24 February Monday

ക്ഷീര കർഷക സംഗമം 22,23ന്‌ വരദൂരിൽ

ഉണ്ണി ഈന്താട്‌Updated: Saturday Feb 15, 2020

ഈന്താട് വൈക്കം മുഹമ്മദ് ബഷീർ ഗ്രന്ഥാലയത്തിന്റെ പുതിയ കെട്ടിടം

കക്കോടി 
തീക്ഷ്‌ണ ജീവിതാനുഭവങ്ങൾ സാമാന്യ ജനങ്ങൾക്കും മനസ്സിലാവുന്ന ലളിതമായ ഭാഷയിൽ കഥകളെഴുതി മലയാളിയെ വിസ്മയിപ്പിച്ച ഒരെഴുത്തുകാരനുള്ള ദേശത്തിന്റെ ആദരമാണ്‌ ഈ വായനശാല. അറിവിലൂടെ  ഗ്രാമത്തെ  സാംസ്‌കാരിക  വെളിച്ചത്തിലേക്ക് നയിക്കാനുള്ള വഴികാട്ടിയാവുകയാണ്‌ കാക്കൂർ ഈന്താട് വൈക്കം മുഹമ്മദ് ബഷീർ ഗ്രന്ഥാലയം. 
അക്ഷരം ആയുധമാണെന്ന തിരിച്ചറിവുള്ള  വായനതല്പരരായ ഒരുകൂട്ടം ആളുകളിൽനിന്നാണ് ഗ്രന്ഥാലയം എന്ന  ആശയം പിറക്കുന്നത്‌.    ലൈബ്രറിയുണ്ടാക്കിയാൽ എല്ലാവർക്കും എല്ലാ പുസ്തകങ്ങളും വായിക്കാനാവും  എന്ന ചിന്ത  വായനശാലക്കായുള്ള ആഗ്രഹത്തിന്‌ ആക്കംകൂട്ടി.  പ്രദേശത്തെ എല്ലാ വീടുകളിലും സന്ദർശിച്ച് പുസ്തക ശേഖരണം തുടങ്ങി. 2005ൽ  വാടക കെട്ടിടത്തിലാണ്‌ ഗ്രന്ഥാലയത്തിന് തുടക്കമിട്ടത്‌.
 15 വർഷം പിന്നിട്ട്‌ സ്വന്തമായൊരു കെട്ടിടം എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്ന  മുഹൂർത്തമാണ്‌ ചൊവ്വാഴ്‌ച.  സാധാരണക്കാരും കൂലിത്തൊഴിലാളികളും കർഷകത്തൊഴിലാളികളും വിദ്യാർഥികളും അടങ്ങുന്നതാണ് ഗ്രന്ഥാലയത്തിന്റെ വായനപരിസരം. ഈന്താട് എഎൽപി സ്‌കൂൾ, നെല്ലികുന്ന് സ്‌കൂൾ, പാവണ്ടൂർ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽനിന്നായി 250ഓളം വിദ്യാർഥികൾ വായനശാല അംഗങ്ങളാണ്. 110 മുതിർന്ന അംഗങ്ങളുമുണ്ട്. 
വിവിധ സാഹിത്യ ശാഖകളിലേതും റഫറൻസ് ഗ്രന്ഥങ്ങളുമടക്കം 4203 പുസ്തകങ്ങൾ ഇവിടെയുണ്ട്‌. പ്രധാന ആനുകാലികങ്ങളും വരുത്തുന്നുണ്ട്‌. 2007ൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരം ലഭിച്ചു.  പ്രഭാഷണങ്ങൾ, ചർച്ചാ ക്ലാസുകൾ, സെമിനാറുകൾ, ആരോഗ്യ വിദ്യാഭ്യാസ പരിപാടികൾ തുടങ്ങിയവ ഗ്രന്ഥാലയത്തെ സജീവമാക്കുന്നു. 
കെ എം രാധാകൃഷ്ണൻ പ്രസിഡന്റും കെ സുബൈർ സെക്രട്ടറിയും പി കെ മഞ്ജുള ലൈബ്രേറിയനുമായ 11 അംഗ കമ്മിറ്റിയാണ് ലൈബ്രറിയെ നയിക്കുന്നത്. ഇതിനിടെ ചിട്ടി നടത്തിയും വ്യക്തികളിൽനിന്ന് ഫണ്ട് ശേഖരിച്ചും പാവണ്ടൂർ ഈന്താട് റോഡിൽ താഴെ ചെറുവത്ത് അഞ്ച്‌ സെന്റ് സ്ഥലം വിലയ്‌ക്കുവാങ്ങി. 
അതിൽ മന്ത്രി എ കെ ശശീന്ദ്രന്റെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 35 ലക്ഷം രൂപ വിനിയോഗിച്ച്  ഇരുനില കെട്ടിടം പണിതു. ചൊവ്വാഴ്ച  മന്ത്രി കെ ടി ജലീൽ ഗ്രന്ഥാലയം നാടിന് സമർപ്പിക്കും. മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷനാകും. 
ഇ എം എസ് ഹാളിന്റെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ ചന്ദ്രനും ഭരണഘടനയുടെ ആമുഖ അനാച്ഛാദനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ പി ശോഭനയും ഗാന്ധിജിയുടെ ഛായാചിത്രം പഞ്ചായത്ത് പ്രസിഡന്റ് കെ ജമീലയും അനാച്ഛാദനം ചെയ്യും. സാംസ്‌കാരിക പ്രവർത്തകൻ ഡോ. രാജാ ഹരിപ്രസാദ് പ്രഭാഷണം നടത്തും. തുടർന്ന് നാടകവും ഗാനമേളയും അരങ്ങേറും. 
പ്രധാന വാർത്തകൾ
 Top