05 December Thursday

പാർക്കിങ്‌ തോന്നുംപടി വേണ്ട പൊലീസ്‌ പൂട്ടിടും

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2019

 

കോഴിക്കോട്‌
ദേശീയപാതയോരത്ത്‌ തോന്നുംപടി വാഹനം നിർത്തി പോകുന്നവർ ജാഗ്രതൈ. പാർക്കിങ്ങിന്‌ അനുമതിയില്ലാത്തിടങ്ങളിലാണ്‌ വാഹനമെങ്കിൽ തിരിച്ചെത്തുമ്പോൾ ടയറിലൊരു പൂട്ടുണ്ടാകും. അടുത്തുള്ള പൊലീസ്‌ സ്‌റ്റേഷനിലെത്തി പിഴയൊടുക്കിയാലേ യാത്ര തുടരാനാകൂ. ദേശീയ പാതയോരങ്ങളിലെ ഗതാഗതക്കുരുക്ക്‌ നിയന്ത്രിക്കാനാണ്‌  ട്രാഫിക്‌ പൊലീസിന്റെ പുതിയ നടപടി. ഈ ആഴ്‌ചമുതൽ പരിശോധന കർശനമാക്കാൻ കോഴിക്കോട്‌ സിറ്റി പൊലീസ്‌ കമീഷണറുടെ ഓഫീസിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
നഗര–-ഗ്രാമ വ്യത്യാസമില്ലാതെ ദേശീയപാതയോരങ്ങളിൽ വാഹനം അനധികൃതമായി നിർത്തിയിടുന്നവരുടെ എണ്ണം ഏറുകയാണ്‌. ഈ സാഹചര്യത്തിലാണ്‌ അനധികൃത പാർക്കിങ്ങിനെതിരെ നടപടി ശക്തമാക്കുന്നത്‌. റോഡിൽ പാർക്കിങ്‌ പാടില്ലെന്നാണ്‌ നിയമം. വാഹനത്തിന്റെ ഒരു ചക്രം റോഡിലേക്ക്‌ കയറ്റിനിർത്തിയാണ്‌ പലരും പാർക്ക്‌ ചെയ്യാറ്‌. ഇത്‌ മറ്റ്‌ വാഹനങ്ങളുടെ സുഗമമായുള്ള പോക്കിനെ ബാധിക്കും. ഗതാഗതക്കുരുക്കിനും കാരണമാകുന്നു. നഗരങ്ങളിലാണ്‌ പ്രശ്‌നം കൂടുതൽ രൂക്ഷം. ഒരു വാഹനം അനധികൃതമായി പാർക്ക്‌ ചെയ്‌താലും വൻ ഗതാഗതക്കുരുക്കിന്‌ കാരണമാകുന്നതായി പൊലീസ്‌ അധികൃതർ പറയുന്നു. ശബരിമല സീസണോടെ പ്രശ്‌നം രൂക്ഷമാകാനാണ്‌ സാധ്യത.
നഗരങ്ങളിൽ കൂടുതൽ സ്ഥലത്ത്‌ ‘നോ പാർക്കിങ്‌’, പാർക്കിങ്‌ ബോർഡുകൾ സ്ഥാപിക്കും. പാർക്കിങ്ങിന്‌ കൂടുതൽ സ്ഥലം കണ്ടെത്താനും ആലോചനയുണ്ട്‌. ബീച്ചിനോട്‌ ചേർന്ന്‌ പോർട്‌ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം പാർക്കിങ്ങിന്‌ വിട്ടുകിട്ടുമോ എന്നും പരിശോധിക്കുന്നുണ്ട്‌. പേ പാർക്കിങ്ങുമായി ബന്ധപ്പെട്ടവരുടെ യോഗം അടുത്തമാസം വിളിക്കും.
പാതയോരങ്ങളിലുള്ള സൈൻബോർഡുകൾ മറയ്‌ക്കുന്ന രീതിയിലുള്ള മരച്ചില്ലകൾ വെട്ടിമാറ്റാനും ഹോർഡിങ്ങുകൾ നീക്കാനും യോഗത്തിൽ തീരുമാനമായി. സൈൻ ബോർഡുകൾ മറയ്‌ക്കുന്ന മരച്ചില്ലകളും ഹോർഡിങ്ങുകളും ദൂരെനിന്ന്‌ വരുന്നവർക്ക്‌ റോഡുകൾ തിരിച്ചറിയാൻ പ്രയാസമുണ്ടാക്കുന്നു. മരച്ചില്ലകൾ വെട്ടിമാറ്റാൻ ദേശീയപാത അതോറിറ്റി അധികൃതർക്ക്‌ നിർദേശം നൽകിയിട്ടുണ്ടെന്ന്‌ സിറ്റി ട്രാഫിക്‌ അസി. കമീഷണർ പി ബിജുരാജ്‌ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top