24 February Monday
സഹായവിതരണം തുടരുന്നു

പ്രളയബാധിതർക്ക്‌ കൈമാറിയത്‌ 14 കോടി

സ്വന്തം ലേഖകൻUpdated: Saturday Feb 15, 2020
കോഴിക്കോട്‌
ജീവിതത്തിന്‌ മുകളിലേക്ക്‌ പ്രളയജലം ഇരച്ചുകയറിയവരുടെ കണ്ണീരൊപ്പി സർക്കാർ. 2019ലെ പ്രളയത്തിൽ ജില്ലയിൽ ദുരിതമനുഭവിച്ചവർക്കായി ഇതുവരെ വിതരണം ചെയ്‌തത്‌ 14 കോടി. വീട്ടിൽ വെള്ളം കയറി ദുരിതത്തിലായവർ മുതൽ വീടും കിടപ്പാടവും ഇല്ലാതായവർ വരെ എല്ലാവർക്കും ധനസഹായ വിതരണം തുടരുകയാണ്‌.
ജനുവരി 31 വരെയുള്ള കണക്കുകൾ പ്രകാരമാണ്‌ 14 കോടി രൂപ ദുരിത ബാധിതരുടെ അക്കൗണ്ടുകളിൽ എത്തിയത്‌. വീടുകളിൽ വെള്ളം കയറിയവർക്ക്‌ 10000 രൂപ വീതവും വീടുകൾക്ക്‌ 15 മുതൽ 29 ശതമാനം വരെ കേടുപാട്‌ പറ്റിയവർക്ക്‌ 60000 രൂപയുമാണ്‌ വിതരണം ചെയ്യുന്നത്‌. 30 മുതൽ 59 ശതമാനം വരെ കേടുപാടുണ്ടായ വീടുകളുടെ ഉടമസ്ഥർക്ക്‌ 12,5000 രൂപയും 74  ശതമാനം വരെ നാശം സംഭവിച്ചവർക്ക്‌ രണ്ടര ലക്ഷം രൂപയും അക്കൗണ്ടുകളിലെത്തിച്ചു. വീട്‌ പൂർണമായും തകർന്നവർക്ക്‌ സർക്കാർ പ്രഖ്യാപിച്ച നാല്‌ ലക്ഷം രൂപയുടെ വിതരണവും പുരോഗമിക്കുകയാണ്‌.
ക്യാമ്പുകളിൽ കഴിഞ്ഞവർക്കും എത്താൻ കഴിയാതിരുന്ന പ്രളയ ബാധിതർക്കും സഹായം എത്തിക്കുന്നുണ്ട്‌. വില്ലേജ്‌ ഓഫീസിലെയും പഞ്ചായത്തിലെയും ക്ലർക്ക്‌ തസ്‌തികയിൽ കുറയാത്ത ഉദ്യോഗസ്ഥരും പഞ്ചായത്തിലെ എൻജിനിയറിങ്‌ വിഭാഗത്തിൽനിന്നുള്ള ഉദ്യോഗസ്ഥൻ, ഐടി വളന്റിയർ എന്നിവരടങ്ങുന്ന നാലംഗ സംഘമായി തിരിഞ്ഞായിരുന്നു സർവേ. ‘റീബിൽഡ്‌’ മൊബൈൽ ആപ്ലിക്കേഷൻ മുഖേനയായിരുന്നു സർവേ. പ്രളയബാധിതരുടെ ആധാർ, ബാങ്ക്‌ പാസ്‌ബുക്ക്‌, വീടിന്റെ  ചിത്രം തുടങ്ങിയവ ആപ്പിൽ ശേഖരിച്ചു. ഇത്‌ താലൂക്ക്‌ ഓഫീസുകളിൽ നിന്നും ലാൻഡ്‌ റവന്യൂ കമീഷണർക്ക്‌ കൈമാറി. ലാൻഡ്‌ റവന്യു കമീഷണറുടെ പരിശോധനയ്‌ക്ക്‌ ശേഷം ധനവകുപ്പിന്‌ കൈമാറി.   ദുരിത ബാധിതരുടെ അക്കൗണ്ടിലേക്ക്‌  പണം നൽകിക്കൊണ്ടിരിക്കുകയാണ്‌. 43180 കുടുംബങ്ങളെയാണ്‌ പ്രളയംബാധിച്ചത്‌. 7793 പേരുടെ വീടിന്‌ കേടുപാട്‌ സംഭവിച്ചതായും കണ്ടെത്തിയിട്ടുണ്ട്‌. എത്രയുംവേഗം മുഴുവനാളുകൾക്കും പണം അക്കൗണ്ടിലെത്തിക്കാനാണ്‌ ശ്രമിക്കുന്നതെന്ന്‌ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഷാമിൻ സെബാസ്‌റ്റ്യൻ പറഞ്ഞു.  അപേക്ഷകളുടെ നിജസ്ഥിതി പരിശോധിച്ച്‌ ലാൻഡ്‌ റെവന്യു കമീഷണറേറ്റിൽ നിന്ന്‌ സർക്കാരിലേക്ക്‌ അയക്കുന്ന മുറയ്‌ക്കാണ്‌ സാമ്പത്തിക സഹായം നൽകുന്നത്‌. 
സാങ്കേതിക അപാകതകളുള്ള പുനഃപരിശോധനയ്‌ക്കായി മടക്കി അയച്ച്‌ പരിഹരിക്കുന്നതായും അവർ പറഞ്ഞു.
സഹായധനത്തിന്റെ തൽസ്ഥിതി പരിശോധിക്കാൻ കലക്ടറേറ്റിലും താലൂക്ക്‌ ഓഫീസിലും സൗകര്യമുണ്ട്‌. 2018ലെ പ്രളയബാധിതർക്ക്‌ സർക്കാർ പ്രഖ്യാപിച്ച സഹായധനം വിതരണം പൂർത്തിയാക്കി. 51.65 കോടി രൂപയാണ്‌ വിതരണം ചെയ്‌തത്‌.
പ്രധാന വാർത്തകൾ
 Top