കുറ്റ്യാടി
എക്സൈസ് ചമഞ്ഞ് മദ്യവും സ്വർണവും പണവും കവർന്ന രണ്ടുപേർ റിമാൻഡിൽ. കോഴിക്കോട് പുതിയങ്ങാടി സ്വദേശി ഫാത്തിമ മൻസിലിൽ മക്ബൂൽ (50), അത്തോളി കൊങ്ങന്നൂരിലെ മീത്തൽ വീട്ടിൽ ജറീസ് (35) എന്നിവരെയാണ് നാദാപുരം ഡിവൈഎസ്പി ടി പി ജേക്കബ്ബിന്റെ നേതൃത്വത്തിലുള്ള പൊലീസ് കോഴിക്കോട്ടുനിന്ന് അറസ്റ്റ് ചെയ്തത്. കക്കട്ട് കൈവേലി സ്വദേശിയിൽനിന്ന് തിങ്കളാഴ്ച പുലർച്ചെ തൊട്ടിൽപ്പാലം വിദേശ മദ്യഷോപ്പിന് സമീപംവച്ച് എക്സൈസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി കൈവശമുള്ള 5300 രൂപയും മദ്യവും അപഹരിച്ച കേസിലാണ് പ്രതികൾ അറസ്റ്റിലായത്. തൊട്ടിൽപ്പാലം സിഐ എം ടി ജേക്കബ് പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തൊട്ടിൽപ്പാലം പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ പരാതിക്കാരൻ തിരിച്ചറിഞ്ഞു. പ്രതികൾക്കെതിരെ കൂടുതൽ പരാതിക്കാർ സ്റ്റേഷനിൽ എത്തുന്നുണ്ട്. എരഞ്ഞിപ്പാലം വിദേശമദ്യഷാപ്പ് കുത്തിത്തുറന്ന് പണവും മദ്യവും മോഷ്ടിച്ച കേസിലെ പ്രതിയാണ് ജെറീഷ്. ഇയാൾക്കെതിരെ നടക്കാവ് പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. ഇരുവരുടെയും പേരിൽ കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിരവധി തട്ടിപ്പുകേസിലും മോഷണക്കേസിലും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
മദ്യഷോപ്പിൽനിന്ന് കൂടുതൽ അളവിൽ മദ്യം വാങ്ങിക്കുന്നവരെ നിരീക്ഷിച്ച് അവരെ പിന്തുടർന്ന് തടഞ്ഞുനിർത്തി എക്സൈസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി അമിത അളവിൽ മദ്യം കൈവശം വച്ചതിനാൽ കേസെടുക്കുമെന്ന് പറഞ്ഞ് പണം തട്ടുകയാണ് ഇവരുടെ രീതി. പണമില്ലെങ്കിൽ കൈയിലുള്ള സ്വർണം വാങ്ങും. പ്രതികളെ പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..