25 September Saturday

മാധ്യമങ്ങൾ മൂലധന സുഖശയ്യയിൽ: സ്‌പീക്കർ

സ്വന്തം ലേഖകൻUpdated: Wednesday Sep 15, 2021

എൻ രാജേഷ് സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് അഭിമുഖ്യത്തിൽ നടന്ന രാജേഷ് അനുസ്മരണത്തിൽ സ്‌പീക്കർ 
എം ബി രാജേഷ് സംസാരിക്കുന്നു

കോഴിക്കോട്‌ 
മൂലധനശക്തികളും ഭരണകൂടവും വർഗീയതയും വിരിച്ചിട്ട സുഖശയ്യയിലാണ്‌ ബഹുഭൂരിഭാഗം മാധ്യമങ്ങളുമെന്ന്‌ സ്‌പീക്കർ എം ബി രാജേഷ്‌ പറഞ്ഞു. ദുരന്തങ്ങളടക്കം ദൃശ്യപ്പൊലിമയുള്ള ചരക്കാക്കി മാറ്റി അവതരിപ്പിക്കയാണ്‌. ഏത്‌ ജനാധിപത്യവിരുദ്ധതക്കും ഭീകരതക്കും സമ്മതിയൊരുക്കുന്ന അജൻഡയാണ്‌ മാധ്യമങ്ങളെ ഭരിക്കുന്നത്‌. സമൂഹ മാധ്യമങ്ങളിൽ നിറയുന്നതാകട്ടെ ജനാധിപത്യവിരുദ്ധതയും കാപട്യവുമാണ്‌. സമൂഹത്തിലെ  ജനാധിപത്യശോഷണത്തിന്റെ കണ്ണാടിയായി   സമൂഹമാധ്യമങ്ങളെ കാണാം–- എൻ രാജേഷ്‌ അനുസ്‌മരണം ഉദ്‌ഘാടനംചെയ്‌ത്‌ സ്‌പീക്കർ പറഞ്ഞു. 
 സംഘടിതമായും ആസൂത്രിതമായും സൂക്ഷ്‌മമായുമുള്ള അസത്യവും വ്യാജവാർത്തകളും  പ്രചരിപ്പിക്കയാണ്‌.  മാധ്യമസ്വാതന്ത്ര്യം എന്നത്‌ ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പൂരകമാണ്‌. ഇത്‌ മറന്നുപോകരുത്‌. ഇന്ന്‌ മുട്ടിൽ നിവർന്നുനിൽക്കാൻ കൂടിയാകാത്തവിധം ദുർബലമായി മാധ്യമങ്ങൾ. നാട്‌ കുഴിയിലേക്ക്‌ കാല്‌നീട്ടിനിൽക്കുമ്പോൾ  തലകുനിച്ചിരിക്കുന്ന മാധ്യമങ്ങൾ   ജനാധിപത്യത്തെയും  സ്വാതന്ത്ര്യത്തെയും ദുർബലമാക്കി. താലിബാൻ അഫ്‌ഘാനിസ്ഥാൻ കീഴടക്കുമ്പോൾ അവരെ സൃഷ്‌ടിച്ചത്‌ അമേരിക്കൻ സാമ്രാജ്യത്വമാണെന്ന സത്യം മറച്ചുവയ്‌ക്കുന്നുണ്ട്‌. അഫ്‌ഘാനിൽ നിന്നും  ഭൂമിശാസ്‌ത്രപരമായി മാത്രമല്ലാത്ത അടുപ്പമുള്ള ഇന്ത്യയിൽ  അരങ്ങേറുന്ന സംഭവങ്ങൾ വിലയിരുത്താനോ പറയാനോ ഉള്ള ആർജവം ഭൂരിഭാഗവും കാട്ടുന്നില്ല. സത്യത്തോടും  ജനങ്ങളോടുമാകണം പ്രതിബദ്ധത എന്നത്‌ മാധ്യമങ്ങൾ മറന്നുപോയതിന്റെ ദുരന്തമാണ്‌ അനുഭവിക്കുന്നത്‌ –- മാധ്യമം, സമൂഹമാധ്യമം അഭിപ്രായ സ്വാതന്ത്ര്യം എന്ന വിഷയം അവതരിപ്പിച്ച്‌ സ്‌പീക്കർ പറഞ്ഞു. 
കലിക്കറ്റ്‌  പ്രസ്‌ക്ലബ്‌ മുൻ പ്രസിഡന്റായിരുന്ന എൻ രാജേഷിന്റെ ഒന്നാം ചരമവാർഷികത്തിൽ ചാരിറ്റബിൾ ട്രസ്‌റ്റാണ്‌ ചടങ്ങ്‌ സംഘടിപ്പിച്ചത്‌. പ്രസ്‌ക്ലബ്‌ പ്രസിഡന്റ്‌ എം ഫിറോസ്‌ഖാൻ അധ്യക്ഷനായി. കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ്‌ കെ പി റെജി, എൻ പി രാജേന്ദ്രൻ, ഫാദർ ജോണി കാഞ്ഞിരത്തിങ്കൽ, ഫ്രാൻസിസ്‌ എന്നിവർ സംസാരിച്ചു. കമാൽ വരദൂർ സ്വാഗതവും പി എസ്‌ രാകേഷ്‌ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top