21 August Wednesday

പ്രളയശേഷം രോഗത്തെ ചെറുക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019
കോഴിക്കോട്‌
പ്രളയശേഷം രോഗം പിടിപെടുന്നത്‌ പ്രതിരോധിക്കാൻ ക്യാമ്പുകളിൽനിന്ന്‌ മടങ്ങുന്നവരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവരും  ശ്രദ്ധിക്കുക: 
•എലിപ്പനി, വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങി മലിനജലത്തിലൂടെ പകരുന്ന രോഗങ്ങളും ഡെങ്കിപ്പനി, മലമ്പനി തുടങ്ങി കൊതുക്‌  രോഗങ്ങളും പടർന്നു പിടിക്കാതിരിക്കാൻ ശ്രദ്ധിക്കണം
• വീടും പരിസരവും വൃത്തിയാക്കണം. ശുചീകരണത്തിൽ ഏർപ്പെടുന്നവർ മലിനജലവുമായി സമ്പർക്കമുണ്ടാകാതിരിക്കാൻ കൈയുറ, കാലുറ, മുഖാവരണം എന്നിവ ധരിക്കണം.  തറയും പരിസരവും ക്ലോറിൻ ലായനി ഉപയോഗിച്ച് വൃത്തിയാക്കുക.  മൂന്ന്‌ ടീസ്പൂൺ ബ്ലീച്ചിങ്‌ പൗഡർ  ബക്കറ്റിലെടുത്ത്‌ വെള്ളംചേർത്ത്  കുഴമ്പുരൂപത്തിലാക്കി ഒരുലിറ്റർ വെള്ളം ചേർത്ത് പത്ത് മിനിറ്റ് വച്ചശേഷം തെളിവെള്ളം എടുത്ത് ക്ലോറിൻ ലായനിയായി ഉപയോഗിക്കാം. കക്കൂസ് മാലിന്യങ്ങളുള്ളിടങ്ങളിൽ   കുമ്മായവും ബ്ലീച്ചിങ്‌ പൗഡറും 4:1 എന്ന അനുപാതത്തിൽ (ഒരുകിലോ  കുമ്മായത്തിന് 250 ഗ്രാം ബ്ലീച്ചിങ്‌ പൗഡർ) ചേർത്ത് വിതറണം.
• കിണറുകൾ  ക്ലോറിനേഷൻ ചെയ്യണം. ആദ്യം സൂപ്പർക്ലോറിനേഷൻ നടത്തണം. ഇതിനായി 1000 ലിറ്ററിന് അഞ്ചു ഗ്രാം കണക്കിൽ ആകെ ആവശ്യമുള്ള ബ്ലീച്ചിങ്‌ പൗഡർ  ബക്കറ്റിലെടുത്ത് കുഴമ്പുരൂപത്തിലാക്കി ബക്കറ്റിന്റെ മുക്കാൽ ഭാഗം വെള്ളംചേർത്ത്  കലക്കി 10 മിനിറ്റ്‌ തെളിയുവാൻ അനുവദിക്കുക. വെള്ളംകോരുന്ന ബക്കറ്റിലേക്ക്‌ തെളിവെള്ളം ഒഴിച്ച് സാവധാനം കിണറ്റിലേക്ക്‌ ഇറക്കി പൊക്കുകയും താഴ്‌ത്തുകയും ചെയ്ത് ക്ലോറിൻ ലായനി  നന്നായി കലർത്തുക.  ഒരു മണിക്കൂറിനുശേഷം വെള്ളം ഉപയോഗിക്കാം. 
• വെള്ളപ്പൊക്കശേഷം ഉണ്ടാകാൻ  സാധ്യതയുള്ള മാരകരോഗമായ എലിപ്പനി എലിമൂത്രത്തിലൂടെയാണ്  പകരുന്നത്‌.   കൈകാലുകളിലെ മുറിവുകൾ, പോറലുകൾ എന്നിവയിലൂടെയാണ് രോഗാണു ശരീരത്തിൽ പ്രവേശിക്കുക.  മലിനജലം തൊട്ടവർക്കും കൃഷിപ്പണിയെടുക്കുന്നവർക്കും വെള്ളക്കെട്ടിൽ ഇറങ്ങി മീൻ പിടിക്കുന്നവർക്കും  എലിപ്പനി  സാധ്യതയുണ്ട്.  ഇവർ  പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിൻ ആഴ്ചയിൽ  ദിവസം 200 മില്ലിഗ്രാം വീതം കഴിക്കുക.  ശരീരത്തിൽ മുറിവുള്ളവർ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ഇറങ്ങരുത്‌.
 • വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങി  വെള്ളത്തിലൂടെ പകരുന്ന രോഗങ്ങൾ വരാതിരിക്കാൻ വ്യക്തി–- ആഹാര–പരിസര ശുചിത്വം  പാലിക്കണം.  കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളംമാത്രം  ഉപയോഗിക്കുക.  മലവിസർജനശേഷം കൈകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കുക. വീട്ടു പരിസരത്ത്‌ വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കുക. ഡെങ്കിപ്പനി, ചിക്കുൻഗുനിയ എന്നീ കൊതുക്‌ പരത്തുന്ന രോഗങ്ങളുടെ വ്യാപനം തടയുക.
പ്രധാന വാർത്തകൾ
 Top