18 September Wednesday

ദുരിതബാധിതർ വീടുകളിലേക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019
വടകര
മഴക്കെടുതിയിൽ ദുരിതം പേറിയവർ വീടുകളിലേക്ക്‌. നാലു ദിവസങ്ങളിലായി പെയ്‌ത കനത്ത മഴക്ക്‌ ഞായറാഴ്‌ചയോടെയാണ്‌ തെല്ലുശമനമായത്‌. വെള്ളക്കെട്ടൊഴിയാത്തിനാൽ പലരും ക്യാമ്പുകളിൽ കഴിയുകയാണ്‌. തിരുവള്ളൂർ പഞ്ചായത്തിൽ ഏഴ്‌ ക്യാമ്പുകളാണ്‌ ഉണ്ടായിരുന്നത്‌. സൗമ്യത യുപി സ്‌കൂൾ, വെള്ളൂക്കര ഗവ. എൽപി സ്‌കൂൾ ക്യാമ്പുകളിൽനിന്ന്‌ ദുരിതബാധിതർ വീടുകളിലേക്ക്‌ മാറിയിട്ടില്ല. മണിയൂർ പഞ്ചായത്തിൽ നാലുക്യാമ്പിൽ  ഒരു ക്യാമ്പിൽ നിന്നുള്ളവർ ഒഴികെ മറ്റെല്ലാവരും വീടുകളിലേക്ക്‌ മടങ്ങി. ചെരണ്ടത്തൂർ എൽപി സ്‌കൂളിൽ മാത്രമാണ്‌ ക്യാമ്പ് പ്രവർത്തിക്കുന്നത്‌. തിരുവള്ളൂർ തുരുത്തിയിലേക്കും വെള്ളൂക്കരയിലേക്കും റോഡ്‌ ഗതാഗതയോഗ്യമായിട്ടില്ല. 
മണിയൂർ, ചെരണ്ടത്തൂർ, മങ്കര എന്നിവിടങ്ങളിൽ  വെള്ളക്കെട്ടൊഴിഞ്ഞില്ല. കനത്ത മഴയിൽ ദുരിതത്തിലായ ചല്ലിവയലിലെ 37 കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങി. 
ബന്ധുവീടുകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും താമസിച്ചവരാണ് മടങ്ങിയെത്തിയത്. പ്രദേശത്തെ എൻസി കനാലിന്റെയും ഉപതോടുകളുടെയും വീതിക്കുറവും കൈയേറ്റവുമാണ് വെള്ളം കയറുന്നതിന്‌ കാരണമായത്. പ്രശ്നം പരിഹരിക്കുന്നതിന്‌ കോഴിക്കോട്ട്‌ ജലവിഭവ വിനിയോഗ കേന്ദ്രവും മൈനർ ഇറിഗേഷനും ഇടപെട്ടിട്ടുണ്ട്‌.  നാട്ടുകാരുടെ നേതൃത്വത്തിൽ ബഹുജന കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്. ജെഎൻഎം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ക്യാമ്പിൽ ഉണ്ടായിരുന്ന 15 കുടുംബങ്ങളും പാലയാട്‌ നമ്പർ വൺ എൽപി സ്‌കൂളിൽ ഉണ്ടായിരുന്ന  ഒമ്പത്‌ കുടുംബങ്ങളും വീടുകളിലേക്ക്‌ മടങ്ങി.   
പ്രധാന വാർത്തകൾ
 Top