08 December Sunday

‘അറിവ്‌’ അനുഭവമാക്കി ‘വിനിമയം’

സ്വന്തം ലേഖകൻUpdated: Wednesday Nov 13, 2019
 
ബത്തേരി
കൂർക്കഞ്ചേരി ജെപിഇഎച്ച‌്എസ‌്എസ‌ിലെ എട്ടാം ക്ലാസ‌് വിദ്യാർഥി ആദി ദേവിന‌്  അച്ഛൻ ടൗണിൽ നിന്നും വാങ്ങിക്കൊണ്ട‌് വരുന്ന  പനമ്പ‌് കൊട്ട കണ്ടുള്ള പരിചയം മാത്രമാണുള്ളത‌്. കൺമുമ്പിൽ നിമിഷനേരം കൊണ്ട‌് കൊട്ട മെനയുന്ന കാഴ‌്ച്ചയിൽനിന്നും കണ്ണെടുക്കാനായില്ല. അവനൊപ്പം കൂട്ടുകാരും പഴൂരിലെ  കൊട്ടനെയ‌്ത്തുകാരൻ രാജേന്ദ്രന്റെ കരവിരുതിൽ അൽഭൂതംകൂറി.   തൃശൂർ,- വയനാട‌് ജില്ലകളിലെ വിദ്യാർഥികൾക്ക‌് പരസ‌്പരം മനസിലാക്കാനും സാംസ‌്കാരിക വിനിമയത്തിനുമായി സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ ഓടപ്പള്ളം ഗവ. ഹൈസ‌്കൂളിൽ രണ്ട‌് ദിവസമായി നടന്ന ‘വിനിമയം 2019’ പരിപാടിയിലാണ‌്  രാജേന്ദ്രൻ കുട്ടികൾക്കായി ഈറ്റകൊണ്ട്‌ കൊട്ടനിർമിച്ചത്‌. സ‌്കൂളിന‌് സമീപത്തെ വനത്തിലായിരുന്നു കൊട്ടമെടയൽ. 
2019﹣-20 വർഷത്തെ നൂതനാശയ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വിനിമയത്തിന്റെ സംസ്ഥാനത്തെ ആദ്യപരിപാടിയായിരുന്നു ഓടപ്പള്ളത്ത്‌. തൃശൂർ നഗരപ്രദേശത്തെ 20 പൊതുവിദ്യാലയങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളും ഓടപ്പള്ളം സ‌്കൂളിലെ 40 കുട്ടികളും 10 അധ്യാപകരുമാണ‌് പങ്കെടുത്തത‌്. വിദ്യാർഥികളെ 10 ഗ്രൂപ്പുകളായി തിരിച്ച്‌ ചരിത്രം, കല, ഭക്ഷണരീതികൾ, ഭാഷകൾ, സംസാരത്തിലെ ശൈലികൾ, ജീവിതരീതികൾ, ആചാരങ്ങൾ, വരമൊഴികൾ, സസ്യ ജന്തുജാലങ്ങൾ, പാർപ്പിടങ്ങൾ, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിൽ വിനിമയം നടത്തി. ക്ലാസ‌് മുറികളിലേയും പാഠപുസ‌്തകങ്ങളിലേയും അറിവുകൾക്ക‌് പുറമെ രണ്ട‌് ജില്ലകളിലെ നാട്ടറിവുകൾകൂടി മനസിലാക്കൻ പരിപാടി സഹായിച്ചു. കുട്ടികളുടെ കലാപരിപാടികൾ, വനസന്ദർശനം, കോളനി സന്ദർശനം, ജൈവവൈവിധ്യങ്ങൾ കണ്ടെത്തൽ എന്നിവയും പരിപാടിയുടെ ഭാഗമായി ഉണ്ടായി. മറ്റുജില്ലകളും  വിനിമയം സംഘടിപ്പിക്കുമെന്ന്‌ അധികൃതർ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top