26 July Monday
കൗമാരക്കാരിൽ സ്‌ക്രീന്‍ അടിമത്തം വർധിച്ചു

കുട്ടി മൊബൈലിലാണോ...?

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021
സ്വന്തം ലേഖകൻ
കോഴിക്കോട്
പഠനവും വിനോദവുമെല്ലാം  ഡിജിറ്റലായ  കുട്ടികളിൽ  സ്‌ക്രീൻ അടിമത്തം വർധിച്ചുവരുന്നതായി ആരോഗ്യവിദഗ്‌ധർ.  കോവിഡും തുടർന്നുള്ള   അടച്ചിടലും  സ്കൂളുകളില്ലാത്തതും  കളിക്കാനായി പുറത്തേക്ക് പോകാനാകാത്തതും  കുട്ടികളെ സ്മാർട്ട് സ്‌ക്രീൻ അടിമത്തത്തിൽ കൊണ്ടെത്തിച്ചതായാണ്‌ വിലയിരുത്തൽ.  കഴിഞ്ഞ വർഷത്തെ അധ്യയനവും  ശേഷമുള്ള അവധിക്കാലവും ഈ വർഷത്തെ അധ്യയനവുമെല്ലാം കോവിഡ് കവർന്നെടുത്തതാണ്  പ്രശ്‌നം‌. 
ദിവസം ശരാശരി  ആറ്‌ മണിക്കൂറിലധികം ഡിജിറ്റൽ സ്ക്രീനിന്‌ മുന്നിലാണ് കുട്ടികൾ ചെലവിടുന്നത്‌‌.   
അധ്യയനം ഓൺലൈനാക്കിയതോടെ എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്കും ഫോൺ ഉപയോഗിക്കാനുള്ള അവസരം വന്നതാണ്  മറ്റൊരു കാരണം.  പുറത്തിറങ്ങാൻ കഴിയാത്തതിനാൽ കുട്ടികളിലധികവും മൊബൈൽഫോൺ, ടാബ്, ലാപ്പ് എന്നിവക്ക്‌  മുന്നിലാണ് കുടുതൽ നേരം ചെലവഴിക്കുന്നത്.  ഇത് കുട്ടികളിൽ  സ്വഭാവ മാറ്റങ്ങൾക്ക്‌  ഇടയാക്കുന്നു‌.  അമിത ദേഷ്യം, പഠനത്തിൽ പിന്നോക്കം പോകുക, ശ്രദ്ധക്കുറവ്, അനുസരണക്കേട്, വിഷാദം തുടങ്ങിയ പ്രശ്നങ്ങൾ വർധിച്ചുവരുന്നതായും കാണപ്പെടുന്നു.
അടച്ചിടലിന്‌ ശേഷം കൗമാരക്കാരിലും സ്‌ക്രീൻ അഡിക്‌ഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ വർധിച്ചതായി  കോഴിക്കോട് ബീച്ച് ആശുപത്രിയിലെ അഡോളസന്റ് ഹെൽത്ത് കൗൺസലർ എ ജി ഗായത്രി.  പഠനത്തിനായി  മൊബൈൽ ഫോൺ കൊടുക്കുന്ന പല രക്ഷിതാക്കൾക്കും ഇവയുടെ  ഉപയോഗത്തെക്കുറിച്ച് വ്യക്തമായ അവബോധമില്ലാത്തതാണ് പ്രധാന പ്രശ്നം. പുറത്തിറങ്ങാനോ കൂട്ടുകാരുമായി സഹവസിക്കാനോ അവസരം കിട്ടാത്തത് കൗമാരക്കാരിൽ മാനസിക പ്രശ്നങ്ങൾക്കിടയാക്കും. കൗമാരക്കാർ ബ്ലൂസെക്സിന് അടിമപ്പെടുന്ന കേസുകളും കൂടിവരുന്നു.   
ഉറങ്ങുന്നതിന് ചുരുങ്ങിയത് രണ്ട് മണിക്കൂർ മുമ്പെങ്കിലും മൊബൈൽ അടക്കമുള്ള ദൃശ്യമാധ്യമങ്ങൾ ഒഴിവാക്കണം.  
  ഗെയിമിന്‌ അടിമപ്പെടുന്ന കുട്ടികൾ ഫോൺ കിട്ടിയില്ലെങ്കിൽ ദേഷ്യപ്പെടുകയും അനുസരണക്കേട് കാട്ടുകയും ചെയ്യും. ചിലരെ ഇത് വിഷാദ രോഗത്തിനടിമയാക്കും. സ്ഥിരമായി കൂടുതൽ സമയം മൊബൈൽ ഫോൺ, ടിവി, കംപ്യൂട്ടർ, തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ഉപയോഗം കുട്ടികളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും മാറ്റങ്ങളുണ്ടാക്കും.  ഇത് തടയാൻ  ഉപയോഗം പരിമിതപ്പെടുത്തണമെന്നും  വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top