21 September Saturday

ആർദ്രകേരളം: ജില്ലയിൽ ഒന്നാമതായി കക്കോടി

സ്വന്തം ലേഖകൻUpdated: Tuesday Aug 13, 2024

എൻക്യുഎഎസ് അംഗീകാരം ലഭിച്ച കക്കോടി കുടുംബാരോഗ്യ കേന്ദ്രം 
ആരോഗ്യ മന്ത്രി വീണാ ജോർജ് സന്ദർശിക്കാൻ എത്തിയപ്പോൾ. 
സമീപം മന്ത്രി എ കെ ശശീന്ദ്രൻ (ഫയൽചിത്രം)

സ്വന്തം ലേഖകൻ
കക്കോടി
ആരോഗ്യമേഖലയിൽ ഏറ്റവും കൂടുതൽ ഫണ്ട് വകയിരുത്തുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പ് നൽകുന്ന ‘ആർദ്രകേരളം’ പുരസ്കാരത്തിൽ ജില്ലയിൽ ഒന്നാമതായി കക്കോടി പഞ്ചായത്ത്‌. പഞ്ചായത്ത്‌ ഈ മേഖലയിൽ നടപ്പാക്കിയ വിവിധ കാര്യങ്ങളാണ്‌ നേട്ടം സമ്മാനിച്ചത്‌.  2018ലെ പ്രളയത്തിൽ പൂർണമായും തകർന്നുപോയ ആരോഗ്യകേന്ദ്രം കെട്ടിടം ചെന്നൈ അപ്പോളോ ഗ്രൂപ്പിന്റെ സഹായത്തോടെ നാല്‌ കോടിയോളം രൂപ ചെലവഴിച്ചാണ്‌ മികച്ച  കെട്ടിടമാക്കിയത്‌. ഇതിനൊപ്പം മക്കട സബ് സെന്ററും കക്കോടി മുക്ക് സബ് സെന്ററും   നവീകരിച്ചു.  സർക്കാർ  സംവിധാനത്തിന്‌ പുറമെ കുടുംബാരോഗ്യകേന്ദ്രത്തിലേക്ക്‌ ഉപകരണങ്ങളും ഫർണിച്ചറും സ്പോൺസർഷിപ്പായാണ്‌ ശേഖരിച്ചത്‌. ശിശു സൗഹൃദ  അന്തരീക്ഷം ആശുപത്രിയിൽ ഉറപ്പാക്കി. സ്ത്രീ സൗഹൃദ ടോയ്‌ലറ്റുകളും മുലയൂട്ടൽ മുറിയും  സജ്ജീകരിച്ചിട്ടുണ്ട്. മരുന്ന് സൂക്ഷിക്കുന്ന ഫാർമസി അത്യാധുനികമാണ്‌. ആറ്‌ കിടക്കകളുള്ള നിരീക്ഷണമുറിയും കാത്തിരിപ്പ് കേന്ദ്രവും  അതിഗംഭീരം. മികച്ച പാലിയേറ്റീവ് പരിചരണ പ്രവർത്തനങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രംവഴി നടപ്പാക്കുന്നത്. ‘മഷിത്തണ്ട്’ എന്ന പേരിലുള്ള പദ്ധതി ഏറെ ആകർഷിക്കപ്പെട്ടു. 
മികച്ച മാലിന്യ സംസ്കരണ പദ്ധതികൾ നടപ്പാക്കാനും  പഞ്ചായത്തിന് കഴിഞ്ഞു. ജില്ലയിൽ തന്നെ രണ്ട് ടേക്‌ എ ബ്രേക്കുകൾ പ്രവർത്തിക്കുന്ന അപൂർവം  പഞ്ചായത്തുകളിൽ ഒന്നാണ് കക്കോടി.  എല്ലാ ഘടകസ്ഥാപനങ്ങളിലും സ്കൂളുകളിലും നാപ്കിൻ മെഷീനും ഇൻസുലേറ്ററും സ്ഥാപിച്ചു. എല്ലാ വാർഡുകളിലും മിനി എംസിഎഫും ഒരു എംസിഎഫും പ്രവർത്തിക്കുന്നുണ്ട്‌.  ആന്റി ബയോട്ടിക് സാക്ഷര പഞ്ചായത്ത് എന്ന അജൻഡയിൽ ഊന്നിയുള്ള നൂതന പരിപാടികളും പഞ്ചായത്തിൽ നടപ്പായി.  രാജ്യത്ത് തന്നെ ആദ്യത്തെ ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രിയാണ്‌ കക്കോടിയിലേത്‌. ഒരു ഓപ്പൺ ജിമ്മും  ഒരു ഇൻഡോർ ജിമ്മും സ്ഥാപിക്കാനും പഞ്ചായത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top