06 December Friday
ഡ്രൈവര്‍മാരിൽ ലഹരി ഉപയോ​ഗം വര്‍ധിക്കുന്നു

"ഇന്ധനം’ അടിച്ചാൽ ഡ്രൈവര്‍മാര്‍ക്ക് പിടിവീഴും

വെബ് ഡെസ്‌ക്‌Updated: Saturday Jul 13, 2019
കോഴിക്കോട്
ലഹരി ഉപയോ​ഗിച്ച് വാഹനം ഓടിക്കുന്ന ബസ് ഡ്രെെവർമാരെ പൂട്ടി സിറ്റി ട്രാഫിക് പൊലീസിന്റെ സ്പെഷൽ ഡ്രെെവ്. പാളയം, പുതിയ ബസ് സ്റ്റാൻഡ‌് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പുതിയ സ്റ്റാൻഡിൽനിന്ന് കോഴിക്കോട് --- കണ്ണൂർ റൂട്ടിലോടുന്ന കെഎൽ 11 എ ബി 1132 അച്ചൂസ് ബസ്സിലെ ഡ്രെെവർ വട്ടോളി എളേറ്റിൽ സ്വദേശി മുഹമ്മദ് അസ‌്‌ലമിനെ മദ്യപിച്ചെന്ന് കണ്ടെത്തി അറസ്റ്റ്ചെയ്തു. ആറുമാസത്തേക്ക് ഇയാളുടെ ലെെസൻസ് സസ്പെൻഡ‌് ചെയ്യും.  
വെള്ളിയാഴ്ച രാവിലെ 7.45ന് ആരംഭിച്ച സ്പെഷൽ ഡ്രെെവ് ഒന്നര മണിക്കൂർ നീണ്ടു. സിറ്റി ട്രാഫിക് സൗത്ത് എസിപി ബിജുരാജിന്റെ നേതൃത്വത്തിൽ നാല് എസ‌്ഐമാർ ഉൾപ്പെടുന്ന 20 അം​ഗ സംഘമാണ് പരിശോധന നടത്തിയത്. ഡ്രെെവർമാർ രാവിലെ സ്റ്റാൻഡുകളിൽനിന്ന് ബസ്സെടുക്കുന്ന സമയത്ത് മദ്യപിക്കാറുണ്ടെന്ന യാത്രക്കാരുടെ  പരാതിയിലാണ് പരിശോധന. 
 എന്നാൽ, പരിശോധന മുൻകൂട്ടി അറിഞ്ഞ് ബസ് ജീവനക്കാർ പലരും സ്ഥലം വിട്ടു. രണ്ട് ബസ് സ്റ്റാൻഡുകളിലെ 70 ബസ്സുകൾ  പരിശോധിച്ചു. പുതിയ സ്റ്റാൻഡിന് പുറത്തെ സിറ്റി ബസ്സുകളിലും പരിശോധന നടത്തി. വരും ദിവസങ്ങളിലും സ്പെഷ്യൽ ഡ്രെെവ് തുടരുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. കഞ്ചാവ്, ഹാൻസ്, പാൻപരാ​ഗ്, കൂൾ കൂൾ എന്നീ ലഹരി വസ്തുക്കൾ ഡ്രെെവർമാർ വ്യാപകമായി ഉപയോ​ഗിക്കുന്നുണ്ടെന്നും ആരോപണമുണ്ട്.
മറ്റു ടാക്സി വാഹനങ്ങളിലേക്കും വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കും.  ലഹരി ഉപയോ​ഗിച്ച് വാഹനം ഓടിക്കുന്ന ഡ്രെെവർമാരെ സർവീസ് നടത്തുമ്പോൾ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ റോഡിൽനിന്നുതന്നെ പിടികൂടും. ആഴ്ചയിലൊരിക്കലോ മാസത്തിൽ രണ്ടുതവണയോ സ്പെഷ്യൽ ഡ്രെെവ് നടത്തുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. 
പിടിയിലായ ബസ് ഡ്രെെവറുടെ ലെെസൻസ് റദ്ദ്ചെയ്യാനുള്ള റിപ്പോർട്ട് ആർടിഒക്ക് കെെമാറുമെന്ന് സൗത്ത് സിറ്റി ട്രാഫിക് എസിപി ബിജുരാജ് അറിയിച്ചു. പെർമിറ്റുകളുടെ ലംഘനം, ഡോർ അടയ‌്ക്കാതെ പോവുക, കണ്ടക്ടർമാർക്ക് ബാഡ്ജുകൾ ഇല്ലാത്തത്,  ഡ്രെെവർമാർ യൂണിഫോം ധരിക്കാത്തത് എന്നിങ്ങന  നിയമലംഘനങ്ങൾ  ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ പരിശോധന കർക്കശമാക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുമെന്ന് എസിപി പറഞ്ഞു.
പ്രധാന വാർത്തകൾ
 Top