കോഴിക്കോട്
കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ഉൾപ്പെടെ ജില്ലയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങൾക്ക് ദേശീയ അംഗീകാരം. രാജ്യത്തെ ആരോഗ്യമേഖലയുടെ സമഗ്രവികസനത്തിനും മുഴുവൻ സർക്കാർ ആശുപത്രികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ നടപ്പാക്കുന്ന നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് പദ്ധതിയിലാണ് ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങൾക്ക് അംഗീകാരം ലഭിച്ചത്.
ജില്ലാതല ആശുപത്രികളുടെ ഗണത്തിൽ കോട്ടപ്പറമ്പ് ആശുപത്രി 96 ശതമാനം മാർക്ക് നേടി. രാമനാട്ടുകര, എടച്ചേരി ഫാമിലി ഹെൽത്ത് സെന്ററുകൾക്കും കല്ലുനിര യുപിഎച്ച്സി, താമരശേരി താലൂക്ക് ആശുപത്രി എന്നീ സ്ഥാപനങ്ങൾക്കും അംഗീകാരമുണ്ട്. അംഗീകാരം ലഭിക്കുന്ന പിഎച്ച്സികൾക്ക് രണ്ടുലക്ഷം രൂപ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെന്റീവ് ലഭിക്കും.
സംസ്ഥാനത്തെ ആശുപത്രികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ രൂപകൽപ്പനചെയ്ത ക്വാളിറ്റി സ്റ്റാൻഡേർഡ് (കാഷ്) അംഗീകാരം പനങ്ങാട് പിഎച്ച്സി, രാമനാട്ടുകര, മൂടാടി ഫാമിലി ഹെൽത്ത് സെന്ററുകൾ, യുപിഎച്ച്സി കല്ലുനിര എന്നീ സ്ഥാപനങ്ങൾക്ക് ലഭിച്ചു. ആശുപത്രികളുടെ നിലവാരം, രോഗീപരിചരണം, ശുചിത്വം, അണുബാധാ നിയന്ത്രണം, മറ്റു സൗകര്യങ്ങൾ എന്നിവ വിലയിരുത്തി മികച്ച ആശുപത്രിക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..