18 January Monday

83ലും തളരാത്ത അങ്കച്ചുവടുകൾ

കെ മുകുന്ദൻUpdated: Thursday Jan 14, 2021
 
കുറ്റ്യാടി 
അമ്പത്തഞ്ച്‌ കളരികൾ, പതിനായിരത്തിലധികം ശിഷ്യർ, കളരിയുടെ ശാസ്‌ത്രവിചാരങ്ങളും പ്രയോഗങ്ങളും വിശദമാക്കുന്ന ഗ്രന്ഥം, അംഗീകാരമായി  പുരസ്‌കാരങ്ങളും ബഹുമതികളും... കരുണൻ ഗുരുക്കൾ കളരിയിൽ മാത്രമല്ല കടത്തനാട്ടിന്റെ മനസ്സിലും മായാത്ത മുദ്രപതിപ്പിച്ചിട്ടുണ്ട്. 29 സംസ്ഥാനങ്ങളിലും  വിദേശത്തും കളരി അഭ്യാസ പ്രകടനം, സർവകലാശാലയിൽ ഗസ്‌റ്റ്‌ ലക്‌ചറർ, ഒന്നിലേറെ രാഷ്‌ട്രപതിമാരിൽനിന്നും പ്രധാനമന്ത്രിമാരിൽനിന്നും ആദരവുകൾ സ്വീകരിക്കാനുള്ള അവസരം.... വട്ടോളിയിലെ വളപ്പിൽ കരുണൻ ഗുരുക്കളുടെ വിശേഷങ്ങൾ വടക്കൻപാട്ടുപോലെ പാടിപ്പുകഴ്‌ത്താവുന്നതാണ്‌.  83ാം വയസ്സിലും കളരിയിൽ ചുവടുറപ്പിച്ചുള്ള ഗുരുക്കളുടെ ജീവിതം വിസ്‌മയപാഠമാണ്‌. ഒരേ സ്ഥാപനത്തിൽനിന്ന്‌ തുടർച്ചയായി ബഹുമതി ലഭിക്കുകയെന്ന അപൂർവ സൗഭാഗ്യവും കരുണൻ ഗുരുക്കൾക്ക് സ്വന്തം.      
ഫോക്‌ലോർ അക്കാദമി പുരസ്‌കാരമാണ്‌ ഒടുവിൽ തേടിയെത്തിയത്‌. ഗ്രന്ഥരചനയ്ക്കുള്ള ഫോക്‌ലോർ അക്കാദമി പുരസ്‌കാരം ഗുരുക്കളുടെ "കളരിപ്പയറ്റിലെ കണക്കുകൾ, കളരി പ്രയോഗപ്രകാരം’ എന്ന കൃതിക്കാണ്‌ ലഭിച്ചത്‌. നേരത്തെ കളരിചികിത്സക്കുള്ള ഫോക്‌ലോർ അക്കാദമി പുരസ്‌കാരം കിട്ടി.  സമഗ്ര സംഭാവന‌ക്കുള്ള ഫോക്‌ലോർ ഫെല്ലോഷിപ്പും നേടിയിരുന്നു.     1968–-69 ൽ സംസ്ഥാന കളരിപ്പയറ്റ് അസോസിയേഷന്റെ ചാമ്പ്യൻ പദവിയും ഷീൽഡും നേടിയിരുന്നു. 29 സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും ഗുരുവും ശിഷ്യരും കളരി അഭ്യാസ പ്രദർശനം നടത്തി പുരസ്‌കാരവും അംഗീകാരവും നേടി  നീലം സഞ്ജീവ റെഡ്ഡി, കെ ആർ നാരായണൻ, പ്രതിഭാ പട്ടീൽ എന്നീ രാഷ്ട്രപതിമാരിൽനിന്നും പ്രധാനമന്ത്രിമാരായ  ഇന്ദിരാഗാന്ധി, ഐ കെ ഗുജ്‌റാൾ എന്നിവരിൽനിന്നും  ബുഹുമതി  സ്വീകരിക്കാനുളള അസുലഭ അവസരവുമുണ്ടായി. 1990 മുതൽ 2000 വരെ കോഴിക്കോട് സർവകലാശാലയിൽ ഗസ്റ്റ് ലക്‌ചററായി കളരിപാഠങ്ങൾ പുതുമുറക്കാർക്ക്‌ പകർന്നുനൽകി.    
കോൽക്കളി,  കളരി മർമ ചികിത്സ, കളരിപ്പയറ്റ് രംഗത്തെ സേവനം എന്നിവ‌ക്കും പുരസ്‌കാരത്തിനും  ഫെലോഷിപ്പിനും അർഹനായി. കെ പി കുമാരൻ സംവിധാനംചെയ്ത "അങ്കപ്പുറപ്പാട്’ സിനിമയിൽ കളരിപ്പയറ്റ് നിർവഹിച്ചു.   നിലവിൽ കളരിപ്പയറ്റ് സ്പോർട്സ് അസോസിയേഷൻ എത്തിക്‌സ്‌ കമ്മിറ്റി ചെയർമാനാണ്.    
ഭാര്യ ഉഷയും മക്കളായ ഹർഷയും നിഷയും അയിഷയും മരുമക്കളായ പ്രൊഫ. അജിത്ത്, ഡോ. ഷാജി, ശ്രീജിത്ത് എന്നിവരും ഗുരുക്കളുടെ കളരിജീവിതത്തിന്‌ കരുത്തുമായുണ്ട്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top