21 April Sunday

മത്സ്യബന്ധന വലകൾ കത്തിനശിച്ചു

സ്വന്തം ലേഖകൻUpdated: Monday Apr 15, 2019
 
കടലുണ്ടി 
ചാലിയത്ത് മത്സ്യബന്ധന വലകൾക്ക് തീപിടിച്ച് വൻ നാശനഷ്ടം. സമീപത്തുണ്ടായിരുന്ന ഒരു ഫൈബർ വള്ളത്തിനും അഗ്നിബാധയിൽ കേടുപാട‌് സംഭവിച്ചു. നാലര ലക്ഷത്തോളം രൂപ വിലവരുന്ന 7.5 ക്വിന്റൽ വ്യത്യസ്തയിനം നൈലോൺ വലകളാണ് കത്തിനശിച്ചത്. ചാലിയം ഫോറസ്റ്റ് തടി ഡിപ്പോക്ക‌് എതിർവശം ടിപ്പുസുൽത്താൻ ബസ് സ്റ്റോപ്പിനടുത്തായി തോണികൾ ഒന്നിച്ച് നിർത്തുന്നിടത്തായിരുന്നു തീപിടിത്തം. ഞായറാഴ്ച 12.45 നായിരുന്നു  സംഭവം.
ചാലിയം സ്വദേശികളായ തൈക്കടപ്പുറത്ത് സിദ്ധീഖ് (250 കിലോ), തൈക്കടപ്പുറത്ത് അബ്ദുൽ നാസർ (200 കിലോ), തൈക്കടപ്പുറത്ത് ഫൈസൽ ( 150 കിലോ), തൈക്കടപ്പുറത്ത് ഹംസക്കോയ (150 കിലോ) എന്നിവരുടേതാണ് കത്തിനശിച്ച വലകൾ. ചാലിയം ഫിഷ് ലാൻഡിങ‌് സെന്റർ കേന്ദ്രീകരിച്ച് മീൻപിടിത്തത്തിലേർപ്പെടുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾ അല്പമകലെ  അവരുടെ  വള്ളങ്ങൾ നിർത്തിയിടുകയും വലകൾ അറ്റകുറ്റപ്പണി നടത്തുന്നതുമായ സ്ഥലത്ത് പാതയോരത്തായിരുന്നു തീപിടിത്തം.
മത്സ്യബന്ധനത്തിനുപയോഗിച്ച് ബാക്കിവരുന്നതും പുതിയതും ഉൾപ്പെടെ പതിവായി സൂക്ഷിക്കുന്നിടത്ത് തീ പടർന്നതിന്റെ വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. കെ പി ഹുസൈൻകോയയുടെ "അൽ-മായിദ’ എന്ന ഫൈബർ വള്ളമാണ് തീപിടിത്തത്തിൽ  ഭാഗികമായി നശിച്ചത്.
വിവരമറിഞ്ഞ്  മീഞ്ചന്തയിൽനിന്ന‌് ഫയർഫോഴ്സ് എത്തിയെങ്കിലും ഇതിനു മുമ്പേ മത്സ്യത്തൊഴിലാളികൾ പുഴയിൽനിന്ന‌് വെള്ളം കോരിയൊഴിച്ച‌് തീ പരമാവധി നിയന്ത്രിച്ചിരുന്നു. 
കടലുണ്ടി വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ചു. വിവരമറിഞ്ഞയുടൻ മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമിതി അംഗം എ ഹസൻ, മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ ജോ. സെക്രട്ടറി  എം മുസ്തഫ എന്നിവർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.
പ്രധാന വാർത്തകൾ
 Top