26 August Monday

കാണരുത്‌... ഹൃദയം നിലച്ചുപോകും

സ്വന്തം ലേഖകൻUpdated: Wednesday Aug 14, 2019
കോഴിക്കോട്‌
മഴ ശമിച്ചിട്ടും സങ്കടമഴ തോരാതെ പെയ്യുകയാണ്‌ ഈ കോളനിയിലെ ഓരോ മുഖത്തും. ഓരോ വീട്ടിലും  ഒരാൾപ്പൊക്കം വെള്ളം കയറിയതിന്റെ  അടയാളം ചുമരിൽ കാണാം. ക്യാമ്പിൽനിന്നും വീട്ടിലേക്ക്‌ വരുന്നവരുടെ കൈയിൽ ചൂലും ക്ലീനിങ്‌ സാധനങ്ങളും.  ഉടുതുണിക്ക്‌ മറുതുണിയില്ലാതെ നനഞ്ഞൊലിക്കുകയാണ്‌ ഓരോ ജീവിതവും. ഇവിടെ  ആർക്കും പരസ്‌പരം സഹായിക്കാനാകാത്ത വിധം എല്ലാവരും മഴക്കെടുതി അനുഭവിക്കുകയാണ്‌.  
നിലമ്പൂരിലെ കവളപ്പാറയ്‌ക്കും മേപ്പാടിയിലെ പുത്തുമലയ്‌ക്കും തുല്യമാണ്‌ മീഞ്ചന്ത അരീക്കാട്‌ ലക്ഷം വീട്‌ കോളനിയിലെ ദുരിതകാഴ്‌ച. മഴയ്‌ക്ക്‌ ഇത്രയും ക്രൂരമാകാൻ കഴിയുമോ എന്ന്‌ ചിന്തിച്ചുപോകും ഈ കോളനി കണ്ടാൽ.  ഓരോ വീട്ടുകാരും അവശേഷിക്കുന്ന സാധനങ്ങൾ കഴുകി വൃത്തിയാക്കുന്ന കാഴ്‌ചയാണ്‌. കോളനിയിലെ നൂറിലധികം വീടുകളും സാധനങ്ങളും മഴയെടുത്തതിന്റെ ഹൃദയഭേദകമായ കാഴ്‌ചയാണിവിടെ.   ചെറിയ കുട്ടികളടക്കം ദൂരെ പോയി വെള്ളം കൊണ്ടുവന്ന്‌ വീട്‌ കഴുകുകയാണ്‌. അതുവരെ വീട്ടിലുണ്ടായിരുന്ന ഇലക്‌ട്രിക്‌ സാധനങ്ങൾ മഴയിൽ അപ്രത്യക്ഷമാകുകയോ പ്രവർത്തനം നിലയ്‌ക്കുകയോ ചെയ്‌തു.  വീടുകളിൽ മണ്ണും ചെളിയും നിറഞ്ഞു. വീണ്ടും ഒന്നിൽനിന്നും ജീവിതം കെട്ടിപ്പടുക്കണം.  കോർപറേഷന്റെ 40ാം ഡിവിഷനിൽപ്പെട്ട  കോളനിയിൽ 168 വീടുകളാണുള്ളത്‌. ഇതിൽ വിരലിലെണ്ണാവുന്ന വീടുകൾ ഒഴികെ എല്ലാം തകർന്നതായി  സാന്ത്വനം റസിഡന്റ്‌സ്‌ അസോസിയേഷൻ  സെക്രട്ടറി എൻ കെ ജാഫർ പറഞ്ഞു. കോടികളുടെ നഷ്ടമാണുണ്ടായത്‌.
നസീമ മൻസിലിലെ ഫാത്തിമയ്‌ക്ക്‌ ഇപ്പോൾ ചെവി കേൾക്കില്ല. ചെവികേൾക്കാനുള്ള ഉപകരണം മഴയിൽ നനഞ്ഞ്‌ നശിച്ചു. ഈ വീട്ടിൽ  ലക്ഷക്കണക്കിനു രൂപയുടെ നാശമാണുണ്ടായത്‌. കൂലിപ്പണിക്കാരൻ സിദ്ധീഖിന്റെ വീട്ടുസാധനങ്ങളും പൂർണമായും ഇല്ലാതായി. കഴിഞ്ഞ വ്യാഴാഴ്‌ച രാത്രിമുതലുള്ള  മഴയാണ്‌ ഈ കോളനിയെ ഇല്ലാതാക്കിയത്‌. പലരും തൊട്ടടുത്ത ആർആർ ഓഡിറ്റോറിയത്തിൽ അഭയം തേടിയതുകൊണ്ടാണ്‌ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്‌. ഇനി തറയുയർത്തി വീട്‌ പണിതാലേ വെള്ളത്തിൽനിന്നും രക്ഷയുള്ളൂവെന്നും കോളനിനിവാസികൾ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top