05 August Thursday

കോവിഡിൽ തളിർത്ത്
വീടുകളിലെ കോഴികൃഷി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021
സ്വന്തം ലേഖിക
കോഴിക്കോട്‌
കോവിഡ്‌ കാലത്ത്‌  ജീവിതം വീട്ടിനുള്ളിലേക്ക്‌ മാറിയപ്പോൾ കോഴികൃഷിയിലും അഭിവൃദ്ധി. ജീവിതത്തിരക്കുകൾ കൂടിയതോടെ വീടുകളിൽനിന്ന്‌ അകന്ന കോഴിവളർത്തലിന്‌ കോവിഡ്‌ കാലത്ത്‌ പുത്തനുണർവ്‌.  ഇറച്ചി, മുട്ട എന്നിവയിൽ സ്വയംപര്യാപ്‌തത എന്നതിന്‌ പുറമെ ചെറിയ വരുമാനമെന്ന ലക്ഷ്യത്തിലുമാണ്‌ വറുതിക്കാലത്ത്‌ പലരും ഇതിലേക്കിറങ്ങുന്നത്‌.
മൃഗസംരക്ഷണ വകുപ്പ്‌ സഹകരണത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ  മുട്ടഗ്രാമം, കൂടും കോഴിയും, ഭക്ഷ്യസുരക്ഷയുടെ ഭാഗമായുള്ള കോഴിവിതരണം തുടങ്ങിയ പദ്ധതികളിൽ വളർത്തുകോഴിയെ വാങ്ങാനായി ലോക്‌ഡൗൺ തുടക്കംമുതൽ ആവശ്യക്കാരേറെ. 2020ൽ മെയ്‌ മുതൽ ഗവ. അംഗീകൃത നേഴ്‌സറികളിൽനിന്ന്‌ തദ്ദേശ സ്ഥാപനങ്ങൾ വഴിയും അല്ലാതെയും കോഴികൾ വലിയതോതിൽ വിറ്റഴിഞ്ഞിരുന്നു. നേരത്തെ ഈ പദ്ധതികളുടെ ഭാഗമാകാത്ത നിരവധിപേരാണ്‌  വളർത്തുകോഴികളെ ആവശ്യപ്പെട്ട്‌  എത്തുന്നതെന്ന്‌ മൃഗസംരക്ഷണ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ കെ ബേബി പറഞ്ഞു.   
സുഭിക്ഷ കേരളം പദ്ധതിയുടെ തുടർച്ചയായി ഭക്ഷ്യസുരക്ഷയിൽ ഉൾപ്പെടുത്തി പ്രളയശേഷം സർക്കാർ അഞ്ച്‌ കോഴികളെ സൗജന്യമായി നൽകുന്ന പദ്ധതി ആരംഭിച്ചതും അനുകൂലമായി. ഇതിനുപുറമെ ചാത്തമംഗലത്തെ റീജിണൽ പൗൾട്രി ഫാമിൽനിന്ന്‌ ഉൽപ്പാദിപ്പിക്കുന്ന കോഴിക്കുഞ്ഞുങ്ങളെ പഞ്ചായത്ത്‌ തലങ്ങളിൽ ചെറിയനിരക്കിൽ വിൽക്കുന്നുണ്ട്‌.  ഗ്രാമശ്രീ, ഗിരിരാജ, ഗ്രാമലക്ഷ്‌മി തുടങ്ങിയ സങ്കരയിനങ്ങളും നാടൻ കോഴികളുമാണ്‌ പ്രധാനമായും വളർത്തുന്നത്‌. വളർച്ചയെത്തിയ കോഴിക്ക്‌ 500 രൂപവരെ വിലയുണ്ട്‌. എട്ട്‌ മുതൽ 10 രൂപ വരെയാണ്‌ നാടൻ മുട്ടയുടെ വില.  പ്രാദേശിക വിപണിയിൽ നാടൻ കോഴികളുടെ കടന്നുകയറ്റം കൂടിയതായി പൗൾട്രി ഫാർമേഴ്‌സ്‌ അസോസിയേഷൻ ജില്ലാ സെക്രട്ടറി ടി നാരായണൻ പറയുന്നു.  
ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ  ഒരുവർഷം ഏകദേശം നാല്‌ ലക്ഷം കോഴിക്കുഞ്ഞുങ്ങളെയാണ്‌ വിതരണംചെയ്യുന്നത്‌. സർക്കാരിന്റെ കേരള ചിക്കൻ പദ്ധതിയുമായി ബന്ധപ്പെട്ട കുടുംബശ്രീ അംഗങ്ങൾക്ക്‌ വലിയ കോഴിഫാമുകൾ ആരംഭിക്കാനുള്ള പദ്ധതിയും നടക്കുന്നുണ്ട്‌. അതേസമയം വലിയ വിപണി ലക്ഷ്യമിട്ട്‌ ഫാമുകളായി നടത്തുന്ന കോഴികൃഷി ലോക്‌ഡൗണിൽ പരിപാടികൾ കുറഞ്ഞതിനാലും കോഴിത്തീറ്റയുടെ വിലകൂടിയതിനാലും പ്രതിസന്ധി നേരിടുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top