19 June Wednesday

ജയിച്ചിട്ടും വിറച്ച‌് ആർഎംപി

വെബ് ഡെസ്‌ക്‌Updated: Saturday Feb 16, 2019
ഒഞ്ചിയം
ഒഞ്ചിയം പഞ്ചായത്തിലെ പുതിയോട്ടുംകണ്ടി ഉപതെരഞ്ഞെടുപ്പിൽ ആർഎംപി‐യുഡിഎഫ്‌ സഖ്യം ജയിച്ചെങ്കിലും വോട്ട‌് കുത്തനെ കുറഞ്ഞത‌് ചർച്ചയാകുന്നു. 2015ലെ തെരഞ്ഞെടുപ്പിൽ 577 വോട്ടായിരുന്നു ഭൂരിപക്ഷം. ഇത്തവണ അത‌് 308ൽ ഒതുങ്ങി. ഭൂരിപക്ഷത്തിൽ 269 വോട്ടിന്റെ കുറവാണുണ്ടായത‌്. യുഡിഎഫും ആർഎംപിയും മാർക‌്സിസ‌്റ്റ‌് വിരുദ്ധരും ഒന്നിച്ചിട്ടും വോട്ട‌് കുറഞ്ഞത‌് ആളുകൾ കൊഴിഞ്ഞുപോകുന്നുവെന്ന സൂചനയാണ‌്.
2015നേക്കാൾ പോളിങ‌് കൂടിയിട്ടും  ആർഎംപി–-യുഡിഎഫ‌് സഖ്യത്തിന‌് വോട്ട‌് വിഹിതവും ഭൂരിപക്ഷവും കുറയുകയാണുണ്ടായത‌്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 840 വോട്ട‌് കിട്ടിയത‌് ഇക്കുറി 767 ആയി കുറഞ്ഞു. 73 വോട്ട‌് കുറവ‌്. കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്ത‌് തെരഞ്ഞെടുപ്പിൽ വാർഡിൽനിന്ന‌് 110 വോട്ട‌് നേടിയ ബിജെപിക്ക‌് ഇക്കുറി ആകെ കിട്ടിയത‌് 80 വോട്ടാണ‌്. അതേസമയം എൽഡിഎഫ‌ിന‌് വോട്ട‌് ഗണ്യമായി വർധിച്ചു. 2015ൽ 263 വോട്ട‌് മാത്രമുണ്ടായിരുന്ന എൽഡിഎഫ‌് ഇക്കുറി 459 ആയി ഉയർത്തി–- 196 വോട്ടിന്റെ വർധനവ‌്.
ആർഎംപിക്ക‌് പിന്നിൽ അണിനിരന്നവർ കൂട്ടത്തോടെ കൊഴിഞ്ഞു പോകുന്നതാണ‌് എൽഡിഎഫ‌ിന‌് വോട്ട‌് വർധിക്കാൻ കാരണമായത‌്. അതേസമയം, വോട്ട‌് ചോർച്ചയെച്ചൊല്ലി ആർഎംപി, യുഡിഎഫ‌് നേതൃത്വങ്ങൾ തമ്മിൽ തർക്കവും തുടങ്ങി. കോൺഗ്രസ‌്, മുസ്ലിംലീഗ‌് വോട്ടുകൾ കൃത്യമായി പോൾ ചെയ്‌തിട്ടുണ്ടെന്നും ആർഎംപിക്കാരുടെ വോട്ടിലാണ‌് കുറവ‌് വന്നതെന്നുമാണ‌് യുഡിഎഫ‌് കേന്ദ്രങ്ങൾ പറയുന്നത‌്. ആർഎംപി നേതൃത്വമാകട്ടെ ഇത‌് അംഗീകരിക്കുന്നുമില്ല. യുഡിഎഫുമായി കൈകോർത്തതിനെതിരെ ആർഎംപിയിലെ ഒരു വിഭാഗത്തിന‌് പ്രതിഷേധമുണ്ട‌്. ആർഎംപി യുഡിഎഫിന്റെ ഭാഗമാണെന്നാണ‌് ചില കോൺഗ്രസ‌് നേതാക്കൾ പരസ്യമായി പറയുന്നത‌്. ഇതും പ്രവർത്തകരുടെ രോഷത്തിന‌് കാരണമായിട്ടുണ്ട‌്. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വാർഡിൽ നടപ്പാക്കാത്തത് പഞ്ചായത്ത്‌ ഭരണസമിതിക്കെതിരെ പ്രതിഷേധത്തിനിടയാക്കി. പരാജയ ഭീതിയിലായതോടെ
മുസ്ലിംലീഗിന്റെ സ്വാധീന  കേന്ദ്രങ്ങളിൽ എംഎൽഎയുടെ നേതൃത്വത്തിൽ തമ്പടിച്ച്‌ പണമൊഴുക്കിയതായും വർഗീയ പ്രചാരണം അഴിച്ചുവിട്ടതായും ആക്ഷേപമുയർന്നിരുന്നു. 17 അംഗ ഭരണസമിതിയിൽ സിപിഐ എമ്മിന്‌ ഏഴും എൽജെഡിക്ക്‌ ഒരു അംഗവുമടക്കം എട്ട്‌ സീറ്റാണുള്ളത്. മറുപക്ഷത്ത‌് ആർഎംപിയുടെ ആറും  കോൺഗ്രസിന്റെ ഒന്നും ലീഗിന്റെ രണ്ട്‌ അംഗങ്ങളും ഉൾപ്പെടെ ഒമ്പത്‌ അംഗങ്ങളും.
പ്രധാന വാർത്തകൾ
 Top