18 June Friday

തീരം കടലാക്രമണ ഭീതിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021
സ്വന്തം ലേഖിക
കോഴിക്കോട്‌  
ന്യൂനമർദം ശക്തിപ്പെട്ടതിന്റെ ഫലമായുള്ള കടൽക്ഷോഭത്തിൽ തീരദേശം വിറങ്ങലിച്ചു. പലയിടങ്ങളിലും വീടുകളിലേക്ക്‌ വെള്ളം കയറി. തീരദേശ റോഡുകൾ തകർന്നു. തീരങ്ങളിലെ തെങ്ങ്‌ അടക്കമുള്ള മരങ്ങൾ കടപുഴകി. വ്യാഴാഴ്‌ച പകലാണ്‌ കടലാക്രമണം തുടങ്ങിയത്‌. വെള്ളിയാഴ്‌ച രാത്രി വൈകിയും കൂറ്റൻ തിരമാലകൾ അടിച്ചുകയറുകയാണ്‌.  
കോഴിക്കോട്‌ നഗരത്തിൽ നൈനാംവളപ്പ്‌, കോതി, തോപ്പയിൽ നദീ നഗർ, കോയവളപ്പ്‌, പുതിയകടവ്‌ എന്നിവിടങ്ങളിലാണ്‌ സ്ഥിതി രൂക്ഷം. നൈനാംവളപ്പ്‌, കോതി എന്നിവിടങ്ങളിലായി ഇരുപതോളം വീടുകളും കോയവളപ്പിൽ പത്തോളം വീടുകളും തകർച്ചയുടെ വക്കിലാണ്‌.  മൂന്ന്‌ കുടുംബങ്ങളെ  ബന്ധുവീടുകളിലേക്ക്‌ മാറ്റി. തോപ്പയിലുള്ളവരെ സമീപത്തെ സ്‌കൂളിലേക്കാണ്‌ മാറ്റിയത്‌.  ഇവരെയെല്ലാം ആന്റിജൻ പരിശോധനയ്‌ക്ക്‌ വിധേയരാക്കി. 31 പേർക്ക്‌ ഇതിനകം കോവിഡ്‌ സ്ഥിരീകരിച്ചതിനാൽ ഇവരെ തോപ്പയിലെ ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററിലേക്ക്‌ മാറ്റി. 
വെസ്റ്റ്ഹിൽ മുതൽ എലത്തൂർവരെ തീരദേശത്ത്‌ കടലാക്രമണം രൂക്ഷമായി. 70 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. എലത്തൂരിൽ നൂറോളം കുടുംബങ്ങളെയും പുതിയാപ്പയിൽ പത്തോളം കുടുംബങ്ങളെയും ദുരിതാശ്വാസകേന്ദ്രത്തിലേക്ക്‌ മാറ്റാനുള്ള നടപടിയായി.  
കടലുണ്ടി പഞ്ചായത്തിലെ തീരമേഖലയിലാകെ കടലാക്രമണമാണ്‌. രണ്ടര കിലോമീറ്ററോളം ദൂരത്തിലുള്ള തീരമേഖലയിൽ നൂറിലേറെ വീടുകളിൽ വെള്ളം കയറി. പലരെയും മാറ്റിത്താമസിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌.   ബേപ്പൂരിലും ഗോതീശ്വരത്തും തീരം കടലെടുക്കുകയാണ്‌. പുലിമൂട്ടിലാകെ കല്ലുകൾ നിറഞ്ഞു.  
കാപ്പാടും ഏഴുകുടിക്കലും ഹാർബർ പരിസരത്തും കൊല്ലത്തും പാറപ്പള്ളിയിലും കടലാക്രമണം ശക്തമായി. തീരദേശ റോഡ് ഭൂരിഭാഗവും കടലെടുത്തു. ഏഴു കുടിക്കൽ പാലത്തിന്റെ കൈവരി തകർന്നു. കൊല്ലത്ത് വീടുകളിലേക്ക് വെള്ളം അടിച്ചുകയറി. കടലാക്രമണ ഭീഷണിയെ തുടർന്ന് കൊല്ലം പാറപ്പള്ളിയിൽ ആറ് കുടുംബത്തിലെ 35 പേരെ മാറ്റിപ്പാർപ്പിച്ചു. സ്ഥലത്തെ മദ്രസയിലേക്കാണ് മാറ്റിയത്.
കൊളാവിപ്പാലം കോട്ടക്കടപ്പുറത്ത് കടലാക്രമണം രൂക്ഷം. 65ഓളംകുടുംബങ്ങൾ കടലാക്രമണ ഭീതിയിലാണ്. കോട്ടക്കൽ കുഞ്ഞാലിമരക്കാർ ഹൈ സ്കൂളിലും, ഇസ്ലാമിക് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലും ഇവരെ ആവശ്യമെങ്കിൽ മാറ്റിപ്പാർപ്പിക്കാൻ ഒരുക്കങ്ങൾ ചെയ്തതായി ഇരിങ്ങൽവില്ലേജ് ഓഫീസർ പി കെ അനിതഅറിയിച്ചു.    
തിക്കോടി പഞ്ചായത്തിലെ കല്ലകത്ത് ബീച്ച്, ഉതിരുപറമ്പിൽ, സ്രാമ്പിക്കൽ ബീച്ചുകളിലും കടലാക്രമണ ഭീഷണി ഉണ്ട്. 
വടകര തീരദേശത്തും കടൽ പ്രക്ഷുബ്ധമാണ്‌. പുറങ്കര മുതൽ കുരിയാടി വരെയുള്ള ഭാഗങ്ങളിലാണ് ശക്തമായ കടലാക്രമണം. നിരവധി വീടുകൾ ഭീഷണിയിലാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top