03 August Monday

യുവതയുടെ കൈകളുണ്ട്‌, രക്ഷകരാവാൻ

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020
കോഴിക്കോട്‌ 
കുത്തിയൊഴുകുന്ന പുഴയിലും ആളിപ്പടരുന്ന തീയിലുമെല്ലാം കനിവിന്റെ കൈ നീട്ടാൻ യുവതയുണ്ട്‌. ദുരന്തമുഖങ്ങളിൽ പതറുന്നവർക്ക്‌ മുന്നിൽ ഏത്‌ മഴയിലും വേനലിലും രക്ഷകരാവാൻ ഡിവൈഎഫ്‌ഐ എത്തും. ആയിരത്തോളം പേരാണ്‌ ദുരന്തമുഖത്ത്‌ വളന്റിയർമാരാകാൻ തയ്യാറെടുക്കുന്നത്‌. പ്രകൃതിദുരന്തങ്ങളിൽ രക്ഷകരാവാൻ ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക്‌ പരിശീലനം ആരംഭിച്ചു. 
‘ദുരന്തമുഖങ്ങളിൽ കരുത്തും കരുതലുമായി’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ യൂത്ത്‌ ബ്രിഗേഡ്‌ സേനക്കാണ്‌ പരിശീലനം നൽകുന്നത്‌. അഗ്നിരക്ഷാസേന, കെഎസ്‌ഇബി, വിവിധ ഡോക്‌ടർമാർ എന്നിവരിൽനിന്നാണ്‌ പരിശീലനം നേടുന്നത്‌. ആയിരം വളന്റിയർമാരുടെ സേവനം ഉറപ്പാക്കാനാണ്‌ ലക്ഷ്യം. കാലവർഷം കനക്കുമ്പോഴേക്കും പരിശീലനം പൂർത്തിയാക്കാനാണ്‌ ലക്ഷ്യം. 
ഉരുൾപൊട്ടലുണ്ടായാലും മരംവീണാലും വെള്ളപ്പൊക്കമുണ്ടായാലുമൊക്കെ പതറിപ്പോകുന്നവരെ സഹായിക്കാനാണ്‌ സേന ഒരുങ്ങുന്നത്‌. റോഡപകടങ്ങളിൽപ്പെട്ടവരെ രക്ഷിക്കാനും ഈ കൈകളുണ്ടാകും. 
ജില്ലാതല പരിശീലനം  കൊയിലാണ്ടി നമ്പ്രത്തുകര ഒറോക്കുന്നിൽ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി വി വസീഫ്‌ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് അഡ്വ. എൽ ജി ലിജീഷ് അധ്യക്ഷനായി. ജില്ലാ ട്രഷറർ പി സി ഷൈജു, ജില്ലാ കോ ഓഡിനേറ്റർ കെ അഭിജേഷ്‌, എൻ ബിജീഷ്‌, എ എൻ പ്രതീഷ്‌ എന്നിവർ സംസാരിച്ചു. ബി പി ബബീഷ്‌ സ്വാഗതം പറഞ്ഞു.  അടുത്ത ദിവസങ്ങളിൽ വളന്റിയർമാർക്ക് വിവിധ ബ്ലോക്ക്  കേന്ദ്രങ്ങളിൽ പരിശീലനംനൽകും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top