04 August Wednesday

ലേല‍ത്തിൽ വാങ്ങിയ വാഹനം 8 വർഷത്തിനു ശേഷം കസ്റ്റഡിയിലെടുത്തതായി പരാതി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021
പേരാമ്പ്ര
പൊലീസ് ലേലം ചെയ്ത് വിറ്റ ബൈക്ക് എട്ട് വർഷത്തിനു ശേഷം പൊലീസ് തന്നെ തൊണ്ടിമുതലായി പിടിച്ചെടുത്തതിനെതിരെ ഉടമ മുഖ്യമന്ത്രിക്കും കോഴിക്കോട് സിറ്റി പൊലീസ് കമീണർക്കും പരാതി നൽകി. മേപ്പയ്യൂർ കീഴ്‌പ്പയ്യൂരിലെ മുറിച്ചാണ്ടിയിൽ മുനീറാണ് പരാതി നൽകിയത്. 
2013 ആഗസ്തിൽ പൊലീസ് കസ്റ്റഡിയിലുള്ള വാഹനങ്ങൾ ലേലം ചെയ്യുന്നതായുള്ള കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിന്റെ പത്ര പരസ്യം കണ്ടാണ് മുനീർ സ്റ്റേഷനിലെത്തി ലേലത്തിൽ പങ്കെടുത്ത് കെഎൽ 11 ജെ 4033 ഹീറോ ഹോണ്ട ബൈക്ക് വാങ്ങിയത്. സ്റ്റേഷനിൽ നിന്ന് ലഭിച്ച രേഖകൾ ഹാജരാക്കി കൊയിലാണ്ടി ആർടി ഓഫീസിൽ നിന്ന് രജിസ്ട്രേഷൻ മുനീറിന്റെ പേരിലാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കോഴിക്കോട് കസബ പൊലീസ് വീട്ടിലെത്തി ബൈക്ക് കളവ് മുതലാണെന്ന് കാണിച്ച് നോട്ടീസ് നൽകി മഹസർ തയ്യാറാക്കി വാഹനം കസ്റ്റഡിയിലെടുത്ത് കൊണ്ടു പോവുകയായിരുന്നു. കസബ സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷണം പോയ ബൈക്കാണ് മെഡിക്കൽ കോളജ് പൊലീസ് ലേലം ചെയ്ത് മുനീറിന് വിറ്റത്. ബൈക്കിന്റെ യഥാർഥ ഉടമ മോട്ടോർ വാഹന വകുപ്പിന്റെ സൈറ്റിൽ തെരഞ്ഞപ്പോഴാണ് ബൈക്ക് മുനീറിന്റെ പേരിലാണെന്നറിയുന്നത്. തുടർന്ന് ഉടമ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കേസിൽ പുനരന്വേഷണം നടത്തി ബൈക്ക് കസ്റ്റഡിയിലെടുത്തതെന്നാണ് കസബ പൊലീസ്‌ അധികൃതരുടെ വിശദീകരണം.
പൊലീസിന്  പറ്റിയ വീഴ്ചയുടെ പേരിൽ സ്റ്റേഷനിൽ നിന്ന് ലേലത്തിൽ വാങ്ങിയ വാഹനം തിരികെ ലഭിക്കണമെന്നാണ് മുനീറിന്റെ ആവശ്യം.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top