17 July Wednesday
കുറ്റ്യാടി ബസ‌് സ്റ്റാൻഡിലെ ‘മൂത്രപ്പുര സമരം’

മുൻ ഭരണസമിതിയുടെ കഴിവുകേട് മറയ‌്ക്കാനുള്ള കോൺഗ്രസ‌് നാടകം

വെബ് ഡെസ്‌ക്‌Updated: Saturday Jun 15, 2019
കുറ്റ്യാടി 
പുതിയ ബസ‌് സ്റ്റാൻഡിലെ മൂത്രപ്പുര തുറന്നുനൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ‌് നേതൃത്വത്തിൽ വ്യാഴാഴ്ച നടന്നത‌് സമര നാടകം. കോൺഗ്രസ‌് നേതൃത്വത്തിലുള്ള കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയുടെ കഴിവുകേടും അഴിമതിയും മറച്ചുവെക്കാനുള്ള പ്രഹസന സമരമാണ‌് നടന്നതെന്ന‌് കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് സി എൻ ബാലകൃഷ്ണൻ പറഞ്ഞു.  
വരുന്ന പഞ്ചായത്ത് തെരെഞ്ഞെടുപ്പ് മുന്നിൽക്കണ്ട‌് യാഥാർഥ്യങ്ങൾ മറച്ചുവെച്ച‌് ‘സമരത്തിനു വേണ്ടിയുള്ള സമരമാണ‌്’ കോൺഗ്രസ‌് നടത്തിയത‌്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് കോടികൾ ചെലവഴിച്ച് അശാസ്ത്രീയമായാണ് ബസ‌് സ്റ്റാൻഡ‌് നിർമാണം നടത്തിയത്. പ്രവൃത്തി പൂർത്തിയാകും മുമ്പ് തിരക്കിട്ട് ഭരണസമിതി ഉദ്ഘാടനം നടത്തി.  
നിർമാണത്തിലെ അശാസ‌്ത്രീയത കാരണം ഉദ‌്ഘാടനം കഴിഞ്ഞ‌് കുറച്ചു ദിവസത്തിനുള്ളിൽ തന്നെ ബസ‌് സ്റ്റാൻഡ‌് ഉപയോഗശൂന്യമാകുകയും ചെയ്തു. കെട്ടിടം പൂർണമായും ചോർന്ന് ഒലിക്കുകയും സ്റ്റാൻഡിലെ അഴുക്കുചാലിൽ നിന്ന‌് മലിനജലം ബസ‌് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഒഴുകിയെത്തുകയും ചെയ‌്തു. ബസ‌് സ്റ്റാൻഡിലെ പല ഭാഗവും താഴ‌്ന്നുപോകുകയും മൂത്രപ്പുര ഉപയോഗ്യശൂന്യമാവുകയും സെപ്റ്റിക‌് ടാങ്ക് നിറഞ്ഞ് ഒഴുകുകയും ചെയ്തു. 
ഇതിനുപുറമെ ബസ‌് സ്റ്റാൻഡിൽ വെളിച്ചവും വെള്ളവും ലഭ്യമാക്കിയിരുന്നുമില്ല. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ സിപിഐ എം നേതൃത്വത്തിൽ എൽഡിഎഫ് അധികാരത്തിലെത്തിയ ശേഷം ഒന്നര കോടി രൂപ പഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്ന‌് ചെലവഴിച്ച് സ്റ്റാൻഡ‌് പുനർനിർമിച്ചു. 
ബസ‌് ബേ, അഴുക്കുചാൽ, ബസ‌് കയറാനും ഇറങ്ങാനുമുള്ള സൗകര്യം, വൈദുതി, വെള്ളം, ബസ‌് കാത്തിരിപ്പ‌് സൗകര്യവും എന്നിവ ഒരുക്കി. ഇതോടൊപ്പം കെട്ടിടത്തിന്റെ മേൽക്കൂരയിലെ ചോർച്ച മാറ്റുകയും ചെയ‌്തു.
ബസ‌് സ്റ്റാൻഡിന‌് ആവശ്യമായ എല്ലാവിധ ഭൗതിക സാഹചര്യങ്ങളും എൽഡിഎഫ‌് ഭരണ സമിതി നടപ്പിലാക്കി. മൂത്രപ്പുരയും ഇടക്കാലത്ത് തുറന്നു നൽകിയിരുന്നു. എന്നാൽ നിർമാണത്തിലെ പിഴവുകൾ കാരണം മൂത്രപ്പുരയും സെപ്റ്റിക‌് ടാങ്കും നിറഞ്ഞത് നന്നാക്കാൻ വേണ്ടി താൽക്കാലികമായി മൂത്രപ്പുര അടച്ചിട്ടിരുന്നു. ഈ സമയത്താണ് മൂത്രപ്പുര സമരവുമായി കോൺഗ്രസ‌് നേതാക്കൾ സമരത്തിനെത്തിയത്. മൂത്രപ്പുരയും അറ്റകുറ്റപ്പണി നടത്തി ഉടൻ തുറന്നു നൽകും. 
യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് പഞ്ചായത്തിൽ നിലനിന്ന വികസന മുരടിപ്പിനും കെടുകാര്യസ്ഥതക്കും എൽഡിഎഫ‌് അധികാരത്തിൽ എത്തിയതോടെ അറുതിയായിട്ടുണ്ട‌്. കാര്യക്ഷമവും സുതാര്യവും അഴിമതിരഹിതവുമായ ഭരണവും വികസന മുന്നേറ്റവും സൃഷ്ടിച്ച എൽഡിഎഫ‌് ഭരണസമിതിക്കെതിരെ അടിസ്ഥാനരഹിതമായ സമരവുമായാണ‌് കോൺഗ്രസ‌്   രംഗത്തെത്തിയത‌്. 
ഇത‌് ജനങ്ങൾ തിരിച്ചറിയണമെന്നും കുറ്റ്യാടി പഞ്ചായത്ത് എൽഡിഎഫ് ഭരണസമിതി അംഗങ്ങൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top