Deshabhimani

234 ഹെക്ടറിൽ ശീതകാല 
പച്ചക്കറിയുമായി ‘ഹരിതസമൃദ്ധി’

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 12, 2024, 02:30 AM | 0 min read

 സ്വന്തം ലേഖിക

കോഴിക്കോട്‌
ജില്ലയിൽ 234 ഹെക്ടറിൽ  ശീതകാല പച്ചക്കറികൃഷി ഒരുങ്ങുന്നു. പച്ചക്കറികൃഷിയുടെ പ്രോത്സാഹനവും കർഷകരുടെ  വരുമാനവർധനയും ലക്ഷ്യമിട്ട്‌ കുടുംബശ്രീയുടെ   ‘ഹരിതസമൃദ്ധി' പദ്ധതിയുടെ ഭാഗമായാണ്‌ ശീതകാല പച്ചക്കറികൃഷി ക്യാമ്പയിൻ തുടങ്ങിയത്‌.   
വിവിധ പ്രദേശങ്ങളിൽ കോളിഫ്ലവർ, കാബേജ്, ക്യാരറ്റ്, മുള്ളങ്കി, തുടങ്ങിയ ശീതകാല വിളകൾക്കൊപ്പം വിവിധ വെള്ളരിവർഗങ്ങൾ, പയർ, വെണ്ട, തക്കാളി, വഴുതന, ചീര, മുളക്, തണ്ണിമത്തൻ എന്നിവ കൃഷിയിറക്കി. ജനുവരിയിൽ വിളവെടുക്കും. 12 ബ്ലോക്കുകളിൽ 379 വാർഡുകളിലെ 655 സംഘകൃഷി ഗ്രൂപ്പുകളിലെ (ജെഎൽജി) 3138 വനിതാ കർഷകരാണ്‌ പദ്ധതിയുടെ ഭാഗമായത്‌. കൃഷിവകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും  പദ്ധതികളുൾപ്പെടുത്തിയാണ്‌ തൈകളും കിറ്റും നൽകുന്നത്‌. നടീൽ മുതൽ വിളവെടുപ്പ് വരെയുള്ളവയിൽ വാർഡ്‌ തലത്തിൽ പരിശീലനവും നൽകി. 
വലിയ മുതൽമുടക്കില്ലാതെ ആദായകരമായി ചെയ്യാവുന്ന ഹ്രസ്വകാല വിളകൾ എന്നതാണ് കർഷകരെ ആകർഷിക്കുന്നത്‌. സംഘകൃഷി ഗ്രൂപ്പുകളെ കാർഷിക രംഗത്ത്‌  സജീവമാക്കുകയുമാണ്‌ ലക്ഷ്യം. 
കാർഷികോൽപ്പന്നങ്ങൾ കുടുംബശ്രീയുടെ നാട്ടുചന്ത, അഗ്രി കിയോസ്കുകൾ, വിവിധ മേളകൾ എന്നിവ വഴിയാണ്‌ വിറ്റഴിക്കുക. ഉപഭോക്താക്കൾക്ക് നേരിട്ടും വിൽക്കാം.  പദ്ധതിക്കായി ഇതുവരെ 145  പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണവും ലഭിക്കുന്നുണ്ട്.


deshabhimani section

Related News

0 comments
Sort by

Home