കുന്നത്. 
ജീവിതം വഴിമുട്ടിയതോടെ മത്സ്യത്തൊഴിലാളികൾ മറ്റ് തൊഴിലുകൾ തേടുകയാണ്.  ആഴ്ചയിൽ ഒരുദിവസംപോലും പണിയില്ലാതെ എങ്ങനെ ജീവിക്കുമെന്നാണ് തൊഴിലാളികൾ പറയുന്നത്.
 ഒരു കിലോ മത്തിക്ക് 200 -മുതൽ 240  രൂപ വരെയും അയലക്ക് 280 രൂപ വരെയാണ് മാർക്കറ്റിൽ വില. നാട്ടിൻപുറങ്ങളിലെ മത്സ്യ മാർക്കറ്റുകൾ പലതും പലപ്പോഴും അടഞ്ഞുകിടക്കുന്ന സ്ഥിതിയിലാണ്‌.
പ്രധാന വാർത്തകൾ
 Top