25 September Saturday

കാത്തിരിപ്പിന്‌ അറുതി; ശങ്കരൻകുട്ടി‌ക്കും ബാലാമണി‌ക്കും സ്വന്തം ഭൂമി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി സിവിൽ സ്റ്റഷനിൽ നടന്ന പട്ടയ വിതരണത്തിൽ പട്ടയം ഏറ്റു വാങ്ങിയ പെരുവയൽ കായലം തെക്കേടേത്ത് ബാലാമണിയും ശങ്കരൻ കുട്ടിയും

 കോഴിക്കോട്‌

3.5 സെന്റ്‌ സ്ഥലത്താണ്‌  പെരുവയൽ സ്വദേശി ശങ്കരൻകുട്ടിയും ഭാര്യ ബാലാമണിയും കഴിയുന്നത്‌.  കാലങ്ങളോളം കാത്ത മണ്ണ് കൈവിട്ടുപോകുമോ എന്ന ആശങ്കയിലായിരുന്നു ഇതുവരെ. ഇനി ആ പേടി രണ്ടുപേർക്കുമില്ല. വർഷങ്ങളായി കഴിയുന്ന ഈ ഭൂമി ഇവർക്ക്‌ സ്വന്തം. കാത്തിരിപ്പിനൊടുവിൽ കോഴിക്കോട്‌ കലക്ടറേറ്റിലെ ചടങ്ങിൽവച്ച്‌ പട്ടയ രേഖ കൈപ്പറ്റി പുറത്തിറങ്ങുമ്പോൾ ഇരുവരുടെയും കണ്ണുകളിൽ സന്തോഷം. 
      ശങ്കരൻകുട്ടിയേയും ബാലാമണിയേയും പോലെ  ആയിരങ്ങളുടെ സ്വപ്നമാണ് സംസ്ഥാന സർക്കാർ  പട്ടയമേളയിലൂടെ യാഥാർഥ്യമായത്. കോഴിക്കോട്‌ താലൂക്കിൽ നിന്ന്‌ അപേക്ഷിച്ചവർക്ക്‌ ആറു മാസത്തിനുള്ളിലാണ്‌ പട്ടയം നൽകിയത്‌. കുന്നമംഗലം, കുരുവട്ടൂർ, പെരുവയൽ എന്നിവിടങ്ങളിലെ കോളനികളിലടക്കമുള്ള 25 പാവങ്ങളുടെ ഭൂമി‌ക്കാണ്‌ അതിവേഗം പട്ടയം നൽകിയത്‌. 12 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ശങ്കരൻകുട്ടിക്കും ഭാര്യ‌ക്കും പട്ടയം കിട്ടുന്നത്.  12 വർഷമായി താമസിക്കുന്ന നാലു സെന്റ് സ്ഥലത്തിന്റെ പട്ടയം ലഭിച്ച പെരുവയൽ സ്വദേശി ചന്ദ്രനും സന്തോഷത്തോടെയാണ്  മടങ്ങിയത്. ലോൺ എടുക്കുന്നതുൾപ്പെടെയുള്ള ഇടപാടുകൾക്ക് പട്ടയം ഉപയോഗിക്കാമെന്ന ആഹ്ലാദത്തിലാണ് തലക്കുളത്തൂർ സ്വദേശിനി ബിന്ദുവും എരഞ്ഞിപ്പാലം സ്വദേശിനി നിർമ്മലയുമുൾപ്പെടെ പട്ടയം ലഭിച്ച മുഴുവൻ പേരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top