കോഴിക്കോട്
‘‘കുഞ്ഞായിരുന്നില്ലേ... കൊന്നുകളഞ്ഞില്ലേ... കോൺഗ്രസ് ക്രൂരതയ്ക്ക് മാപ്പില്ല’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ഇടുക്കി പൈനാവ് ഗവ. എൻജിനിയറിങ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന് ആദരാഞ്ജലി അർപ്പിച്ചും യൂത്ത് കോൺഗ്രസിന്റെ കൊലപാതകമുഖം തുറന്നുകാട്ടിയുമാണ് യുവത ഒത്തുചേർന്നത്.
സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. നിരപരാധികളുടെ ചോരയിൽ ചവിട്ടിനിന്നാണ് സുധാകരൻ എസ്എഫ്ഐ പ്രവർത്തകനായ ധീരജിന്റെ കൊലയാളിയെ വെള്ളപൂശുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൊന്നിട്ടും അക്കൂട്ടർക്ക് കലിയടങ്ങുന്നില്ല. ധീരജിനെ അവഹേളിക്കാനും അപമാനിക്കാനുമാണ് സുധാകരന്റെ ശ്രമം. കൊലപാതകിയായ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിയെ തള്ളിപ്പറയാൻ കോൺഗ്രസ് നേതാക്കൾ തയ്യാറാകാത്തത് എന്തുകൊണ്ടാണ്. ഇത് കോൺഗ്രസ് സംസ്കാരമാണോയെന്ന് വ്യക്തമാക്കണം. സുധാകരൻ കേരളത്തിൽ അടയാളപ്പെടുത്തിയത് ഗുണ്ടാനേതാവ് എന്ന നിലയിൽ മാത്രമാണ്. കെ എസ് ബ്രിഗേഡിനായി ഗുണ്ടാപ്പണിക്ക് ആളെ കൂട്ടലാണ് യൂത്ത്കോൺഗ്രസിന്റെ ഇപ്പോഴുള്ള പണി. ആളുകളെ കൊലപ്പെടുത്തുന്ന ഗുണ്ടായിസത്തിനെതിരെ ജനങ്ങൾ ഒന്നിച്ചിറങ്ങണമെന്നും വി കെ സനോജ് പറഞ്ഞു.
കെ പി അനിൽകുമാർ മുഖ്യാതിഥിയായി. ധീരജിനെ യൂത്ത്കോൺഗ്രസുകാർ കൊലപ്പെടുത്തിയതിൽ കെ സുധാകരനെതിരെ പ്രേരണാകുറ്റത്തിന് കേസെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എൽ ജി ലിജീഷ് അധ്യക്ഷനായി. സെക്രട്ടറി വി വസീഫ്, ട്രഷറർ പി സി ഷൈജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി കെ അജീഷ്, കെ വി ലേഖ, പി ഷിജി്ത്ത്, ബാലസംഘം സംസ്ഥാന സെക്രട്ടറി സരോദ് ചങ്ങാടത്ത്, കെ അരുൺ, കെ അഭിജേഷ്, എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..