21 September Saturday

മികവിൽ മുന്നിൽ 
പേരാമ്പ്ര

സ്വന്തം ലേഖകൻUpdated: Tuesday Aug 13, 2024

പേരാമ്പ്ര താലൂക്ക് ആശുപത്രി

പേരാമ്പ്ര
ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം നടത്തിയ തദ്ദേശ സ്ഥാപനങ്ങളിൽ ബ്ലോക്ക് തലത്തിൽ സംസ്ഥാനത്ത് ഒന്നാംസ്ഥാനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്. 2022–-23 വർഷത്തെ ആർദ്ര കേരളം പുരസ്കാരത്തിനാണ് പേരാമ്പ്ര ബ്ലോക്ക്  പഞ്ചായത്ത് അർഹമായത്.10 ലക്ഷം രൂപയാണ് അവാർഡ് തുക. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ആരോഗ്യ മേഖലക്ക് നീക്കി വയ്‌ക്കുന്ന പദ്ധതി വിഹിതം, മികച്ച സേവനങ്ങൾ ഉറപ്പുവരുത്തൽ, നൂതന പദ്ധതികൾ, ശുചിത്വ സംവിധാനങ്ങൾ, പാലിയേറ്റീവ് പ്രവർത്തനങ്ങൾ, രോഗ പ്രതിരോധ പ്രവർത്തനങ്ങൾ, എന്നിവയാണ് അവാർഡിനായി പരിഗണിച്ചത്. 
പ്രതിവർഷം മൂന്നര ലക്ഷത്തിലേറെ രോഗികൾ ആശ്രയിക്കുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്കാണ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി പ്രാമുഖ്യം നൽകുന്നത്. താലൂക്കാശുപത്രിയിൽ 24 മണിക്കൂറും ഇസിജി സംവിധാനം, ഫാർമസി, ലാബ് സൗകര്യങ്ങൾ എന്നിവ ഏർപ്പെടുത്തി.18 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. ഡയാലിസിസ് യൂണിറ്റിന്റെ വിപുലീകരണത്തിനായി ജനറേറ്റർ, എച്ച്ടി കണക്‌ഷൻ, ത്രീ ഫെയ്സ് കണക്‌ഷൻ എന്നിവക്ക്  60 ലക്ഷം രൂപ ചെലവഴിച്ചു. ഡയാലിസിസ് രോഗികൾക്ക് മരുന്നിന് പ്രത്യേകം തുക വകയിരുത്തി. 
മികച്ച ഫിസിയോ തെറാപ്പി യൂണിറ്റും ഇവിടെയുണ്ട്‌. 50 രൂപ മാത്രമാണ് ഫീസ് ഈടാക്കുന്നത്. ബ്ലോക്കിന് കീഴിൽ സെക്കൻഡറി പാലിയേറ്റീവ് യൂണിറ്റും ഫലപ്രദമായി പ്രവർത്തിക്കുന്നു. എട്ടുലക്ഷം രൂപ ഇതിനായി ചെലവഴിച്ചു. ദൈനംദിന ചെലവുകൾക്കായി 10 ലക്ഷം രൂപ മാറ്റിവച്ചു. മൂന്നുലക്ഷം രൂപ ചെലവഴിച്ച് ഇ ഹെൽത്ത് പദ്ധതി ഫലപ്രദമാക്കി. 12 ലക്ഷം രൂപയുടെ ആധുനിക യന്ത്രങ്ങൾ സ്ഥാപിച്ച് ലാബ് നവീകരിച്ചു. സ്വകാര്യ ലാബുകളെക്കാൾ 60 ശതമാനം വരെ ഇളവിലാണ് ഇവിടെ ടെസ്റ്റുകൾ നടത്തുന്നത്. 
വയോജനങ്ങൾക്കായി ഡോക്ടർ, ഫാർമസിസ്റ്റ്, നഴ്സ് എന്നിവരും വാഹനവും ഉൾപ്പെട്ട മൊബൈൽ മെഡിക്കൽ യൂണിറ്റ് സ്ഥാപിച്ചു. 2022–--23 വർഷത്തിൽ 20 ലക്ഷം രൂപയാണ് ഈ പദ്ധതിക്കായി ചെലവഴിച്ചത്. ജീവിതശൈലീ രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവതാളം പദ്ധതി ആരംഭിച്ചു. താലൂക്കാശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 13 ലക്ഷം രൂപയാണ്‌  ചെലവഴിച്ചത്‌. രോഗികൾക്കും ഡയാലിസിസിന്‌ വരുന്നവർക്കുമായി മികച്ച ഉച്ചഭക്ഷണ പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്‌.
ഭിന്നശേഷിക്കാർക്കുള്ള കമ്യുണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ്‌ സെന്റർ (സിഡിഎംസി) ആരംഭിക്കുന്നതിനുള്ള പ്രവർത്തനവും പുരോഗമിക്കുന്നു. ബ്ലോക്ക്‌ പഞ്ചായത്ത് അംഗങ്ങൾ, ആശുപത്രി മാനേജ്മെന്റ്‌ കമ്മിറ്റി അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, പൊതു പ്രവർത്തകർ എന്നിവരുടെ സഹകരണമാണ് പുരസ്കാര നേട്ടത്തിന് സഹായകമായതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എൻ പി ബാബു പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top