24 February Monday

കിഴക്കൻ മലയോരം വരൾച്ചയിലേക്ക്‌

സ്വന്തം ലേഖകൻUpdated: Friday Feb 14, 2020

വിലങ്ങാട് പുഴയുടെ ഉത്ഭവകേന്ദ്രം വറ്റിവരണ്ട നിലയിൽ

നാദാപുരം
ജില്ലയുടെ കിഴക്കൻ മലയോര മേഖലയും പരിസര പ്രദേശങ്ങളും വരൾച്ചയിലേക്ക്‌. മയ്യഴി പുഴയുടെ  ഉത്ഭവകേന്ദ്രമായ പുല്ലവാ പുഴ വറ്റാൻ തുടങ്ങിയതോടെ കുടിവെള്ള വിതരണ പദ്ധതികളും  പ്രതിസന്ധിയിൽ.   മലയോരത്തെ  പുഴയുമായി ബന്ധിപ്പിക്കുന്ന കൈവഴി തോടുകളും വറ്റി. ഏതാനും അരുവികളിൽ നിന്നുള്ള നേരിയ നീരൊഴുക്കാണ് പുഴയെ നിലനിർത്തുന്നത്. 
പുഴ വറ്റുന്നതോടെ  ഇരുകരകളിലെയും കിണറുകളിലെ നീരുറവ കുറയും. കഴിഞ്ഞവർഷം മാർച്ച് പകുതി പിന്നിട്ടതോടെയാണ് പുഴ  വറ്റിത്തുടങ്ങിയത്. ഇത്തവണ ഫെബ്രുവരിയിൽ തന്നെ വെള്ളത്തിന്റെ അളവ് ക്രമാതീതമായി കുറഞ്ഞു.  പുഴയുടെ വിവിധയിടങ്ങളിൽ തടയണ നിർമിച്ച്‌ വെള്ളം കെട്ടിനിർത്തുന്നുണ്ട്‌.  വിഷ്ണുമംഗലം ബണ്ടിന്റെ ഷട്ടറുകൾ ജനുവരിയിൽത്തന്നെ താഴ്‌ത്തിയിട്ടുണ്ട്‌. വിഷ്‌ണുമംഗലം ബണ്ടിലെ വെള്ളം ശുദ്ധീകരിച്ചാണ്‌   വടകര താലൂക്കിലെ ഏഴ്‌ പഞ്ചായത്തുകളിലേക്കും വടകര മുനിസിപ്പാലിറ്റിയുടെ ഒരുഭാഗത്തും ശുദ്ധജലമെത്തിക്കുന്നത്‌. 
മഴക്കാലത്ത്‌  വിനോദസഞ്ചാരികൾ ധാരാളമെത്താറുള്ള തിരികക്കയം വെള്ളച്ചാട്ടത്തിൽ നേരിയ നീരൊഴുക്ക്‌ മാത്രമാണുള്ളത്‌. ഈ ഭാഗത്തെ നീരൊഴുക്കും നിലക്കുന്നതോടെ മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമാവും.
പ്രധാന വാർത്തകൾ
 Top