20 March Wednesday

അപവാദ പ്രചാരണങ്ങൾക്ക്‌ ജനങ്ങളുടെ മറുപടി

വെബ് ഡെസ്‌ക്‌Updated: Saturday Feb 16, 2019
ബാലുശേരി
ജനപക്ഷ വികസനത്തിനുള്ള അംഗീകാരവും  സിപിഐ എമ്മിനെതിരെ നടത്തുന്ന അപവാദ പ്രചാരണങ്ങൾക്കേറ്റ തിരിച്ചടിയുമാണ് നരയംകുളം ഉപതെരഞ്ഞെടുപ്പ് ഫലം. കോട്ടൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ സിപിഐ എം സ്ഥാനാർഥി മേപ്പാടി ശ്രീനിവാസൻ 299 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തിളക്കമാർന്ന വിജയമാണ് നേടിയത്. 
ചെങ്ങോട്ടുമല ഖനനവുമായി ബന്ധപ്പെടുത്തി സിപിഐ എമ്മിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് യുഡിഎഫും ബിജെപിയും  ശ്രമിച്ചത്.  സിപിഐ എമ്മിനെതിരെ   കള്ളപ്രചാരണം  നടത്തിയാൽ ജനം തിരിയും എന്ന് കണക്കുകൂട്ടിയ യുഡിഎഫിനും  ബിജെപിക്കും ആർഎംപി തുടങ്ങിയ സംഘടനകൾക്കും നൽകിയ കനത്ത തിരിച്ചടിയാണ് നരയംകുളത്തെ എൽഡിഎഫ് ജയം. ജില്ലാ കോൺഗ്രസ് പ്രസിഡന്റും സെക്രട്ടറിയും നേരിട്ട് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് നേതൃത്വം കൊടുത്തിട്ടും ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായ കോട്ടൂർ പഞ്ചായത്തിൽ സിപിഐ എമ്മിന്റെ തിളക്കത്തിന് ഒരു കോട്ടവും വരുത്താൻ സാധിച്ചില്ല.  നാലുവർഷക്കാലത്തിനിടയിൽ ഒട്ടനവധി വികസന പ്രവർത്തനങ്ങളാണ് സിപിഐ എം നേതൃത്വം കൊടുക്കുന്ന പഞ്ചായത്ത് ഭരണസമിതി നടപ്പാക്കിയത്. വികസന പ്രവർത്തനങ്ങൾ ജനം സ്വീകരിച്ചതിന്റെ തെളിവുകൂടിയാണ് തെരഞ്ഞെടുപ്പ‌് വിജയത്തിനു പിന്നിലെന്ന് കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ‌് ഷീജ കാറങ്ങോട്ട് പറഞ്ഞു. നിലവിലുണ്ടായിരുന്ന അംഗം ടി കെ രഗിൻ ലാലിനെ സിപിഐ എം തീരുമാനപ്രകാരം  ഭരണസമിതിയിൽനിന്ന് രാജിവെച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്‌. സത്യവും സംശുദ്ധവുമായ രാഷ്ട്രീയനിലപാട് ഉയർത്തിപ്പിടിച്ചതിന് ജനങ്ങൾ നൽകിയ അംഗീകാരം കൂടിയാണ്  വിജയം.
പ്രധാന വാർത്തകൾ
 Top