18 September Wednesday

അഞ്ച്‌ ദിവസം കെഎസ്‌ആർടിസിക്ക്‌ നഷ്ടം 35 കോടി

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2019
കോഴിക്കോട്‌ 
പ്രളയം കെഎസ്‌ആർടിസിയുടെയും നടുവൊടിച്ചു. മഴക്കെടുതി രൂക്ഷമായ കഴിഞ്ഞ എട്ടുമുതലുള്ള അഞ്ചു ദിവസങ്ങളിൽ ഉത്തര മേഖലയ്‌ക്ക്‌ നഷ്ടം 35 കോടിരൂപ. 
പലയിടത്തും റോഡ്‌ തകർന്നതും റോഡിൽ വെള്ളം ഉയർന്നതും കാരണം സർവീസുകൾ വെട്ടിച്ചുരുക്കി. പ്രളയം ആരംഭിച്ച എട്ടിന്‌ അഞ്ച്‌ ലക്ഷം രൂപയുടെ കുറവാണ്‌ കലക്‌ഷനിലുണ്ടായത്‌. ഒമ്പതിന്‌ ഏഴ്‌ ലക്ഷം, പത്തിന്‌ അഞ്ച്‌ ലക്ഷം, 11ന്‌ ഏഴ്‌ ലക്ഷം, 12ന്‌ 11 ലക്ഷം എന്നിങ്ങനെയാണ്‌ വരുമാനത്തിലെ കുറവ്‌. സാധാരണ ദിവസങ്ങളിൽ ശരാശരി 14 ലക്ഷം രൂപ വരെയാണ്‌ കെഎസ്ആർടിസി ഉത്തരമേഖല സ്വന്തമാക്കുന്നത്‌. അവധി ദിവസങ്ങളിലും  വിശേഷ ദിവസങ്ങളിലും വരുമാനം ഇരട്ടിയാകും. 
ലൈക്കടിക്കാം ഈ സേവനങ്ങൾക്ക്‌
കോഴിക്കോട്‌ 
ബസ്സുകളുടെ കാൽഭാഗം വരെ വെള്ളം പൊങ്ങിയിട്ടും യാത്രക്കാരെ പെരുവഴിയിലിറക്കാതെ ലക്ഷ്യസ്ഥാനത്തെത്തിച്ച കെഎസ്‌ആർടിസി ജീവനക്കാർക്ക്‌ സമൂഹ മാധ്യമങ്ങളിൽ ലൈക്കടിക്കുന്നു. ഉരുൾപൊട്ടൽ ഭീഷണിയുള്ള വയനാട്‌ അടക്കമുള്ള സ്ഥലങ്ങളിലേക്ക്‌ ജീവൻ പണയം വെച്ചാണ്‌  പല സർവീസുകളും നടത്തിയത്‌. പാളങ്ങളിൽ മണ്ണിടിഞ്ഞു വീണും മറ്റും  ട്രെയിൻ സർവീസുകൾ റദ്ദാക്കിയപ്പോഴും കെഎസ്‌ആർടിസി  യാത്രക്കാർക്ക്‌ ആശ്വാസമായി. 
സ്വകാര്യ വാഹനങ്ങളടക്കം സർവീസ്‌ നിർത്തിയ  വയനാട്ടിലേക്കും കുറ്റ്യാടിയിലേക്കും ബാലുശേരിയിലേക്കും കൊയിലാണ്ടിയിലേക്കും ബസ്സോടിച്ചു. 
പ്രളയം തുടങ്ങിയ ആദ്യ ദിവസം നേത്രാവതി അടക്കമുള്ള ട്രെയിനുകൾ റദ്ദാക്കിയപ്പോൾ രണ്ടായിരത്തിലധികം യാത്രക്കാർ ആശ്രയിച്ചത്‌ കെഎസ്‌ആർടിസിയെയായിരുന്നു. അറുപതോളം സർവീസുകൾ അധികം അയച്ചാണ്‌ യാത്രക്കാർക്ക്‌ സൗകര്യം ഒരുക്കിയതെന്ന്‌ ജില്ലാ ഗതാഗത മേധാവി ജോഷി ജോൺ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top