05 August Thursday

ചാറ്റിങ്ങിൽ വീഴരുത്‌; ചീറ്റിങ്ങാണ്

സ്വന്തം ലേഖകൻUpdated: Sunday Jun 13, 2021
കോഴിക്കോട്‌
രണ്ട്‌ മാസം മുമ്പാണ്‌ കോഴിക്കോട്ടെ യുവസംരംഭകൻ ഒരു യുവതിയുമായി  ഫേസ്‌ബുക്കിലൂടെ സൗഹൃദത്തിലായത്‌. രാത്രി മുഴുവൻ നീണ്ട ചാറ്റിങ്ങിന്റെ സ്വഭാവം മാറാൻ അധികദിവസം വേണ്ടിവന്നില്ല. പിന്നാലെ ചങ്ങാത്തം വാട്‌സാപ്പ് വീഡിയോ കോളിലേക്ക്‌ മാറി.  ചാറ്റുകളുടെയും വിളികളുടെയും ചൂടാറും മുമ്പേ ചതി മനസ്സിലായി. അഞ്ച്‌ ലക്ഷം രൂപ തട്ടിപ്പുസംഘം കൈക്കലാക്കി. പിന്നെയും പണം ആവശ്യപ്പെട്ടതോടെ പൊലീസിനെ സമീപിച്ചപ്പോഴാണ്‌ തട്ടിപ്പിനിരയായ അനേകമാളുകളിൽ ഒരാൾ മാത്രമാണ്‌ താനെന്ന്‌ ബോധ്യമായത്‌. അപരിചിതരിൽനിന്നുള്ള വീഡിയോ കോളുകൾ സ്വീകരിക്കുമ്പോൾ ജാഗ്രത വേണമെന്ന പൊലീസിന്റെ മുന്നറിയിപ്പ്‌ അവഗണിക്കുന്നവരാണ്‌ ഇരയാക്കപ്പെടുന്നവരിൽ അധികവും.
വാട്‌സാപ്പ്‌, ഫേസ്‌ബുക്ക്‌ മെസഞ്ചർ തുടങ്ങിയ വീഡിയോ കോളിലൂടെ ഫോൺ സെക്‌സിനായി ക്ഷണിക്കുന്നത്‌ സുന്ദരികളായ യുവതികളായിരിക്കും. ഈ ക്ഷണം സ്വീകരിക്കുന്നവരുടെ ദൃശ്യങ്ങൾ തട്ടിപ്പുസംഘം സ്‌ക്രീൻ റെക്കോർഡ്‌ ചെയ്‌തെടുത്തും ഫോട്ടോയെടുത്തും സൂക്ഷിക്കും. പിന്നീടയക്കുന്ന ലിങ്കുകളിൽ ഏതെങ്കിലും ഒന്നിലമർത്തിയാൽ ഫോണിലെ മുഴുവൻ കോൺടാക്റ്റും  കൈയിലെത്തിക്കാനുള്ള സാങ്കേതിക വിദ്യയും തട്ടിപ്പുകാരുടെ കൈവശമുണ്ട്‌. ഫോണിൽ നിന്ന്‌ കൈക്കലാക്കുന്ന നമ്പറുകളുപയോഗിച്ച്‌ വാട്‌സാപ്പ്‌ ഗ്രൂപ്പുണ്ടാക്കലാണ്‌ അടുത്തപടി. ഇവർ സ്‌ക്രീൻ റെക്കോർഡ്‌ ചെയ്‌തെടുത്ത അശ്ലീല വീഡിയോ   ഈ ഗ്രൂപ്പിൽ  പോസ്റ്റ്‌ ചെയ്യുന്നതോടെ ഇര ചൂണ്ടയിൽ കൊത്തിയെന്നുറപ്പിക്കും. കൂടുതലാളുകൾ കാണാതിരിക്കാൻ പണം ആവശ്യപ്പെടും.  വീഡിയോ സാമൂഹിക മാധ്യമങ്ങളിലും യു ട്യൂബിലും ഇടുമെന്നും അല്ലെങ്കിൽ പണം വേണമെന്നുമാകും ആവശ്യം. ചിലർ മാനഹാനി ഭയന്ന് പണം നൽകും. വീണ്ടും ഭീഷണി വരുന്നതോടെയാണ്‌ പകുതിയിലധികവും പരാതിപ്പെടുന്നത്.
ഫിലിപ്പൈൻസ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റാക്കറ്റുകളാണ് ഇതിൽ സജീവം. ഹരിയാന, രാജസ്ഥാൻ, യുപി സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ്‌ ഇന്ത്യയിലെ തട്ടിപ്പുസംഘങ്ങൾ പ്രവർത്തിക്കുന്നത്‌. മൊബൈൽ നമ്പറും ബാങ്ക്‌ അക്കൗണ്ട്‌ നമ്പറുകളും  അതിർത്തി പ്രദേശങ്ങളിൽ ജീവിക്കുന്ന ആദിവാസികളുടെയോ പാവപ്പെട്ടവരുടെയോ ആയിരിക്കും. 
സൈബർസെല്ലിൽ ലഭിച്ച ഒരുപരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ്‌ അന്വേഷിച്ചെത്തിയത്‌ ബിഹാറിലെ അതിർത്തി ഗ്രാമമായ ജാംധാരയിൽ. ഇവിടുത്തെ ആദിവാസികളുടെ തിരിച്ചറിയൽ രേഖകളും ജൻധൻ അക്കൗണ്ടിന്റെ എടിഎമ്മും പാസ്‌ബുക്കുമെല്ലാം ഒരുസംഘം ചുരുങ്ങിയ പണം നൽകിയാണ്‌ തട്ടിയെടുത്തത്‌. അന്വേഷണം അവിടെ അവസാനിപ്പിച്ച്‌ മടങ്ങേണ്ടിവന്നു. തിരുവനന്തപുരത്ത്‌ ലഭിച്ച മറ്റൊരു പരാതിയിൽ ചെറിയ സൂചനകളെ പിന്തുടർന്ന സൈബർസെൽ പ്രതികളെ അറസ്റ്റ്‌ ചെയ്യുകയും ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top