24 June Monday
വടകര റവന്യു ഡിവിഷൻ

സ്വപ്നമൂഹൂർത്തം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018

 വടകര

എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ വടകരയ്ക്ക് സമ്മാനിച്ച ആർഡി ഓഫീസ് വ്യാഴാഴ്ച നാടിന് സമർപ്പിക്കും. ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ഓഫീസ് യാഥാർത്ഥ്യമാവുന്നത്. രാവിലെ 10.30ന് പിഡബ്ള്യുഡി റസ്റ്റ് ഹൗസ് പരിസരത്ത് ചേരുന്ന ചടങ്ങിൽ മന്ത്രി ഇചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. കെട്ടിട കൈമാറ്റം മന്ത്രി ജി സുധാകരനും താലൂക്ക് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി ടി പി രാമകൃഷ്ണനും നിർവഹിക്കും. സി കെ നാണു എംഎൽഎ അധ്യക്ഷനാവും. ജില്ലാ ഭരണകേന്ദ്രത്തിന്റെ ആശയമായ ജനസൗഹൃദവില്ലേജ് ഓഫീസ് പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും.
ഓഫീസിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടെ ജില്ലയിൽ രണ്ടുറവന്യുഡിവിഷനുകളാവും. കൊയിലാണ്ടി, വടകര താലൂക്കിലുള്ളവരാണ് പുതിയ ഡിവിഷൻ ഓഫീസിന്റെ പരിധിയിൽ വരിക. സിവിൽ സ്റ്റേഷനിൽ നിർദ്ദിഷ്ട റവന്യു ടവർ യാഥാർത്ഥ്യമാവുന്നതോടെ റസ്റ്റ് ഹൗസിൽ നിന്നും ഓഫീസിന്റെ പ്രവർത്തനം അങ്ങോട്ട് മാറ്റും. നിലവിൽ അതിഥി മന്ദിരത്തിന്റെ മുകൾ നിലയിൽ പൂർണമായും താഴെത്ത രണ്ടുമുറികളിലുമാണ് ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. ആർഡിഒയായി വി പി അബ്ദുറഹ്മാൻ ഏപ്രിൽ ഒമ്പതിന് ചുമതലയേറ്റിരുന്നു. ആർഡിഒ അടക്കം 24 ജീവനക്കാരാണ് ഓഫീസിലുണ്ടാവുക. വടകര, കൊയിലാണ്ടി താലൂക്കുകളിലെ ക്രമസമാധാനം, ദുരിതാശ്വാസം, പ്രകൃതിദുരന്തം, വഴിത്തർക്കം എന്നിവയടക്കം നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഓഫീസ് ആരംഭിക്കുന്നതോടെ കഴിയും. ആർഡിഒക്ക് ജുഡീഷ്യൽ അധികാരം ഉള്ളതിനാൽ ആർഡിഒ കോടതിയും ഇവിടെ പ്രവർത്തിക്കും. 
വ്യക്തികളെ കാണാതാവുന്നുവെന്ന പരാതികൾ, വൈകിയുള്ള ജനനമരണ രജിസ്ട്രേഷൻ, കെട്ടിടനികുതി അപ്പീൽ, ഭൂമി വിട്ടൊഴിയൽ, മുദ്രപത്രം റീഫണ്ട്, തണ്ണീർത്തട സംരക്ഷണം, കുന്നിടിക്കൽ തടയൽ എന്നിവ സംബന്ധിച്ചും നടപടി സ്വീകരിക്കേണ്ടതും ആർഡി ഓഫീസ് മുഖേനയാണ്. 
നിലവിൽ കോഴിക്കോട്ടെ ആർഡി ഓഫീസിൽ എത്തിച്ചേരാൻ ജില്ലയിലെ കിഴക്കൻ മലയോരങ്ങളിൽ ഉൾപ്പടെയുള്ളവർ ഏറെ പ്രയാസമനുഭവിക്കുന്ന സാഹചര്യത്തിലാണ് വടകരയിൽ റവന്യു ഡിവിഷൻ ആരംഭിക്കുന്നത്.
 കഴിഞ്ഞമാസം 25ന് നടത്താനിരുന്ന പരിപാടി ജില്ലയിൽ നിപാ വൈറസ് ബാധയെ തുടർന്ന് മാറ്റുകയായിരുന്നു. ഉദ്ഘാടന ചടങ്ങിൽ എംപിമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, എം കെ രാഘവൻ, എംഎൽഎമാരായ ഇ കെ വിജയൻ, കെ ദാസൻ, പാറക്കൽ അബ്ദുള്ള, പുരഷൻ കടലുണ്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി എന്നിവർ മുഖ്യാതിഥികളാവും. 
 
പ്രധാന വാർത്തകൾ
 Top