നാലുകോടിയുടെ സൈബർ തട്ടിപ്പ്: കൂട്ടുപ്രതി പിടിയിൽ
![Deshabhimani - ദേശാഭിമാനി ദിനപ്പത്രം](/images/placeholder-md.png)
കോഴിക്കോട്
സൈബർ തട്ടിപ്പ് വഴി കോഴിക്കോട് സ്വദേശിയിൽനിന്ന് നാല് കോടി രൂപ തട്ടിയ കേസിൽ കൂട്ടുപ്രതികളായ ഒരാളെക്കൂടി പിടികൂടി. ഓൺലൈനായി 4,08,80,457 കോടി രൂപ തട്ടിയെടുത്ത കേസിൽ ഉൾപ്പെട്ട പ്രതി മധ്യപ്രദേശ് സുസ്നേർ സ്വദേശിയായ കമൽ സിങ്ങി(26)നെയാണ് കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
വാട്സ്‌ആപ് വഴിയും ഫോൺ വഴിയും ബന്ധപ്പെട്ടായുരുന്നു തട്ടിപ്പ്. കോവിഡ്മൂലം തൊഴിൽ നഷ്ടപ്പെട്ടുവെന്നും ഭാര്യയും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബം കടക്കെണിയിലാണെന്നും സഹായിക്കണമെന്നും അഭ്യർഥിച്ച് വ്യാജ ഫോട്ടോകളും ശബ്ദ സന്ദേശങ്ങളും മറ്റു വിവരങ്ങളും പരാതിക്കാരന് അയച്ചുകൊടുത്തു. പരാതിക്കാരന്റെ സഹതാപവും സഹാനുഭൂതിയും ചൂഷണം ചെയ്തുകൊണ്ടായിരുന്നു പ്രതികൾ കുറ്റകൃത്യം ആരംഭിച്ചത്. പിന്നീട്, വാങ്ങിയെടുത്ത പണം തിരികെ നൽകാൻ ആവശ്യപ്പെട്ടപ്പോൾ കുടുംബസ്വത്ത് വിറ്റിട്ട് പണം തിരികെ നൽകാമെന്നും പറഞ്ഞു. എന്നാൽ വിൽപ്പനയുമായി ബന്ധപ്പെട്ട് സാമുദായിക കലാപ സാഹചര്യമുണ്ടായെന്നും പരാതിക്കാരൻ ഉൾപ്പെടെ കേസിൽ പ്രതിയാകുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ആണെന്ന വ്യാജേന ഭീഷണിപ്പെടുത്തി പരാതിക്കാരനിൽനിന്ന് പണം തട്ടിയെടുക്കുകയായിരുന്നു.
കോഴിക്കോട് സിറ്റി സൈബർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പൊലീസ് ഇൻസ്പെക്ടർ കെ ആർ രഞ്ജിത്താണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. മുഖ്യ പ്രതിയും നിലവിൽ ജുഡിഷ്യൽ കസ്റ്റഡിയിലുള്ള സുനിൽ ദംഗി പരാതിക്കാരനിൽ നിന്ന് തട്ടിയെടുക്കുന്ന പണം അറസ്‌റ്റിലായ കമൽ സിങ്ങിന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുകയും അയാൾ മുഖ്യപ്രതിയായ സുനിൽ ദംഗിക്ക് എത്തിച്ച് കൊടുക്കുകയുമായായിരുന്നു. ഇത്തരത്തിൽ ഒന്നര കോടിയോളം രൂപയാണ് പ്രതികളുടെ അക്കൗണ്ടുകളിൽ ക്രെഡിറ്റ് ചെയ്തതായി വ്യക്തമായിട്ടുള്ളത്.
കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ പ്രതികളിൽനിന്ന് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Related News
![ad](/images/temp/thumbnailSquare.png)
0 comments