13 December Friday

പ്രണയാഭ്യർഥന നിരസിച്ചു; പെൺകുട്ടിക്കെതിരെ ഭീഷണി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2019
കോഴിക്കോട്‌
പ്രണയാഭ്യർഥന നിരസിച്ചതിന്‌ യുവാവ്‌ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി പത്തൊമ്പതുകാരി. അത്തോളി സ്വദേശിയായ യുവാവ്​  ശാരീരികമായി ഉപദ്രവിക്കുന്നെന്ന പരാതിയുമായി വനിതാ കമീഷൻ മെഗാ അദാലത്തിനാണ്‌ പെൺകുട്ടിയെത്തിയത്‌. യുവാവിനെതിരെ പൊലീസ്‌ നടപടിയെടുക്കുന്നില്ലെന്നും പെൺകുട്ടി കമീഷനെ അറിയിച്ചു. ടൗൺഹാളിലായിരുന്നു അദാലത്ത്‌. 
അത്തോ​ളി എസ്‌ഐയെ വി ളിച്ച്​ കേസ്​ റിപ്പോർട്ടുമായി അദാലത്തിൽ ഹാജരാകാൻ കമീഷൻ ആവശ്യപ്പെട്ടു. യുവാവിനെ എത്രയും പെട്ടെന്ന്‌ അറസ്റ്റ്‌​ ചെയ്യണമെന്നും പെൺകുട്ടിയുടെ വീട്ടുപരിസരത്ത്​ സ്ഥിരമായി പൊലീസ്​ പട്രോളിങ്​ ഏർപ്പെടുത്തണമെന്നും നിർദേശിച്ചു. 
വിദേശത്ത്‌ ജോലി വാഗ്‌ദാനം നൽകി മകനെ പീഡിപ്പിച്ചെന്ന പരാതിയുമായി വടകര സ്വദേശിനിയായ അമ്മയും അദാലത്തിനെത്തി.  
50 കേസുകളായിരുന്നു ചൊവ്വാഴ്‌ച അദാലത്തിൽ പരിഗണിച്ചത്‌. ഒമ്പതെണ്ണം തീർപ്പാക്കി. സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ എം സി ജോസഫൈന്റെ നേതൃത്വത്തിലായിരുന്നു അദാലത്ത്‌. കമീഷൻ അംഗം അഡ്വ. എം എസ്‌ താര, അഡ്വ. റീന സുകുമാരൻ, ടി ഷീല, പി മിനി എന്നിവരും  പങ്കെടുത്തു. അദാലത്ത്‌ ബുധനാഴ്‌ചയും തുടരും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top