08 December Sunday

നിർമാണത്തിലുള്ള വീട്‌ തകർന്നു; ബാലിക അത്ഭുതകരമായി രക്ഷപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2019
കുറ്റ്യാടി 
ഞാളെ മോള് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണ്’ -പതിനൊന്നുകാരി റിയയുടെ അച്ഛൻ രാജേഷിന്റെയും അമ്മ ഷീബയുടെയും വാക്കുകളിൽ ഭീതി ഒഴിഞ്ഞിട്ടില്ല. നിർമാണത്തിലുള്ള വീട് തകർന്നുവീണ് കല്ലിനിടയിൽപ്പെട്ട മകൾ രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്കാണ്‌. 
എങ്ങനെയെങ്കിലും വീട്‌ നിർമാണം പൂർത്തിയാക്കാനായില്ലെങ്കിൽ ഇനിയും അപകടം ഉണ്ടാകുമോയെന്ന ആശങ്കയിലാണ്‌ ഈ നിർധന കുടുംബം. ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് കായക്കൊടി കരിങ്ങാട് നട കണ്ണങ്ങാട്ട് രാജേഷിന്റെ നിർമാണത്തിലിരിക്കുന്ന വീടിന്റെ ഭിത്തി തകർന്നുവീണത്.  
ചീക്കോന്ന് യുപി സ്‌കൂൾ ആറാംക്ലാസ്‌ വിദ്യാർഥിയാണ്‌ റിയ. സ്‌കൂളിൽ പോകാനായി  യൂണിഫോം എടുക്കാൻ പോയപ്പോഴായിരുന്നു ഭിത്തി തകർന്ന്‌ റിയയുടെ ശരീരത്തിൽ വീണത്. 
കല്ലുകൾക്കിടയിൽപെട്ട റിയയെ രാജേഷാണ്‌ രക്ഷപ്പെടുത്തിയത്‌. 
റിയയുടെ ഇരുകൈക്കും സാരമായി പരിക്കേറ്റു. കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. പഠനത്തിൽ മിടുക്കിയായ റിയ ബാലസംഘം കരിങ്ങാട് നട യൂണിറ്റ് ഭാരവാഹിയാണ്‌. 
വർഷങ്ങൾക്ക് മുമ്പ്‌ നിർമാണ പ്രവൃത്തി ആരംഭിച്ച വീടിന്റെ പണി പൂർത്തീകരിക്കാൻ ഏറെ വിഷമത്തിലാണ് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കൂലിപ്പണിക്കാരനായ രാജേഷും കുടുംബവും.
പ്രധാന വാർത്തകൾ
 Top