18 June Tuesday

വാഹന പരിശോധന തുടരുന്നു 43 ബസ്സുകൾക്കെതിരെ കേസ‌്

സ്വന്തം ലേഖികUpdated: Thursday Jun 13, 2019
കോഴിക്കോട‌് 
മഴക്കാല വാഹന പരിശോധന ജില്ലയിൽ ശക്തമാക്കി. കോഴിക്കോട‌്, വടകര, നാദാപുരം, ഫറോക്ക‌്  ബസ‌് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച‌ാണ‌് മോട്ടോർ വാഹന വകുപ്പ‌് എൻഫോഴ‌്സ‌്മെന്റ‌് വിഭാഗം സിറ്റി ട്രാഫിക‌് പൊലീസിന്റെ സഹകരണത്തോടെ പരിശോധന നടത്തിയത‌്. 
ആക‌്സിഡന്റ‌് റിവ്യൂ കമ്മിറ്റിയിലെ നിർദേശ പ്രകാരമായിരുന്നു പരിശോധന. പല ബസ്സുകളും നിയമം  പാലിക്കാതെയാണ‌് സർവീസ‌് നടത്തുന്നതെന്ന‌് പരാതി ലഭിച്ചിരുന്നു. 124 ബസ്സുകൾ പരിശോധിച്ചതിൽ 43 എണ്ണത്തിനെതിരെ വിവിധ വകുപ്പുകളിൽ കേസെടുത്തു.  
സ‌്പീഡ‌് ഗവർണർ വിഛേദിച്ച‌ എട്ട‌് ബസുകൾ, തേയ‌്മാനം വന്ന ടയർ ഉപയോഗിക്കുന്ന 11 ബസ്സുകൾ, ലൈറ്റുകൾ യഥാവിധം പ്രവർത്തിക്കാത്ത 10 വാഹനങ്ങൾ, മുൻവശത്തെ ഗ്ലാസ‌് പൊട്ടിയിട്ടും സർവീസ‌് നടത്തിയ ഒരു ബസ‌്, എയർഹോൺ ഉപയോഗിച്ച ആറ‌് വാഹനങ്ങൾ, ചവിട്ടുപടിയുടെ ഉയരം ക്രമാതീതമായി കൂടുതലുള്ള 11 വാഹനങ്ങൾ എന്നിവക്കെതിരെ കേസെടുത്തു. നാല‌് ബസ്സുകൾക്ക‌് സ‌്റ്റോപ്പ‌് മെമ്മോ നൽകി. തകരാർ പരിഹരിച്ച‌് തുടർ പരിശോധനക്ക‌് ശേഷമേ സർവീസ‌് നടത്താവൂ. 
അധ്യാപികക്കൊപ്പം സീറ്റിലിരുന്ന വിദ്യാർഥിയോട‌് അപമര്യാദയായി പെരുമാറിയ കോഴിക്കോട‌്–- കൊയിലാണ്ടി റൂട്ടിലെ ബസ്സിലെ ജീവനക്കാർക്കെതിരെയും കേസെടുത്തു. 
വാഹനാപകടങ്ങൾ ഏറ്റവും കൂടിയ തൊണ്ടയാട‌് ഓവർ ബ്രിഡ‌്ജിന‌് സമീപം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. മാങ്കാവ‌് ബസ‌്സ‌്റ്റോപ്പ‌് മുന്നോട്ട‌് മാറ്റാനും നടപടിയായി. കോഴിക്കോട‌് റീജിയണൽ ട്രാൻസ‌്പോർട്ട‌് ഓഫീസർ എ കെ ശശികുമാർ, കോഴിക്കോട‌് എൻഫോഴ‌്സ‌്മെന്റ‌് റീജിയണൽ ട്രാൻസ‌്പോർട്ട‌് ഓഫീസർ പി എം ബഷീർ, ജില്ലാ പൊലീസ‌് മേധാവി എ വി ജോർജ‌് എന്നിവരുടെ നിർദേശ പ്രകാരമാണ‌് പരിശോധന നടക്കുന്നത‌്‌.
മോട്ടോർ വെഹിക്കിൾ ഇൻസ‌്പെക്ടർ പി പി രാജൻ, സിറ്റി ട്രാഫിക‌് സിഐ കെ വിനോദ‌്കുമാർ, ട്രാഫിക‌് എസ‌്ഐ സി കെ പ്രഭാകരൻ, അഡീഷണൽ മോട്ടോർ വെഹിക്കിൾ ഇൻസ‌്പെക്ടർമാരായ എസ‌് ശങ്കർ, രവിവർമ,  സ‌്ക്വാഡ‌് അംഗങ്ങളായ ടിജോ രാജ‌്, കിരൺ , ഷൈജൻ, റനുരാജ‌് എന്നിവർ കോഴിക്കോട്ട‌് നടന്ന പരിശോധനകൾക്ക‌് നേതൃത്വം നൽകി.  മോട്ടോർ വെഹിക്കിൾ ഇൻസ‌്പെക്ടർമാരായ ചന്ദ്രകുമാർ, രാകേഷ‌് എന്നിവർ വടകര, നാദാപുരം സ‌്റ്റാൻഡുകളിൽ പരിശോധനക്ക‌് നേതൃത്വം നൽകി. യാത്രക്കാർക്ക‌് കോഴിക്കോട‌് എൻഫോഴ‌്സ‌്മെന്റ‌് റീജിയണൽ ട്രാൻസ‌്പോർട്ട‌് ഓഫീസറുടെ 8281786094 എന്ന നമ്പറിൽ പരാതികൾ അറിയിക്കാം.

 

പ്രധാന വാർത്തകൾ
 Top