23 September Wednesday

നഗരസഞ്ചയത്തിൽ 53 തദ്ദേശ സ്ഥാപനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020
കോഴിക്കോട്‌
ജില്ലയിൽ 53 തദ്ദേശ സ്ഥാപനങ്ങളെ നഗരസഞ്ചയ പ്രദേശത്തിൽ ഉൾപ്പെടുത്തിയതായി ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ സമിതി ചെയർമാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അറിയിച്ചു.  വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതിക്ക് യോഗം അംഗീകാരം നൽകി. കുടിവെള്ളം, ശുചിത്വം എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകിയാണ് നഗരസഞ്ചയ പ്രദേശങ്ങളിൽ പദ്ധതികൾ നടപ്പാക്കേണ്ടത്. 
തദ്ദേശ സ്ഥാപനങ്ങൾ ജില്ലാതല നിർദേശങ്ങൾകൂടി പരിഗണിച്ച് ഏറ്റെടുക്കേണ്ട പദ്ധതികളെക്കുറിച്ചുള്ള തീരുമാനം 22നുമുമ്പ്‌ ഭരണസമിതി യോഗം ചേർന്ന് ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കണം. 35  പഞ്ചായത്തുകളും 10 ബ്ലോക്ക് പഞ്ചായത്തുകളും ഏഴ് നഗരസഭകളും ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ 53 തദ്ദേശ സ്ഥാപനങ്ങളാണ് നഗരസഞ്ചയത്തിൽ ഉൾപ്പെടുന്നത്. ശുചിത്വം, കുടിവെള്ളം എന്നീ മേഖലകളിലാണ് പദ്ധതികൾ നടപ്പാക്കാവുന്നത്. 91 തദ്ദേശ സ്ഥാപനങ്ങളിൽ 18 മേഖലകളിലായി വിവിധ വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി അവലോകനംചെയ്യുന്ന ‘ജില്ലാ പദ്ധതി പുരോഗതി ട്രാക്കറി’ന്റെ പ്രകാശനവും  ബാബു പറശ്ശേരി നിർവഹിച്ചു. വിവിധ പദ്ധതികളുടെ ഓരോ മാസത്തെ പുരോഗതി ഈ ട്രാക്കറിൽ അപലോഡ്  ചെയ്യും.
മേയർ ചെയർമാനും സെക്രട്ടറി കൺവീനറുമായാണ് നഗരസഞ്ചയ പദ്ധതിയുടെ ആസൂത്രണം നടത്തുന്നത്. കുടിവെള്ളപദ്ധതി നടത്തിപ്പ്, മഴവെള്ളക്കൊയ്‌ത്ത്‌, ജലസംരക്ഷണവും ജലസ്രോതസ്സുകളുടെ പരീക്ഷണവും, ജലാശയങ്ങളുടെ പുനരുജ്ജീവനം, ജലത്തിന്റെ പുനരുപയോഗവും പുനഃചംക്രമണവും, ശുചിത്വം, നഗര മാലിന്യ സംസ്കരണ സംവിധാനങ്ങൾ സ്ഥാപിക്കൽ, പൊതുവായ മാലിന്യസംസ്കരണ സംവിധാനങ്ങൾ തുടങ്ങിയവയ്ക്കാണ് പ്രാധാന്യം. 
യോഗത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ജില്ലാതല അവലോകനവും  തദ്ദേശ സ്ഥാപനങ്ങളുടെ  പ്രവർത്തന റിപ്പോർട്ടും ചർച്ചചെയ്തു. വീഡിയോ കോൺഫറൻസ് മുഖേന നടത്തിയ യോഗത്തിൽ കലക്ടർ സാംബശിവറാവു, ഡെപ്യൂട്ടി മേയർ മീര ദർശക്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ റീന മുണ്ടേങ്ങാട്ട്‌, പ്ലാനിങ് ഓഫീസർ എൻ കെ ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.
 
പദ്ധതിയിൽ ഉൾപ്പെട്ടവ
കടലുണ്ടി, കുന്നുമ്മൽ, അഴിയൂർ, വില്യാപ്പള്ളി, ബാലുശേരി, പെരുമണ്ണ, കക്കോടി, മാവൂർ, വളയം, നാദാപുരം, ചോറോട്, മണിയൂർ, കീഴരിയൂർ, ഉള്ള്യേരി, നന്മണ്ട, കുരുവട്ടൂർ, പെരുവയൽ, ചെക്യാട്, എടച്ചേരി, ആയഞ്ചേരി, മേപ്പയ്യൂർ, നടുവണ്ണൂർ, ചേമഞ്ചേരി, ചേളന്നൂർ, കുന്നമംഗലം, ഒളവണ്ണ, തൂണേരി, ഏറാമല, തിരുവള്ളൂർ, തുറയൂർ, പനങ്ങാട്, തിക്കോടി, അത്തോളി, തലക്കുളത്തൂർ, ചാത്തമംഗലം എന്നീ  പഞ്ചായത്തുകളും വടകര, രാമനാട്ടുകര, മുക്കം, കൊയിലാണ്ടി, പയ്യോളി, കൊടുവള്ളി, ഫറോക്ക് നഗരസഭകളും, തൂണേരി, വടകര, തോടന്നൂർ, മേലടി, ബാലുശേരി, പന്തലായനി, കോഴിക്കോട്, ചേളന്നൂർ, കുന്നമംഗലം, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും  

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top