04 August Wednesday
മെഡിക്കൽ കോളേജിൽ സമഗ്ര പദ്ധതി

മൂന്നാം തരംഗം? കുരുന്നുകളുടെ കരുതലിന്‌ ഒരുക്കം

വെബ് ഡെസ്‌ക്‌Updated: Monday Jun 14, 2021
കോഴിക്കോട്‌
കോവിഡ്‌  മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധത്തിനൊരുങ്ങി ആരോഗ്യ വിഭാഗം. കോഴിക്കോട്‌ ഗവ. മെഡിക്കൽ കോളേജ്‌ സമഗ്ര പദ്ധതി തയ്യാറാക്കി സർക്കാരിന്‌ കൈമാറി. ജില്ലാ, ജനറൽ ആശുപത്രികളിലും ഉപകരണങ്ങൾ വർധിപ്പിക്കാനും ക്രിട്ടിക്കൽ കെയർ സംവിധാനം ശക്തിപ്പെടുത്താനുമുള്ള നടപടികൾ പുരോഗമിക്കുന്നു. 
ഒന്നും രണ്ടും തരംഗത്തിൽ കുട്ടികൾ കൂടുതലായി കോവിഡ്‌ ബാധിതരാകാത്ത സാഹചര്യമാണ്‌ നിലവിൽ. മൂന്നാം തരംഗത്തിൽ വൈറസ്‌ ബാധിതരാകുമോ എന്ന ആശങ്ക ഉയരുന്നുണ്ട്‌. എത്രമാത്രം സാധ്യത എന്ന്‌ ശാസ്‌ത്രീയമായി വ്യക്തതയില്ലെങ്കിലും അങ്ങനെയൊരു സാഹചര്യം വന്നാൽ  പാളിച്ചകളില്ലാതിരിക്കാനാണ്‌ ചിട്ടയായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്‌. 
നാലരക്കോടി രൂപയുടെ ഉപകരണങ്ങൾ സജ്ജമാക്കുന്നതിനൊപ്പം കുട്ടികളുടെ ചികിത്സയ്‌ക്ക്‌ പരിശീലനം നൽകുന്ന രീതിയിലുള്ള വിവിധഘട്ട പദ്ധതിയാണ്‌ മെഡിക്കൽ കോളേജിലെ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെറ്റേർണൽ ആൻഡ്‌ ചൈൽഡ്‌ ഹെൽത്തിൽ നടപ്പാക്കുന്നത്‌. 
ഇതുമായി ബന്ധപ്പെട്ട്‌ തിങ്കളാഴ്‌ച മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഓൺലൈൻ യോഗമുണ്ട്‌.  രോഗികളുടെ എണ്ണത്തിനനുസരിച്ച്‌ 200 വരെ ക്രിട്ടിക്കൽ കെയർ കിടക്കകൾ ഒരുക്കാനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തുമെന്ന്‌ സൂപ്രണ്ട്‌ ഡോ. സി ശ്രീകുമാർ പറഞ്ഞു. നിലവിൽ 63 എണ്ണമാണ്‌ ഉള്ളത്‌. വെന്റിലേറ്റർ, ഓക്‌സിജൻ  തുടങ്ങിയവയൊക്കെ കണക്ട്‌ ചെയ്യുന്നതിനുള്ള പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുന്നു. 48 വെന്റിലേറ്റർ ലഭ്യമാക്കാനുള്ള സംവിധാനമാണ്‌ ക്രമീകരിക്കുന്നത്‌. അടിയന്തര സാഹചര്യം വന്നാൽ ഗൈനക്കോളജി വിഭാഗത്തിലെ വെന്റിലേറ്ററും ഉപയോഗിക്കുന്നത്‌ പരിഗണിക്കും. 
   രോഗികൾ   കൂടുന്ന ഘട്ടം വന്നാൽ കോട്ടപ്പറമ്പ്‌ സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക്‌ ഗർഭിണികളെ മാറ്റി അവിടെ  കൂടി കോവിഡ്‌ ചികിത്സയ്‌ക്കായി ഉപയോഗിക്കും. പുതുതായി ആരംഭിച്ച പിഎംഎസ്‌എസ്‌വൈ ബ്ലോക്കിലും ഒരു ഭാഗം ഉപയോഗിക്കാനാണ്‌ ആലോചന.
    പുറമെ ബീച്ച്‌ ജനറൽ, കോട്ടപ്പറമ്പ്‌, ജില്ലാ ആശുപത്രികളിൽ പീഡിയാട്രിക്‌ ഐസിയു തുടങ്ങാനും കലക്ടർ നിർദേശിച്ചിട്ടുണ്ട്‌. ഈ പ്രവർത്തനങ്ങൾക്കായി എംഎൽഎ ഫണ്ടും  ലഭ്യമാക്കും. 
 ക്രിട്ടിക്കൽ കെയർ 
പരിശീലനം
 കോഴിക്കോട്‌
 മൂന്നാംതരംഗം മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിലെ നേഴ്‌സുമാർക്ക്‌ ക്രിട്ടിക്കൽ കെയർ പരിശീലനം ആരംഭിച്ചു. ഐഎംസിഎച്ചിൽ പീഡിയാട്രിക്‌, ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാണ്‌ ഓരോ ബാച്ചിനും ആറ്‌ ദിവസത്തെ വിദഗ്‌ധ പരിശീലനം മെഡിക്കൽ കോളേജിൽ  നൽകുന്നത്‌. ഡോക്ടർമാരുടെയും നേഴ്‌സുമാരുടെയും സംഘം മറ്റ്‌ ആശുപത്രികൾ സന്ദർശിച്ച്‌ സൗകര്യങ്ങൾ   വിലയിരുത്തും.
 
സാധ്യത മുൻനിർത്തിയുള്ള
കരുതൽ: ഡോ. വി ടി അജിത്‌ കുമാർ
കോഴിക്കോട്‌
മൂന്നാം തരംഗത്തിൽ കുട്ടികൾ കൂടുതലായി കോവിഡ്‌ ബാധിതരാകുമെന്നത്‌  സാധ്യത മാത്രമാണെങ്കിലും കരുതൽ സ്വീകരിക്കുന്നതിന്‌  വലിയ പ്രാധാന്യമുണ്ടെന്ന്‌ ഗവ. മെഡിക്കൽ കോളേജ്‌ ഐഎംസിഎച്ചിലെ ശിശുചികിത്സാ വിഭാഗം മേധാവി ഡോ. വി ടി അജിത്‌ കുമാർ പറഞ്ഞു. ഒന്നും രണ്ടും തരംഗങ്ങളിൽ കോവിഡ്‌ പ്രധാനമായും മുതിർന്നവരെയാണ്‌ ബാധിച്ചത്‌. കുട്ടികൾക്ക്‌ വാക്‌സിൻ നൽകിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ്‌ ഇതുവരെ ബാധിക്കാത്ത  കുട്ടികളിൽ മൂന്നാം തരംഗമുണ്ടാവുമെന്ന ആശങ്ക. 
ഒന്നും രണ്ടും ഘട്ടത്തിൽ കോവിഡ്‌ വന്ന കുട്ടികളിൽ അസുഖം തീവ്രമായിട്ടില്ലെന്നത്‌ പരിഗണിക്കുമ്പോൾ വലിയ പേടി വേണ്ട. എങ്കിലും കരുതണം. കോവിഡാനന്തരം കുട്ടികളിൽ കാണുന്ന മൾട്ടി സിസ്‌റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം ആണ്‌ വലിയ ആശങ്കയോടെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top