25 September Saturday

സർക്കാരിൽ പ്രതീക്ഷയർപ്പിച്ച് ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സ്

മനാഫ് താഴത്ത്Updated: Wednesday Sep 15, 2021

പൂട്ടിയ സെയിൽ - എസ്‌സിഎൽ റീറോളിങ് മിൽ

ഫറോക്ക് 
വർഷങ്ങളായി ഉല്പാദനമില്ലാത്ത ചെറുവണ്ണൂർ സെയിൽ- എസ്‌സിഎൽ ലിമിറ്റഡി (സ്റ്റീൽ കോംപ്ലക്സ്) ന്റെ  ഉയിർത്തെഴുന്നേൽപ്പിന് സംസ്ഥാന  സർക്കാരിൽ പ്രതീക്ഷയർപ്പിച്ച് തൊഴിലാളികൾ.  നൂറുകണക്കിന് തൊഴിലാളികളുണ്ടായിരുന്ന  സ്ഥാപനത്തിൽ നിലവിലുള്ള 35 പേർക്ക് 14 മാസത്തിനു ശേഷം ശമ്പളം ലഭിച്ചത്  ഇത്തവണ ഓണത്തിനാണ്.  മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഇടപെടലിനെ തുടർന്നാണ്   50 ലക്ഷം രൂപ താൽക്കാലികാശ്വാസമായി സർക്കാർ അനുവദിച്ചത്.   കമ്പനിയുടെ പൂർവ പ്രതാപം വീണ്ടെടുക്കാൻ വ്യവസായ മന്ത്രി പി രാജീവുമായി   അദ്ദേഹം  ചർച്ച നടത്തി. 
      ദേശീയപാതയോരത്ത്  36 ഏക്കറിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ  കൂടുതൽ പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനെക്കുറിച്ച്‌  ചർച്ച നടന്നുവരികയാണ്. സർക്കാരിന്റെ  പുതിയ നീക്കത്തിൽ തൊഴിലാളികളും ഏറെ പ്രതീക്ഷയിലാണ്‌. 
     കേന്ദ്ര നവരത്ന പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ അതോറിറ്റി ഓഫ്   ഇന്ത്യ (സെയിൽ)യുമായി ചേർന്ന്‌ ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക് ലിമിറ്റഡ് സംയുക്ത സംരംഭമായതോടെ  കേന്ദ്ര-–-സംസ്ഥാന സർക്കാരുകൾക്ക് തുല്യ പങ്കാളിത്തമായിട്ടും കഴിഞ്ഞ ആറു വർഷമായി സംസ്ഥാന സർക്കാരാണ് വേതനം നൽകുന്നത്.  സെയിൽ ഉരുക്കു ബില്ലറ്റ് നൽകുമെന്ന ഉറപ്പിൽ കമ്പനി 65 കോടി രൂപ കനറാ ബാങ്കിൽ നിന്ന്‌ വായ്പയെടുത്തു. എന്നാൽ, ടിഎംടി കമ്പികൾ ഉല്പാദിപ്പിക്കാനായി 2015ൽ  തുടങ്ങിയ റീ റോളിങ് മിൽ ബില്ലറ്റ്‌ കിട്ടാതെ  അടുത്ത വർഷം തന്നെ പൂട്ടി.  റീ-റോളിങ് മില്ലിന് കമ്പി ഉല്പാദിപ്പിക്കാൻ  പ്രതിമാസം  5500 ടൺ ബില്ലറ്റ് നൽകണമെന്ന വ്യവസ്ഥയും  സെയിൽ  ലംഘിച്ചു. കേന്ദ്ര സർക്കാരും കേരളത്തിലെ  യുഡിഎഫ് സർക്കാരും ചേർന്ന്‌ കമ്പനി പൊളിച്ചടുക്കിയതിനൊപ്പം   റീ -റോളിങ് മിൽ സ്ഥാപിക്കുന്നതിൽ  കോടികളുടെ വെട്ടിപ്പും നടത്തി. 66 കോടി ചെലവ് കാണിച്ച് ഇതിന്റെ  നാലിലൊന്നുപോലും മുടക്കാതെ പഴയ യന്ത്രങ്ങൾ കൊണ്ടുവന്ന് തട്ടിക്കൂട്ടിയതാണ് റീ- റോളിങ് മിൽ എന്നാണ് വിജിലൻസിന്റെ പ്രാഥമിക നിഗമനം. ഇതിനിടെ ബാങ്ക് ബാധ്യത 99 കോടിയിലുമെത്തി. 2014 സെപ്തംബറിൽ അന്നത്തെ യുഡിഎഫ് സർക്കാർ കമ്പനിയുടെ മാതൃസ്ഥാപനത്തിലെ ഉരുക്കു ബില്ലറ്റ് ഉല്പാദനം   റീ റോളിങ് മിൽ സ്ഥാപിക്കുന്നതിന്‌ മുമ്പുതന്നെ  നിർത്തി.  ബില്ലറ്റ്   നൽകാതെ കേന്ദ്രം  പിന്മാറിയതോടെ റീ-റോളിങ് മിൽ നിലച്ചു. ഇത്‌ സ്വകാര്യ കമ്പനികളുമായുള്ള ഒത്തുകളിയാണെന്ന  ആക്ഷേപവുമുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top