24 February Monday
വരവേൽക്കാനൊരുങ്ങി നഗരം

ആരോഗ്യ സർവകലാശാല ഇന്റർസോൺ

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020

ആരോഗ്യ സർവകലാശാല ഇന്റർസോൺ കലോത്സവത്തിന്റെ മുന്നോടിയായി നടന്ന വിളംബരജാഥ

കോഴിക്കോട്‌

ആരോഗ്യ സർവകലാശാല ഇന്റർസോൺ കലോത്സവം ‘ബെല്ലാ ചാവോ’യെ വരവേൽക്കാൻ കോഴിക്കോട്‌ ഒരുങ്ങി. 17 മുതൽ 20 വരെ കോഴിക്കോട്‌ മെഡിക്കൽ കോളേജിലാണ്‌ കലോത്സവം. ആദ്യമായി വിരുന്നെത്തിയ കലോത്സവത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്‌ മെഡിക്കൽ കോളേജ്‌ വിദ്യാർഥികൾ.

ആദ്യ രണ്ടുദിവസം സ്റ്റേജിതര ഇനങ്ങളും 19, 20 തിയ്യതികളിൽ സ്‌റ്റേജ്‌ ഇനങ്ങളുമാണ്‌ നടക്കുക. 18ന്‌ വൈകിട്ട്‌ നടക്കുന്ന  പൊതുസമ്മേളനത്തിൽ മന്ത്രി കെ കെ ശൈലജ കലോത്സവം ഉദ്‌ഘാടനം ചെയ്യും.

ആറു വേദികളിലായി 97 ഇനങ്ങളിലാണ്‌ മത്സരം. 

ചരിത്രപ്രാധാന്യമുള്ള സമരങ്ങളും രചനകളും പ്രസ്ഥാനങ്ങളുമായും ഭരണഘടനയുമായും ബന്ധപ്പെട്ട പേരുകളാണ്‌ കലോത്സവത്തിനും വേദികൾക്കും നൽകിയിരിക്കുന്നത്‌. ഫാസിസത്തിനെതിരെ ലോകത്താകമാനം ഉയർന്ന മുദ്രാവാക്യമായ ‘ബെല്ലാ ചാവോ’ എന്നാണ്‌ ഇന്റർസോൺ കലോത്സവത്തിന്‌ പേരിട്ടിരിക്കുന്നത്‌. സർഫെറോഷ്‌, നൗജവാൻ, ഹല്ലാ ബോൽ, ഭീംറാവു, പ്രിയാമ്പിൾ, സിറ്റിസൺ എന്നിങ്ങനെയാണ്‌ വേദികൾക്ക്‌ പേര്‌.

ആരോഗ്യ സർവകലാശാലയ്ക്കു കീഴിലുള്ള 315 ക്യാമ്പസുകളിലെ 5000 വിദ്യാർഥികളാണ്‌ മത്സരത്തിൽ പങ്കെടുക്കാനെത്തുന്നത്‌. സർക്കാർ നിർദേശമനുസരിച്ച്‌ ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ്‌ കലോത്സവം നടക്കുകയെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ  പറഞ്ഞു.  ആരോഗ്യ സർവകലാശാല യൂണിയൻ ചെയർമാൻ വി സിദ്ദിഖ്‌, സംഘാടക സമിതി ഭാരവാഹികളായ രമ്യ കൃഷ്‌ണ, എം കെ വിപിൻരാജ്‌ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 

ഇന്റർസോൺ കലോത്സവത്തിന്‌ മുന്നോടിയായി വിളംബരജാഥ സംഘടിപ്പിച്ചു. 

പ്രധാന വാർത്തകൾ
 Top