23 September Wednesday

വിമാനത്താവളത്തിൽ ജോലി വാഗ്ദാനംചെയ്ത് പണംതട്ടിയ കേസിലെ പ്രധാനപ്രതി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020
ഒഞ്ചിയം 
കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ സംഘത്തിലെ പ്രധാന പ്രതി അഴിയൂർ കല്ലാമല സ്വദേശി പൊന്നൻകണ്ടി അരുൺകുമാറി(54)നെ ചോമ്പാല പൊലീസ് അറസ്റ്റ്ചെയ്തു. കൊടുവള്ളി സ്വദേശി ഹുസ്നി മുബാറകിന്റെ പരാതിയിലാണ് അരുണിനെ അറസ്റ്റ് ചെയ്തത്. 
എയർപോർട്ടിൽ കാന്റീൻ സൗകര്യം ഒരുക്കാമെന്നും വിവിധ തസ്തികകളിൽ ജോലിതരപ്പെടുത്താമെന്നും‌ വാഗ്ദാനംചെയ്ത്‌ കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ നിരവധി പേരിൽനിന്ന് സംഘം ലക്ഷങ്ങൾ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. 
തലശേരി സ്റ്റേഷനിൽ സമാന പരാതിയിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അരുൺ കബളിപ്പിച്ചതായി മടപ്പള്ളി സ്വദേശി സത്യൻ എന്നയാളുടെ പരാതി ചോമ്പാല പൊലീസ് സ്റ്റേഷനിൽ നിലവിലുണ്ട്‌. ഈ സംഘത്തിൽപ്പെട്ട തലശേരി സ്വദേശിയായ മറ്റൊരു പ്രതിക്കുവേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കി. നിരവധിപേരെ സംഘം കബളിപ്പിച്ചതായാണ്‌ പൊലീസിന്‌ ലഭിച്ച വിവരം. കോൺഗ്രസ്‌ അനുഭാവിയായ അരുണിന്‌ കണ്ണൂരിലെ ഒരു പ്രമുഖ കോൺഗ്രസ്‌ നേതാവുമായി അടുത്ത ബന്ധമുള്ളതായും സൂചനയുണ്ട്‌.
ചോമ്പാല സിഐ ടി പി സുമേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷസംഘമാണ് പ്രതിയെ ബുധനാഴ്ച അറസ്റ്റ് ചെയ്തത്. എസ്ഐ നിഖിൽ, അഡീഷണൽ എസ്ഐമാരായ അബ്ദുൾസലാം, അശോകൻ, സീനിയർ സിപിഒ ഷാജി, രതീഷ് പടിക്കൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോവിഡ് പരിശോധനക്കുശേഷം വടകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു. 

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top