21 October Monday

കളിയും ചിരിയുമായി പകൽവീട്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019
കോഴിക്കോട്‌  
ചിരുതേയിക്കുട്ടിയമ്മ,   ദാമോദരൻ,   ലീലാമ്മ.... പേരുകൾ നീളുകയാണ്‌. വാർധക്യത്തിലെ ഒറ്റപ്പെടലിനെ ചിരിയിലൂടെയും വർത്തമാനത്തിലൂടെയും കൂടിച്ചേരലുകളിലൂടെയും ഇല്ലാതാക്കുകയാണിവർ. ഒറ്റപ്പെട്ട്‌ കഴിയുന്നവർക്കും വയോജനങ്ങൾക്കും വിശ്രമത്തിനും വിനോദത്തിനുമായി ചെങ്ങോട്ടുകാവിലെ കച്ചേരിപാറയിലാണ്  ജില്ലാ പഞ്ചായത്ത്‌ പകൽവീട്‌ ഒരുക്കിയത്‌.  ‘ആശ്രയ സായം പ്രഭ ഹോം’  എന്ന വയോജനകേന്ദ്രമിന്ന്‌ നിരവധി പേരുടെ ആശ്വാസകേന്ദ്രമാണ്‌.
സംസ്ഥാന സർക്കാരിന്റെ സായംപ്രഭ ഹോം പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന പകൽവീടിൽ ആദ്യത്തേതാണ്‌ ഇവിടുത്തേത്‌. ജില്ലാ പഞ്ചായത്ത്‌ 1.5 കോടി രൂപ ചെലവിട്ടാണ്‌ പ്രവൃത്തി പൂർത്തീകരിച്ചത്‌. യുഎൽസിസിക്കായിരുന്നു നിർമാണ ചുമതല.  ജനുവരിയിൽ മന്ത്രി ടി പി രാമകൃഷ്ണൻ അത്യാധുനിക സൗകര്യമുള്ള പകൽവീട്‌ നാടിന്‌ സമർപ്പിച്ചു.  
ആശ്രയയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കായി ഹിന്ദുസ്ഥാൻ ലാറ്റെക്‌സ്‌ ഫാമിലി പ്ലാനിങ് പ്രമോഷൻ ട്രസ്‌റ്റിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്‌. ഇവരുടെ നേതൃത്വത്തിൽ കോ ഓർഡിനേറ്റർ, സ്‌റ്റാഫ്‌ നേഴ്‌സ്‌, കെയർ ടേക്കർ, ഫിസിയോ തെറാപ്പിസ്‌റ്റ്‌, പാചകക്കാരൻ എന്നീ ജീവനക്കാരുമുണ്ടാകും. ഒപ്പം ഡോക്ടറുടെയും വിദഗ്‌ധ ഡോക്ടറുടെയും സേവനം ഉറപ്പുവരുത്തും. 40 പേർക്കിവിടെ താമസിക്കാം.  വയോജനങ്ങളെ വീട്ടിൽനിന്ന്‌ ഹോമിലേക്കും തിരിച്ചും എത്തിക്കാൻ വാഹനസൗകര്യവുമുണ്ട്‌.
സ്വയംതൊഴിൽ പരിശീലനവും,  വയോസംഗമങ്ങളും ഉണ്ടാകും. മരുന്നുകൾ,  മെഡിക്കൽ, ഫിസിയോ തെറാപ്പി –- വ്യായാമ ഉപകരണങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ച്‌ വരെയാണ് പ്രവർത്തനം.  
1998ലാണ‌് വ്യവസായ കേന്ദ്രം നിർമിക്കാൻ കച്ചേരിപ്പാറയിൽ 83 സെന്റ‌് ഭൂമി വാങ്ങിയത‌്. എന്നാൽ, പദ്ധതി ആരംഭിച്ചില്ല. തുടർന്നാണ്‌ വയോജന കേന്ദ്രം ആരംഭിക്കാൻ തീരുമാനിച്ചത‌്.
പ്രധാന വാർത്തകൾ
 Top